തിരയുക

Vatican News
Poet & Musician Kaithapram Damodaran Namboodiri Poet & Musician Kaithapram Damodaran Namboodiri  

കൈതപ്രത്തിന്‍റെ നല്ലൊരു കവിതയും ഭക്തിഗാനവും

“സ്വര്‍ഗ്ഗം തുറന്നു വന്നു!” : രചന കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംഗീതം സണ്ണി സ്റ്റീഫന്‍, ആലാപനം ബിജു നാരായണന്‍.
കൈതപ്രത്തിന്‍റെ ഗാനം : സ്വര്‍ഗ്ഗം തുറന്നു വന്നൂ... (ശബ്ദരേഖ)

1. കൈതപ്രവും ബിജു നാരായണനും
സണ്ണി സ്റ്റീഫനോടു ചേര്‍ന്നു നടത്തിയ ഒരപൂര്‍വ്വ ഗാനസൃഷ്ടി

മലയാളത്തിന് നല്ലഗാനങ്ങള്‍ നല്കിയിട്ടുള്ള കൈതപ്രം ക്രിസ്തീയ ഗാനരചനയിലും തന്‍റെ അത്യപൂര്‍വ്വ പാടവം പ്രകടമാക്കിയിട്ടുണ്ട്. മലയാളിത്തവും ഭാരതീയ ആത്മീയതയും തിങ്ങുന്ന കവിയുടെ  തനിമയുള്ള പ്രയോഗങ്ങള്‍ സണ്ണി സ്റ്റീഫന്‍ ഈണംപകര്‍ന്ന ഈ ഭക്തിഗാനത്തെ ഏറെ ശ്രദ്ധേയമാക്കുന്നു.  മനോരമ മ്യൂസിക്സ് പ്രകാശനംചെയ്തിട്ടുള്ള സണ്ണിയുടെ സംഗീതസൃഷ്ടികളില്‍, “കരുണാമയന്‍” വാല്യംരണ്ട്, എന്ന ഗാനസമാഹാരത്തിലേതാണ് ഈ ഗീതം.  കൈതപ്രത്തിന്‍റെ വരികളില്‍നിന്നും ഉതിര്‍ക്കൊള്ളുന്ന സണ്ണിയുടെ ഗാനധാര ഹൃദയഹാരിയും പ്രാര്‍ത്ഥനാചൈതന്യം ഉണര്‍ത്തുന്നതുമാണ്. വരികളുടെയും ഈണത്തിന്‍റെയും അന്തസത്തയ്ക്കു ഭംഗംവരാതെ ഗായകന്‍, ബിജു നാരായണന്‍ ഈ ഗാനം അതിമനോഹരമായി ആലപിച്ചിരിക്കുന്നു.

2. ക്രിസ്തീയ ചിന്തകളുടെ തദ്ദേശവത്ക്കരണം
മലയാളത്തിന്‍റെ  കവിയും, സംഗീതജ്ഞനും, സാഹിത്യകാരനും, മാധ്യമപ്രവര്‍ത്തകനുമായ കൈതപ്രത്തിന്‍റെ വ്യക്തിത്വത്തിലെ ഭാരതീയ ആത്മീയത ഈ ഗാനത്തില്‍ തെളിഞ്ഞുകാണാം.

ക്രിസ്തുവില്‍ പൂവിട്ട രക്ഷയുടെ വാഗ്ദാനം :
പല്ലവിയും അനുപല്ലവിയും

“സ്വര്‍ഗ്ഗം തുറന്നുവന്ന പ്രകാശം”,  തിന്മയുടെ അന്ധകാരമകറ്റുന്ന “മഹിതന്‍ ദീപം”,  “വചനം സ്വരൂപമായി എന്‍ ജീവനായവന്‍...” എന്നെല്ലാമാണ്  പല്ലവിയില്‍ കൈതപ്രം ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്.  ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തില്‍ “സൃഷ്ടിയിലുണ്ടാകുന്ന ഏകാത്മഭാവം”, രക്ഷയുടെ “വാഗ്ദാനത്തിന്‍റെ പൂര്‍ത്തീകരണ”മാണെന്ന് കൈതപ്രം അനുപല്ലവിയില്‍  വര്‍ണ്ണിക്കുന്നു. അങ്ങനെ ആദ്യ രണ്ടുപാദങ്ങളില്‍ത്തന്നെ ക്രിസ്തുവിജ്ഞാനീയത്തിന്‍റെ സത്തയാണ്  കവി വിവക്ഷിക്കുന്നത്.

ഒന്നാംചരണത്തിലെ സ്നേഹപ്രഘോഷണം
ക്രിസ്തുവിന്‍റെ പ്രബോധനങ്ങളുടെ കാതലായ സ്നേഹത്തിന്‍റെ “കീര്‍ത്തിക്കലാ”ണ് ഗീതത്തിന്‍റെ ആദ്യചരണം. സ്നേഹം മനുഷ്യഹൃദയങ്ങളില്‍ വിരിയിക്കുന്ന  “നിറവസന്തവും,” ജീവിതപാതയില്‍ അത് “തെളിദീപക”മാകുന്നതും,   വ്യഥയാര്‍ന്ന മനുഷ്യഹൃദയങ്ങള്‍ക്ക്  അതു നല്കുന്ന “പ്രിയസാന്ത്വനവും” കൈതപ്രത്തിന്‍റെ അന്യൂനമായ പ്രയോഗങ്ങള്‍ തന്നെ !

രണ്ടാംചരണം വിവരിക്കുന്ന ദൈവ-മനുഷ്യബന്ധം
“നിന്‍ അനാദിയായൊരാലിന്‍ ശാഖയാണു ഞാന്‍…” എന്നു പ്രയോഗിച്ചുകൊണ്ടാണ് ഈശ്വരനില്‍ വിലയംപ്രാപിക്കേണ്ട മനുഷ്യജന്മങ്ങളെ കവി ഉപമിക്കുന്നത്. തികച്ചും ഭാരതീയ ആദ്ധ്യാത്മികതയും സംസ്ക്കാരികതയും തിങ്ങുന്ന പ്രയോഗങ്ങളാണിവ.   തുടര്‍ന്ന് ദൈവത്തോടു ചേര്‍ന്നുനില്ക്കുന്ന മനുഷ്യജീവിതം “ജീവസൂനമായി പൂവിടുന്നു” എന്നത് രണ്ടാംചരണത്തിലെ രണ്ടാമത്തെ വരിയാണ്.  ക്രിസ്തുവിന്‍റെ ജീവിതരേഖയായി  അരുമശിഷ്യന്‍ യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍,  “മുന്തിരിവള്ളിയോടു ചേര്‍ന്നു നില്ക്കുന്ന ശാഖ”യുടെ ഉപമ സൂചിപ്പിക്കുന്ന ക്രൈസ്തവ ആത്മീയതയിലേയ്ക്കാണ് കൈതപ്രം മെല്ലെ മെല്ലെ അനുവാചകരെ കൊണ്ടെത്തിക്കുന്നത് (യോഹന്നാന്‍ 15, 5).  “ദൈവം തരുന്ന കാരുണ്യമായ ജീവജലം” ആഗിരണംചെയ്തു ജീവിക്കുമ്പോള്‍ “സാഫല്യമണിയുകയായി മമജീവിതം…!” എന്ന അതിശ്രേഷ്ഠമായ ധ്യാനത്തോടെയാണ്  അദ്ദേഹം തന്‍റെ  ഗീതം ഉപസംഹരിക്കുന്നത്.

3. ഗാനം : സ്വര്‍ഗ്ഗം തുറന്നു വന്നു!
പല്ലവി
സ്വര്‍ഗ്ഗം തുറന്നു വന്നു, മഹിതന്‍ ദീപമായ്
വചനം സ്വരൂപമായി അവനെന്‍ ജീവനായ്

അനുപല്ലവി
ഈ സൃഷ്ടി ജലമാകെ ഏകാത്മഭാവമായ് (2)
വാഗ്ദാനമാകെയിന്നു സമ്പൂര്‍ണ്ണമായ്
- സ്വര്‍ഗ്ഗം തുറന്നു...

ചരണം ഒന്ന്
നി‍ന്‍റെ സ്നേഹമെന്‍റെയുള്ളില്‍ കീര്‍ത്തനങ്ങളായ്
ഹൃദയതീരമാകെയിന്നു നിറവസന്തമായ് (2)
പദതാരിലങ്ങേ വചനം തെളിദീപകം
വഴിയാകെ ഒളിതൂവുന്നു പ്രിയസാന്ത്വനം
- സ്വര്‍ഗ്ഗം തുറന്നു...

ചരണം രണ്ട്
നിന്‍ അനാദിയായൊരാലിന്‍ ശാഖയാണു ഞാന്‍
പൂവിടുന്നു നിന്നിലെ ജീവസൂനമായ് (2)
ഒഴുകുന്നു ജീവജലം നിന്‍ കാരുണ്യമായ്
സാഫല്യമണിയുകയായി മമജീവിതം
- സ്വര്‍ഗ്ഗം തുറന്നു...

4. നന്ദിയും അഭിനന്ദനങ്ങളും
മലയാളത്തിന്‍റെ പ്രിയ കവി കൈതപ്രത്തിനും, നല്ല സംഗീതസംവിധായകന്‍ സണ്ണി സ്റ്റീഫനും, ഇഷ്ടഗായകന്‍ ബിജു നാരായണനും നന്ദി! അതുപോലെ ഈ ഗാനസൃഷ്ടിയില്‍ സഹകരിച്ച മറ്റു കലാകാരന്മാരെയും നന്ദിയോടും പ്രാര്‍ത്ഥനയോടുംകൂടെ ഓര്‍ക്കുന്നു!
 

13 January 2019, 13:24