തിരയുക

Vatican News
Italian President, Sergio Mattarella Italian President, Sergio Mattarella   (ANSA)

വിശ്വശാന്തിസന്ദേശം മൂര്‍ച്ചയുള്ളതെന്ന് ഇറ്റാലിന്‍ പ്രസിഡന്‍റ്

രാഷ്ട്രീയ സേവനത്തെക്കുറിച്ചു പ്രതിപാദിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശത്തോടുള്ള പ്രസിഡന്‍റ് സേര്‍ജോ മത്തരേലയുടെ പ്രതികരണം :

- ഫാദര്‍ വില്യം നെല്ലിക്കല്‍

“നന്മയുള്ള രാഷ്ട്രീയം സമാധാന സേവനത്തിന്...”
ജനുവരി 1-ന് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച  “നന്മയുള്ള രാഷ്ട്രീയം സമാധാന സേവനത്തിന്...” എന്ന സന്ദേശം  ആഗോള വ്യാപ്തിയും മൂര്‍ച്ചയുമുള്ളതാണെന്ന്  ഇറ്റാലിയന്‍ പ്രസിഡന്‍റ് സേര്‍ജോ മത്തരേല്ലാ അഭിപ്രായപ്പെട്ടു. ആഗോള സഭ ജനുവരി 1-ന് ആചരിച്ച ലോകസമാധാന ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച സന്ദേശത്തോടു പ്രതികരിച്ചുകൊണ്ടും നവവത്സരാശംകള്‍ നേര്‍ന്നുകൊണ്ടും അയച്ച സന്ദേശത്തിലാണ് പ്രസിഡന്‍റ് മത്തരേല്ലാ ഇങ്ങനെ കുറിച്ചത്.

ആഗോളവ്യാപ്തിയുള്ള  സന്ദേശം
ലോകത്ത് എവിടെയും ഏതു ഭരണാധികാരിക്കും, അയാള്‍ വിശ്വാസിയായാലും അവിശ്വാസിയായാലും പാപ്പായുടെ സന്ദേശം വളരെ ശക്തവും ജനസേവനത്തിന്‍റെ മേഖലയില്‍ കാര്‍ക്കശ്യമുള്ള വെല്ലുവിളികള്‍ നിരത്തുന്നതുമാണെന്ന് പ്രസിഡന്‍റ് മത്തരേലാ പ്രസ്താവിച്ചു. രാഷ്ട്രീയത്തിലെ സമുന്നതമായ ആദര്‍ശങ്ങളാണ് സന്ദേശത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. രാഷ്ട്രങ്ങളില്‍ പൊതുനന്മ വളര്‍ത്തിയെടുക്കാനും, അടിസ്ഥാന മനുഷ്യാവകാശങ്ങളെ ആദരിക്കാനും, ജനങ്ങള്‍ക്കിടയില്‍ കൂട്ടായ്മ വളര്‍ത്താനും സഹായകമാകേണ്ടതാണ് നല്ല രാഷ്ട്രീയം എന്ന ആശയം പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തില്‍ വകസിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

നന്മയുളള രാഷ്ട്രീയ സേവനത്തിനൊരു വെല്ലുവിളി
നല്ല രാഷ്ട്രീയത്തില്‍ സംവാദമുണ്ട്, അത് യുവജനങ്ങളെ ഉത്തേജിപ്പിക്കുന്നതും നല്ല പൗരന്മാരാകാന്‍ അവരെ സഹായിക്കുന്നതുമാണ്. മാത്രമല്ല സമൂഹിക നന്മയ്ക്കായി അത് ഓരോ പൗരന്‍റെയും കഴിവുകള്‍ ഉപയോഗിക്കുന്നതുമാണെന്ന് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തില്‍ വ്യക്തമാക്കുന്നത് ലോകത്തുള്ള സകല രാഷ്ട്രങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വെല്ലുവിളിയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

നല്ല രാഷ്ട്രീയത്തിന്‍റെയും അഴിമതി രാഷ്ട്രീയത്തിന്‍റെയും വ്യത്യാസങ്ങള്‍ എടുത്തുപറയുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശത്തിലെ ചിന്തകളും നിര്‍ദ്ദേശങ്ങളുമായി താന്‍ പൂര്‍ണ്ണമായി യോജിക്കുന്നുവെന്ന് പ്രസിഡന്‍റ് സേര്‍ജോ മത്തരേല്ല കത്തിലൂടെ ഏറ്റുപറഞ്ഞു.

02 January 2019, 19:07