തിരയുക

Vatican News
Islamabad declaration pro religious freedom and equality Islamabad declaration pro religious freedom and equality 

പ്രത്യാശപകരുന്ന “ഇസ്ലാമാബാദ് പ്രഖ്യാപനം”

നീതിനിഷ്ഠരായ ഇസ്ലാം മതനേതാക്കള്‍ ഇസ്ലാമാബാദില്‍ നടത്തിയ പ്രഖ്യാപനം (Declaration of Islamabad) പാക്കിസ്ഥാനില്‍ ഇനിയും യാഥാര്‍ത്ഥ്യമാകേണ്ട മതസ്വാതന്ത്ര്യത്തിന്‍റെ കാഹളം :

- ഫാദര്‍ വില്യം നെല്ലക്കല്‍ 

ഇസ്ലാമാബാദ് പ്രഖ്യാപനം
പാക്കിസ്ഥാനിലെ മൗലികവാദികളും അവരെ അനുകൂലിക്കുന്ന സര്‍ക്കാരും വിവേചനമില്ലാതെ ഇസ്ലാമിക നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതിനോട് വിയോജിപ്പു പ്രകടിപ്പിച്ചുകൊണ്ട്  നീതിനിഷ്ഠരായ മതനേതാക്കള്‍ ജനുവരി 7-‍Ɔο തിയതി തിങ്കളാഴ്ച പാക്കിസ്ഥാന്‍റെ തലസ്ഥാന നഗരമായ ഇസ്ലാമാബാദില്‍ മതസ്വാതന്ത്ര്യത്തിന്‍റെ പ്രഖ്യാപനം (Declaration of Islamabad) നടത്തുകയുണ്ടായി. സ്വാതന്ത്ര്യത്തിന്‍റെ മൗലികമായ കാഴ്ചപ്പാടുകളും ആദര്‍ശങ്ങളും മുറുകെപ്പിടിക്കുന്നതാണ് പണ്ഡിതന്മാരും പക്വതയാര്‍ന്നവരുമായ ഇസ്ലാമിക മതനേതാക്കന്മാര്‍ ഇസ്ലാമാബാദില്‍ നടത്തിയ പ്രഖ്യാപനം.

മുന്‍മന്ത്രി പോള്‍ ഭട്ടിയുടെ പ്രതികരണം
പ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ച് മതത്തിന്‍റെ പേരില്‍ കൊല്ലുന്നത് അന്യായമാണെന്ന്, പാക്കിസ്ഥാന്‍റെ ന്യൂനപക്ഷ വകുപ്പിന്‍റെ മുന്‍മന്ത്രി, പോള്‍ ഭട്ടി പ്രസ്താവിച്ചു. വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന് തിങ്കളാഴ്ച നല്കിയ അഭിമുഖത്തിലാണ് നീതിനിഷ്ഠരായ മുസ്ലീം  മത നേതാക്കളോട് അനുകൂലിച്ചുകൊണ്ട് പാക്കിസ്ഥാനിലെ ജനാധിപത്യത്തില്‍ ഇനിയും യാഥാര്‍ത്ഥ്യമാകേണ്ട അടിസ്ഥാന മതസ്വാതന്ത്ര്യത്തിന്‍റെ നിലപാടു അദ്ദേഹം പ്രകടമാക്കിയത്. മതത്തിന്‍റെ പേരില്‍ പാക്കിസ്ഥാനില്‍ ഇന്നു നടമാടുന്ന അതിക്രമങ്ങള്‍ അക്ഷന്തവ്യമാണെന്ന്, മതസ്വാതന്ത്ര്യത്തിന്‍റെ ഇസ്ലാമാബാദ് പ്രഖ്യാപനത്തോടു അനുകൂലിച്ചുകൊണ്ട് മുന്‍മന്ത്രി, പോള്‍ ഭട്ടി അഭിപ്രായപ്പെട്ടു. അടുത്തകാലത്ത് ലോക ശ്രദ്ധയാകര്‍ഷിച്ച, ആസിയ ബീബി കേസിലേതുപോലെ, ദൈവദൂഷണക്കുറ്റം ചുമത്തി തടങ്കലില്‍ ആരെയും പാര്‍പ്പിക്കാമെന്നും, വിചാരണയില്ലാതെ കൊല്ലാമെന്നുമുള്ള നിയമങ്ങള്‍ അനീതിപരവും കിരാതവുമെന്നും പോള്‍ ഭട്ടി അഭിമുഖത്തില്‍ വിശേഷിപ്പിച്ചു.

മൗലികവാദികളുടെ കൈകളില്‍ പന്താടപ്പെടുന്ന രാഷ്ട്രം
പാക്കിസ്ഥാനിലെ സമുന്നത മതനേതാക്കളെന്നു പറയുന്നവര്‍ രാഷ്ട്രത്തിന്‍റെ മതേതര നിയമങ്ങള്‍ കാറ്റില്‍ പറത്തുകയാണെന്നും, ഭരണകൂടവും മൗലികവാദികളുടെ കൈകളില്‍ പന്താടപ്പെടുകയാണെന്നും പോള്‍ ഭട്ടി ആരോപിച്ചു. യഥാക്രമം 3, 5-ഉം ശതമാനം ക്രൈസ്തവരും ഹിന്ദുമതക്കാരുമുള്ള പാക്കിസ്ഥാനില്‍, ഒരിക്കലും 95 ശതമാനം ഭൂരിപക്ഷമുള്ള മുസ്ലീങ്ങള്‍ക്ക് ന്യൂനപക്ഷങ്ങള്‍ ഭീഷണിയാകുമെന്ന ഭീതി അസ്ഥാനത്താണെന്ന് പോള്‍ ഭട്ടി അഭിപ്രായപ്പെട്ടു.

വെളിച്ചംപകരുന്ന പ്രഖ്യാപനം
തലമൂത്തവരും അറിവുള്ളവരും അ‌ടിസ്ഥാന മനുഷ്യാവകാശ നിയമങ്ങളെ മാനിക്കുന്നവരുമായ പാക്കിസ്ഥാനിലെ ഇസ്ലാമിക പുരോഹിതരുടെ “ഇസ്ലാമാബാദ് പ്രഖ്യാപനം” പ്രത്യാശ പകരുന്നതാണെന്ന് പോള്‍ ഭട്ടി വിശേഷിപ്പിച്ചു. ബഹുവംശീയവും വിവിധ മതന്യൂനപക്ഷങ്ങളുടെയും രാഷ്ട്രമാണ് പാക്കിസ്ഥാനെന്നും, അതിനാല്‍ ന്യൂനപക്ഷങ്ങളായ ഇതര മതസ്ഥരുടെ ജീവനും വസ്തുവകകളും സംരക്ഷിക്കാനുള്ള ഉത്തരവാദിത്ത്വം സര്‍ക്കാരിനുണ്ടെന്നും ഭട്ടിയുടെ അഭിമുഖം വ്യക്തമാക്കുന്നുണ്ട്.

11 January 2019, 12:06