തിരയുക

Vatican News
unrest of Israel palestine conflict unrest of Israel palestine conflict   (AFP or licensors)

നല്ല രാഷ്ട്രീയ നീക്കങ്ങള്‍ സമാധാനത്തിന്‍റെ വഴികളില്‍

“ഒരു നല്ല പുഷ്പം അതിക്രമത്തിന്‍റെ മുള്ളുകള്‍ക്കിടയില്‍ വളരുകയില്ല...” - പാപ്പാ ഫ്രാന്‍സിസ്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഇസ്രായേല്‍-പലസ്ഥീന്‍ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് വത്തിക്കാന്‍
ജനുവരി 22-Ɔο തിയതി ചൊവ്വാഴ്ച യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു നടന്ന ഇസ്രായേല്‍-പലസ്ഥീന്‍ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചു നടന്ന തുറന്ന ചര്‍ച്ചയിലാണ് ആര്‍ച്ചുബിഷപ്പ് ഔസാ വത്തിക്കാന്‍റെ നിലപാടു വ്യക്തമാക്കിയത്. ഇസ്രായേല്‍ -പലസ്തീന്‍ അധികൃതര്‍ മദ്ധ്യപൂര്‍വ്വദേശത്ത് സംവാദത്തിന്‍റെ പാതയില്‍  സമാധാനത്തിനായി പരിശ്രമിക്കണമെന്ന്, ഐക്യരാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബെര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു.

ഉടമ്പടികള്‍ ലംഘിക്കുന്ന നീക്കങ്ങളും  കണക്കില്ലാത്ത മരണവും
നല്ല രാഷ്ട്രീയ നീക്കങ്ങള്‍ സമാധാനത്തിന്‍റെ വഴികളിലായിരിക്കുമെന്നും, ലോലവും സുന്ദരവുമായ ഒരു പുഷ്പത്തിന് അതിക്രമത്തിന്‍റെ മുള്ളുകള്‍ക്കിടയില്‍ വളരാന്‍ വിഷമമാണെന്നുമുള്ള, പാപ്പാ ഫ്രാന്‍സിസിന്‍റെ 2019-ലെ വിശ്വശാന്തി ദിന സന്ദേശത്തിലെ ചിന്ത ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു. സാധ്യമാകുന്ന സമാധാനത്തെ തച്ചുടയ്ക്കുന്നത് അര്‍ത്ഥശൂന്യമായ വെല്ലുവിളികളും, ആക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും,  ഉഭയകക്ഷി ഉടമ്പടികള്‍ ലംഘിച്ചുകൊണ്ടുള്ള ഏകപക്ഷീയമായ നീക്കങ്ങളും, അതു കാരണമാക്കുന്ന പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങളും, നിര്‍ദ്ദോഷികളും സ്വയംസംരക്ഷിക്കാന്‍ കരുത്തില്ലാത്തവരുമായ സാധാരണ പൗരന്മാരുടെ കണക്കില്ലാത്ത മരണവുമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി.

സകലര്‍ക്കും തന്ത്രപ്രാധാന്യമുള്ള രാജ്യങ്ങള്‍
ഇങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ വത്തിക്കാന്‍ അപേക്ഷിക്കുന്നത്, 70 വര്‍ഷങ്ങളായി കീറിമുറിക്കപ്പെട്ട ഇസ്രായേല്‍ പലസ്തീന്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ സംവാദത്തിന്‍റെ പാത പുനര്‍സ്ഥാപിക്കുകയും, വിശുദ്ധനാട്ടിലെ സംഘട്ടനങ്ങള്‍ അവസാനിപ്പിച്ച് സമാധാനത്തിന്‍റെ വഴികളിലൂടെ ഇരുപക്ഷവും ചരിക്കണമെന്നുമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ വ്യക്തമാക്കി. ചരിത്രപരവും മതപരവും, സാംസ്കാരികവുമായി ലോകത്തെ സകലജനതകള്‍ക്കും ഏറെ തന്ത്രപ്രാധാന്യമുള്ള രാജ്യങ്ങളാണ് ഇത്രയേറെ രക്തച്ചൊരിച്ചിലിനും അക്രമങ്ങള്‍ക്കും വിധേയമായി ജീവിക്കുന്നതെന്നത് ഏറെ വേദനാജനകമായ വസ്തുതയാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി.

മനുഷ്യരെ മനുഷ്യരായി കാണേണ്ട നിലപാട്
ഉത്തരവാദിത്വമുള്ള രാഷ്ട്രീയ ചട്ടങ്ങള്‍ പൗരന്മാരുടെ സുരക്ഷയും നന്മയും ഉറപ്പുവരുത്തുന്നതാണ്. അവിടെ വംശമോ ജാതിയോ മതമോ നോക്കാതെ മനുഷ്യരെ മനുഷ്യരായി കാണുന്ന നിലപാടാണ് രാഷ്ട്രനേതാക്കള്‍ കൈക്കൊള്ളേണ്ടത്. അതിനാല്‍ മദ്ധ്യപൂര്‍വ്വദേശത്തെ മാനുഷികാവസ്ഥ ഇരുപക്ഷവും അടിയന്തിരമായി പരിഗണിക്കണമെന്ന അപേക്ഷയോടെയാണ് ആര്‍ച്ചുബിഷപ്പ് ഔസാ വാക്കുകള്‍ ഉപസംഹരിച്ചത്.

24 January 2019, 22:02