തിരയുക

Vatican News
Mary who saw the wonders of the Lord Mary who saw the wonders of the Lord 

ദൈവിക വിസ്മയങ്ങളുടെ ഉര്‍ജ്ജംപകര്‍ന്നവള്‍ മറിയം!

ആഗമനകാലം നാലാംവാരം ഞായറാഴ്ച - വിശുദ്ധ ലൂക്കായുടെ സുവിശേഷം 1, 39-45 വരെ വാക്യങ്ങള്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ആഗമനകാലം നാലാംവാരം വചനചിന്തകള്‍ - ശബ്ദരേഖ

ക്രിസ്തുമസിന്‍റെ  ഉമ്മറപ്പടിയില്‍  നില്ക്കുമ്പോള്‍
ക്രിസ്തുമസിന്‍റെ ഉമ്മറപ്പടയില്‍ നാം എത്തിനില്ക്കുകയാണ് – ആഗമനകാലത്തെ നാലാംവാരം ഞായറാഴ്ച! നസ്രത്തിലെ മറിയത്തെയാണ് ഇന്നു നാം ധ്യാനിക്കുന്നത്. ദൈവത്തിന്‍റെ പദ്ധതിയിലും തിരുഹിതത്തിലും,  വിശ്വാസ പശ്ചാത്തലത്തിലും ദൈവസുതനെ ഗര്‍ഭംധരിച്ചവള്‍, മേരി! ഗലീലിയിലെ നസ്രത്തില്‍നിന്നും ഒരു നീണ്ടയാത്ര ചെയ്ത് യൂദയാ മലമ്പ്രദേശത്തേയ്ക്ക്, തന്‍റെ ചാര്‍ച്ചക്കാരി എലിസബത്തിനെ സന്ദര്‍ശിക്കാന്‍ അവള്‍ പുറപ്പെട്ടുപോകുന്നു. ദൈവദൂതനില്‍നിന്നും മറിയത്തിനു വെളിപ്പെട്ടു കിട്ടിയ വാക്കുകളില്‍, വന്ധ്യയായിരുന്ന എലിസബത്ത് അപ്പോള്‍ ഗര്‍ഭത്തിന്‍റെ ആറാം മാസത്തിലായിരുന്നു (ലൂക്കാ 1, 26-36). തന്‍റെ ഉദരഫലത്തെ ഒരു സമ്മാനമായും അതിലേറെ ദൈവികരഹസ്യമായും സംവഹിച്ചുകൊണ്ടാണ് മറിയത്തിന്‍റെ ഈ യാത്ര. എന്നിട്ട് തന്‍റെ ബന്ധുവിനെ പരിചരിച്ച് മൂന്നുമാസം  മറിയം അയിന്‍-കരിം പട്ടണത്തില്‍ പാര്‍ത്തു.

രക്ഷയുടെ ചരിത്രത്തിലെ പ്രചോദിക
രക്ഷയുടെ ചരിത്രത്തില്‍ മറിയം ആയിരങ്ങള്‍ക്ക് ഇന്നും പ്രചോദനമാണ്. ചാര്‍ച്ചക്കാരി എലിസബത്തിന്‍റെ ഉദരത്തിലെ ശിശുവിനെ ദൈവസ്നേഹത്താല്‍ പ്രചോദിപ്പിച്ച് സന്തോഷത്താല്‍ കുതിച്ചുചാടാന്‍ കരുത്തേകിയത് നസ്രത്തിലെ മറിയമാണ്. ദേവാലയത്തിലെ വയോധികനായ ശിമയോനെ പ്രവചനവരം നല്കി ഉത്തേജിപ്പിച്ചതും, “സകല ജനതകള്‍ക്കുമായി ഒരുക്കിയിരിക്കുന്ന ദൈവത്തിന്‍റെ രക്ഷ യേശുവില്‍ താന്‍ ‍കണ്ടു കഴിഞ്ഞു,” എന്ന് ആനന്ദത്തോടും നിര്‍വൃതിയോടുംകൂടെ പ്രഘോഷിക്കാന്‍ ഇടയാക്കിയതും മറിയം തന്നെയായിരുന്നു (ലൂക്കാ 2, 32). മറിയം ഒന്നിലും ‘നേതൃത്വം നടിക്കാതെ’ രക്ഷയുടെ പദ്ധതിയില്‍ സകലര്‍ക്കും വേണ്ടുന്ന നേതൃത്വത്തിനുള്ള ഊര്‍ജ്ജം പകരുന്നു. അങ്ങനെ മറിയം മറ്റുള്ളവര്‍ക്ക് ധൈര്യംപകരുകയും, സുവിശേഷ ചൈതന്യത്തില്‍ ജീവിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു. സകലത്തിനും ഉപരിയായി വിശ്വാസത്തോടും പ്രത്യാശയോടും  സര്‍ഗ്ഗാത്മകതയോടുംകൂടെ  ജീവിക്കാന്‍ പ്രചോദിപ്പിക്കുന്നു.

ദൈവിക വിസ്മയങ്ങളെ പ്രഘോഷിച്ചവള്‍
മറിയം മുന്നോട്ടു നീങ്ങിയത് തന്‍റെ ജീവിതത്തില്‍ ദൈവം പ്രവര്‍ത്തിച്ച മഹിമാവുകള്‍ പ്രഘോഷിച്ചുകൊണ്ടും ദൈവത്തെ പാടിസ്തുതിച്ചുകൊണ്ടുമാണ്. തന്‍റെ എളിയ ജീവിതത്തില്‍ ദൈവം പ്രവര്‍ത്തിച്ച വന്‍കാര്യങ്ങളാണ് മറിയത്തിന്‍റെ സ്തുതിപ്പ്! തങ്ങള്‍ക്ക് ദൈവത്തെ സ്തുതിക്കാന്‍ യോഗ്യതയോ കരുത്തോ ഇല്ലെന്നു വിചാരിച്ചിരുന്ന ആയിരങ്ങള്‍ക്കാണ് മറിയത്തിന്‍റെ ഗീതം പ്രത്യാശയും പ്രചോദനവും നല്കുന്നത്. മറിയത്തെപ്പോലെ ദൈവികമായ ആശ്ചര്യങ്ങളുടെ മുന്നിലാണ് ഇന്നും നാം ക്രിസ്തുമസ് ആഘോഷങ്ങളോട് ഏറെ അടുത്തെത്തി നില്ക്കുന്നത്.

ചുറ്റുമുള്ള മനുഷ്യര്‍ - ആദ്യവിസ്മയം
എന്തെല്ലാമാണ് ഈ ആശ്ചര്യങ്ങള്‍? ആശ്ചര്യങ്ങള്‍ മൂന്നാണ്. ആദ്യത്തെ ആശ്ചര്യം നമുക്കു ചുറ്റുമാണ്, നമ്മുടെ ജീവിതപരിസരങ്ങളിലെ സഹോദരങ്ങളാണ്. കാരണം ദൈവപുത്രനായ ക്രിസ്തുവിന്‍റെ ജനനത്തോടെ സകലരും ദൈവപുത്രരായിത്തീര്‍ന്നു. അതിനാല്‍ വിശ്വസാഹോദര്യത്തിലേയ്ക്കാണ് ക്രിസ്തുമസ് നമ്മെ നയിക്കുന്നത്. അക്കൂട്ടത്തില്‍ പാവങ്ങളുടെ മുഖവും സര്‍വ്വോപരി നാം കാണേണ്ടതുണ്ട്. കാരണം ദൈവം ഭൂമിയിലേയ്ക്കു വന്നതും നമ്മുടെ മദ്ധ്യേ പാര്‍ത്തതും ദരിദ്രരില്‍ ദരിദ്രനായിട്ടാണ്!

ചരിത്രം - രണ്ടാമത്തെ ആശ്ചര്യം!
വിശ്വാസത്തിന്‍റെ കാഴ്ചപ്പാടില്‍ നോക്കിയാല്‍ അമ്പരപ്പിക്കുന്ന വലിയ ആശ്ചര്യമാണ് ചരിത്രം. നാം ചരിത്രം പഠിക്കുന്നത് മുന്നിലേയ്ക്കല്ല പിറകിലേയ്ക്കാണ്. പിന്നാമ്പുറത്തേയ്ക്കുള്ള വീക്ഷണത്തില്‍ നാം കാണുന്നത്  ചരിത്രത്തിന്‍റെ ഗതിവിഗതികളെ നയിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്ന ശക്തന്മാരെയും സമ്പന്നരെയുമാണ്. അവിടെ എല്ലാം നിയന്ത്രിക്കുന്നത് കമ്പോളവും സമ്പദ് വ്യവസ്ഥിതിയും, പണവും  കച്ചവടവുമൊക്കെയാണ്. സമ്പത്തിന്‍റെ കരുത്താണ് സകലതും നയിക്കുന്നത്, നിയന്ത്രിക്കുന്നത്. എന്നാല്‍ ക്രിസ്തുമസില്‍ ദൈവം ഒരു ചീട്ടുകളിയിലെന്നപോലെ എല്ലാം “കശക്കുന്നു”!  തകിടം മറിയ്ക്കുന്നു. അത് അവിടുത്തെ ശൈലിയാണ്.

മറിയം തന്‍റെ സ്തോത്രഗീതത്തില്‍, Magnificat-ല്‍ അത് വ്യക്തമാക്കുന്നുണ്ട്.
“അവിടുന്നു തന്‍റെ ഭുജംകൊണ്ടു ശക്തിപ്രകടപ്പിച്ചു. ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു. ശക്തന്മാരെ സിംഹാസനത്തില്‍നിന്നും മറിച്ചിട്ടു. എളിയവരെ ഉയര്‍ത്തി. വിശക്കുന്നവരെ അവി‌ടുന്നു വിശിഷ്ട വിഭവങ്ങള്‍കൊണ്ട് സംതൃപ്തരാക്കി, സമ്പന്നരെ വെറുംകൈയ്യോടെ പറഞ്ഞയച്ചു” (ലൂക്കാ 1, 51-53). ഇപ്രകാരം ചരിത്രംതന്നെ നാം കാണുന്ന രണ്ടാമത്തെ ആശ്ചര്യമായി മാറുന്നു.

മൂന്നാമത്തെ ആശ്ചര്യമായി സഭ
സഭയെ വിശ്വാസത്തിന്‍റെ കണ്ണുകളില്‍ നോക്കുമ്പോള്‍ അതൊരു മതസ്ഥാപനം മാത്രമല്ല, അമ്മയുമാണ്. 500 വര്‍ഷങ്ങള്‍ക്കുമുന്‍പ് മൈക്കിളാഞ്ചലോയും ബര്‍ണ്ണീനിയും ചേര്‍ന്ന്, വിശുദ്ധ പത്രോസിന്‍റെ വത്തിക്കാനിലെ മഹാദേവാലയം രൂപകല്പനചെയ്തപ്പോള്‍... ദൈവാലയത്തിന്‍റെ ഉമ്മറത്തേയ്ക്ക് ഇരുപാര്‍ശ്വങ്ങളിലുമായി നീട്ടിപ്പണിതിരിക്കുന്ന സ്തംഭാവലി...  ഇടവും വലവുമുള്ള ഇടനാഴികളിലെ അല്ലെങ്കില്‍ വിശാലമായ പാര്‍ശ്വവഴികളിലെ മേല്‍ക്കൂരയുടെ സ്തംഭാവലി രൂപകല്പനചെയ്തിരിക്കുന്നത്... ദേവാലയത്തിന്‍റെ ഉമ്മറത്തു സമ്മേളിക്കുന്ന പതിനായിരങ്ങളെ ആശ്ലേഷിക്കുന്ന ഒരമ്മയുടെ തുറന്ന കരങ്ങളായിട്ടാണ്.

കാലപ്പഴക്കത്തില്‍ അമ്മയ്ക്ക് ചുക്കിച്ചുളുങ്ങിയ മുഖമുണ്ടാകാമെങ്കിലും, അമ്മ അമ്മയല്ലാതാകുന്നില്ല, സഭ അമ്മയാണ്! വിശ്വാസത്തിന്‍റെ കാഴ്ചപ്പാടിലും ആശ്ചര്യത്തിലും സഭയെ വീക്ഷിച്ചാല്‍ എന്നും ലോകത്ത് തിളങ്ങി നില്ക്കാന്‍ അണിയിച്ചൊരുക്കിയ ക്രിസ്തുവിന്‍റെ നിരവധി ഗുണഗണങ്ങളുള്ള മണവാട്ടിയെയും നമുക്ക് സഭയില്‍ കാണാന്‍ സാധിക്കും. തന്‍റെ സ്നേഹത്തില്‍ ദൈവം അയയ്ക്കുന്ന നിരവധിയായ അടയാളങ്ങള്‍ മനസ്സിലാക്കാനും, അത് വിശ്വസ്തമായി ഉള്‍ക്കൊള്ളാനും തുറവും കരുത്തുമുള്ള ക്രിസ്തുവിന്‍റെ വലിയ സമൂഹവുമാണ് സഭ. എന്നാല്‍ ഈ വിശ്വസ്തത തെറ്റിക്കുന്നവര്‍ക്ക് അല്ലെങ്കില്‍ പാലിക്കാനാവാത്തവര്‍ക്ക് ഒരിക്കലും ക്രിസ്തുവിന്‍റെ സഭയുടെ ഭാഗമായിരിക്കാന്‍ സാദ്ധ്യമല്ല. സന്തോഷത്തോടും വിശുദ്ധിയോടുംകൂടെ ക്രിസ്തുവിനായി കാത്തിരിക്കുന്ന മണവാട്ടിയായ സഭയെ അവിടുന്ന് സ്നേഹത്തോടെ നയിക്കുന്നു. അവിടുന്ന് ലോകത്തിന്‍റെ പ്രത്യാശയുടെ ശബ്ദമായി കൂടെനില്ക്കുകയും ചെയ്യുന്നു.

മാറാനാത്ത! യേശുവേ വേഗം വരൂ!
അതുകൊണ്ട് പ്രത്യേകമായി ഈ ആഗമനകാലത്ത് സഭ പ്രത്യാശയോടെ പ്രാര്‍ത്ഥിക്കുന്നത്, കര്‍ത്താവായ യേശുവേ, അങ്ങു വേഗം വരണമേ! (Maranatha) എന്നാല്‍ അതുപോലെ അമ്മയായ സഭ, തന്‍റെ വാതിലുകള്‍ മക്കള്‍ക്കായി എന്നും തുറന്നുവയ്ക്കുന്നു. തന്‍റെ സ്നേഹത്തിന്‍റെ നീണ്ടകരങ്ങള്‍ മക്കള്‍ക്കായി എന്നും തുറന്നു പിടിക്കുന്ന നല്ല അമ്മയാണ് സഭ! മാത്രമല്ല, മക്കളെ സ്നേഹത്തോടെ സ്വീകരിച്ച് ദൈവിക കാരുണ്യത്തിലേയ്ക്ക് ആനയിക്കാന്‍ പുഞ്ചിരിയുമായി പുറത്തേയ്ക്കു വരുന്ന സ്നേഹപൂര്‍ണ്ണയായ അമ്മയുമാണ് സഭ. ഇതും ക്രിസ്തുമസിന്‍റെ ആശ്ചര്യമാണിത്. ഇന്നും നമ്മുടെ മദ്ധ്യേ ജനിക്കുന്ന ക്രിസ്തുവിന്‍റെ വിസ്മയമാണ് സഭ.

വിസ്മയങ്ങളുടെ  “ദൈവം നമ്മോടുകൂടെ!”
തന്‍റെ തിരുക്കുമാരനെ നല്കുന്നതുവഴി, ക്രിസ്തുമസില്‍ ദൈവം തന്നെത്തന്നെയാണ് നമുക്ക് ആനന്ദമായി  നല്കുന്നത്. ആവാച്യമായ ആനന്ദവും ആശ്ചര്യവും പകരുന്ന ഈ സദ്വാര്‍ത്ത ലോകത്തിനു ലഭിക്കുന്നത് സിയോന്‍ പുത്രിയും ഏറ്റവും വിനീതയും ലാളിത്യമാര്‍ന്നവളും, ദൈവകുമാരന്‍റെ അമ്മയാകാന്‍ ഭാഗ്യവും  ലഭിച്ച കന്യകാനാഥയിലൂടെയാണ്. അഗ്രാഹ്യവും അര്‍ഹിക്കാനാവാത്തതുമായ വിധത്തില്‍ മനുഷ്യകുലത്തിന് രക്ഷ പ്രദാനംചെയ്ത സമ്മാനങ്ങളില്‍ സമ്മാനമായ ക്രിസ്തുവിന്‍റെ ജനനോത്സവത്തിലൂടെ മേല്‍പ്പറഞ്ഞ മൂന്നു അത്ഭുതങ്ങളും – അപരനെയും, ചരിത്രത്തെയും സഭയെയും കൂടുതല്‍ അടുത്തു ഗ്രഹിക്കാന്‍ പരിശുദ്ധ അമ്മ നമ്മെ പ്രാപ്തരാക്കട്ടെ. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച ഈ ആശ്ചര്യങ്ങളെ അഥവാ ദൈവിക വിസ്മയങ്ങളെ കൂടുതല്‍ ഗ്രഹിക്കാന്‍  നമ്മെ പ്രാപ്തരാക്കുന്നു . അതിനാല്‍ സഹോദരങ്ങളിലും, ചരിത്രത്തിലും സഭയിലും ക്രിസ്തുവിനെ ദര്‍ശിച്ചില്ലെങ്കില്‍ നാം ഒരിക്കലും ദൈവത്തിന്‍റെ മഹത്തായ  വിസ്മയങ്ങള്‍ അനുഭവിക്കാനോ ആസ്വദിക്കാനോ പോകുന്നില്ല.

തന്നില്‍ വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളെ കഠിനമാക്കാതെ, നിരന്തരമായി അവയെ നവീകരിച്ചും, ബലപ്പെടുത്തിയും, സകലരുടെയും ഹൃദയത്തില്‍ മുഴങ്ങുന്ന ദൈവസ്നേഹത്തിന്‍റെ സ്പന്ദനം ശ്രവിക്കാന്‍ കരുത്തുനല്കിയും  മറിയം സകലരെയും ഇന്നും നയിക്കുന്നു. അതിനാല്‍  ഭയപ്പെടാതെ നമുക്ക് ദൈവമാതാവിന്‍റെ മാതൃകയില്‍ മുന്നോട്ടു ചരിക്കാം, ദൈവത്തെ സ്തുതിച്ചും, സഹോദരങ്ങളെ സ്നേഹിച്ചും സേവിച്ചും ജീവിക്കാം!

22 December 2018, 16:58