തിരയുക

Vatican News
Blessing of figures of little Jesus - 3rd Sunday of Advent in Vatican Blessing of figures of little Jesus - 3rd Sunday of Advent in Vatican  (ANSA)

മനുഷ്യരുടെ കൂടിക്കാഴ്ചയിലെ ദൈവിക സാന്നിദ്ധ്യം

ക്രിസ്തുമസിന്‍റെ ചിന്താമലരുകള്‍ : നസ്രത്തു മുതല്‍ ആയീന്‍ കരീം വരെയും പിന്നെ അവിടെനിന്നു നസ്രത്തിലേയ്ക്കും മേരി നടത്തിയ യാത്രയുടെ ശബ്ദാവിഷ്ക്കാരം. ഒരു വത്തിക്കാന്‍ റേഡിയോ പരിപാടി:

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ക്രിസ്തുമസ് ചിന്തകളുടെ ശബ്ദാവിഷ്ക്കാരം

ഒരു യാത്രയുടെ തുടക്കം
അങ്ങകലെ രാജവീഥിയിലൂടെ ഒട്ടകക്കൂട്ടങ്ങള്‍ നീങ്ങുന്നത് വീട്ടില്‍നിന്നും അവള്‍ക്ക് കാണാമായിരുന്നു. ഇതാ, അവ അടുത്തെത്തിക്കഴിഞ്ഞു... യാത്രാസംഘമാണ്. ഒരു അമ്പെയ്ത്തു ദൂരം മാത്രം!!. അവള്‍ കണ്ണുകള്‍ കൂര്‍പ്പിച്ചുനോക്കി. ഗലീലിയായില്‍നിന്നും സമറിയായവഴി ജരൂസലേമിലേയ്ക്ക് പോകുന്ന പ്രധാനപാതയിലൂടെ അവര്‍ നീങ്ങുകയാണ്.

“അതേ.. ആ വഴിക്കാണ് എനിക്കും പോകേണ്ടത്…!”

അവര്‍ കച്ചവടക്കാരാകാം. തീര്‍ത്ഥാടക സംഘവുമാകാം. ആരാണെങ്കിലും സൂക്ഷിക്കണം എന്ന ഉള്‍ക്കരുതലോടെ അവള്‍ ഒറ്റക്കുതിപ്പിന് യാത്രാസംഘത്തിലെത്തി. അവര്‍ യാത്ര തുടര്‍ന്നു.

പാറക്കെട്ടുകള്‍ക്കിടയിലുള്ള ചരല്‍പ്പാതയിലൂടെ പകല്‍ മുഴുവന്‍ അവര്‍ യാത്രചെയ്തു. അവളും യാത്രാസംഘത്തിന്‍റെ ഭാഗമായി.. രാത്രിയായപ്പോള്‍ ഒട്ടകപ്പുറത്ത് കയറിയിരുന്ന് വിശ്രമിക്കാന്‍ അല്പം ഇടംകിട്ടി. പാതിമയക്കത്തില്‍ സ്വര്‍ണ്ണച്ചിറകുള്ള മാലാഖമാരെ അവള്‍ സ്വപ്നം കണ്ടു. ഗലീലിയായിലെ ജസ്രേല്‍താഴ്വരയും, സമറിയായിലെ ഗരിസിം മലനിരയും കടന്ന് യൂദയായു‌ടെ വടക്കെ അതിര്‍ത്തിയിലുള്ള മലമ്പ്രദേശത്തെത്തിയപ്പോള്‍ അങ്ങകലെ കുന്നിന്‍ മുടിയില്‍ മഞ്ഞില്‍പുതച്ചു കിടക്കുന്ന ചെറുപട്ടണം ചൂണ്ടിക്കാണിച്ചുകൊണ്ട് സംഘത്തലവന്‍ വിളിച്ചുകൂവി.

മേരി ആയീന്‍ കരീം ഗ്രാമത്തില്‍
 “കുട്ടീ, ഇവിടെ ഇറങ്ങിക്കോളൂ. ആ കാണുന്നതാണ് നിനക്ക് പോകേണ്ടിടം.
നേരെ കാണുന്ന നടപ്പാതയിലൂടെ മുന്നേറിയാല്‍ നീ പറഞ്ഞ ആയീന്‍ കരീം ഗ്രാമത്തില്‍ എത്തിച്ചേരും... ദാ, ഇവിടെനിന്നു തന്നെ കാണാമല്ലോ.!”
അവള്‍ ഒട്ടകപ്പുറത്തുനിന്നും മെല്ലെ ഇറങ്ങി  (എന്നിട്ടു പറഞ്ഞു).
ജെസ്റീല്‍, താങ്കള്‍ക്കു നന്ദി!
ഇനിയും ശുഭയാത്ര നേരുന്നു... ജരൂസലേംവരെ...!
ദൈവം നിങ്ങളുടെ കൂടെയുണ്ടായിരിക്കട്ടെ!
മിഴിനീരിന്‍റെ നനവുള്ള യാത്രാമൊഴികള്‍!!

ഒട്ടകക്കൂട്ടം ജരൂസലേമിനെ ലക്ഷ്യമാക്കി പിന്നെയും മുന്നോട്ടു നീങ്ങി.
കാട്ടുപൂക്കള്‍ ചിതറിക്കിടക്കുന്ന ഒറ്റയടിപ്പാത. ഒരു മൂളിപ്പാട്ടിന്‍റെ ഈണംപോലെ അവള്‍ നടന്നു നീങ്ങി...ആയീന്‍കരിം…! ഗ്രാമം ഉറക്കമുണരുന്നതേയുള്ളൂ.!!! ആട്ടിന്‍പറ്റത്തിന്‍റെ മുശുക്കുമണവും പശുക്കിടാങ്ങളുടെ കരച്ചിലും ഉയരുന്നൊരു വീട്ടുമുറ്റത്തേയ്ക്കവള്‍ കാല്‍വെച്ചപ്പോള്‍ത്തന്നെ ഓര്‍മ്മവന്നു.
ചെറുപ്പത്തില്‍ അമ്മയ്ക്കൊപ്പം വന്നിട്ടുള്ള ഇടം...
ഹായ്... അതുപോലെ തന്നിരിക്കുന്നല്ലോ!

കൂടിക്കാഴ്ചയിലെ  ദൈവികസാന്നിദ്ധ്യം
എലിസബത്ത് അപ്പോള്‍ ഗോവണിയിറങ്ങി വരികയായിരുന്നു. ചെറുപ്പക്കാരിയുടെ ആഗമനം കണ്ട്, അതും ഈ കൊച്ചുവെളുപ്പാം കാലത്തെ..., എലിസബത്ത് ആശ്ചര്യത്തോടെ അവളെ അഭിവാദനംചെയ്തു.
മേരീ....  മകളേ, സമാധാനം നിന്നോടുകൂടെ! (ലൂക്കാ 1, 40).
അവള്‍ ഓടിച്ചെന്ന് എലിസബത്തിനെ കെട്ടിപ്പുണര്‍ന്നു. വിളറിവെളുത്ത് വയറുന്തിനില്ക്കുന്ന എലിസബത്ത്! ഒരു മിന്നല്‍പ്പിണര്‍ ചുറ്റിവരിഞ്ഞതുപോലെ!! അവള്‍ ആദ്യമൊന്നു പിടഞ്ഞു. നിമിഷങ്ങള്‍ കഴിഞ്ഞില്ല, സ്വര്‍ഗ്ഗീയമായ ഒരനുഭൂതി തന്നില്‍ അലകള്‍ ഞൊറിയുന്നതായി എലിസബത്തിനു തോന്നി. ദിവ്യമായ ഏതോ ശക്തിയുടെ തിരയൊഴുക്കില്‍ അവളുടെ പ്രായം പടംകൊഴിഞ്ഞു വീണപോലെ! രക്തമിരച്ചുകയറി! കവിള്‍ത്തടത്തിലെ ചുളിവുകള്‍പോലും, ആരോ ആ നിമിഷത്തില്‍ തേയ്ച്ചുമായ്ച്ചു കളഞ്ഞതുപോലെ അവള്‍ ആനന്ദപരവശയായ് വിളിച്ചുപറഞ്ഞു.

എന്‍റെ കര്‍ത്താവിന്‍റെ അമ്മ
എന്‍റെ അടുക്കല്‍ വരുവാനുള്ള ഭാഗ്യം
എനിക്കെങ്ങനെ ലഭിച്ചു. (ലൂക്കാ 1, 43).

വികാരസ്തബ്ധയായി മേരി കരഞ്ഞുപോയി. അപ്പോള്‍ അവളുടെയും അന്തര്‍ഗതം വാചാലമായി...ഹൃദയത്തില്‍ സംഗ്രഹിച്ചുവച്ചൊരു രഹസ്യം! അമ്മയെയും,
ജോസഫിനെയും പോലും  ഇനിയും അറിയിക്കാത്ത പരമമായ രഹസ്യം.
അതെങ്ങനെ എലിസബത്ത് അറിഞ്ഞു!?! ആരായിരിക്കും ആ രഹസ്യത്തിന്‍റെ
ചുരുളഴിച്ചത്. ഒരു പക്ഷെ ദൈവാത്മാവായിരിക്കുമോ?
സര്‍വ്വജ്ഞനും സര്‍വ്വശക്തനും സര്‍വ്വത്തിലുംനിറഞ്ഞു നില്ക്കുന്നവനുമായ
ദൈവപുരുഷന്‍ തന്നെയായിരിക്കുമോ എലിസബത്തിന്‍റെ അന്തര്‍നേത്രങ്ങള്‍ തുറന്നത്?

അത്ഭുതംകൂറി മേരി നോക്കിനില്ക്കെ എലിസബത്തിന്‍റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു. അവരുടെ കുഴിഞ്ഞ കവിള്‍ത്തടത്തിലൂടെ കണ്ണീരൊഴുകി. ആനന്ദക്കണ്ണീര്‍!! എലിസബത്തിന്‍റെ ചുണ്ടുകളിലും പിന്നെ നിര്‍വൃതി പൂക്കുന്നു.

നിന്‍റെ അഭിവാദനസ്വരം എന്‍റെ കാതുകളില്‍ എത്തിയപ്പോള്‍  എന്‍റെ ഗര്‍ഭത്തിലെ ശിശു സന്തോഷംകൊണ്ട് തുള്ളിച്ചാടി ( ലൂക്ക 1, 44).

ദൈവികപദ്ധതിയിലെ  ഭാഗ്യവതി!
ഇപ്പോള്‍ മേരിക്ക് എല്ലാം ബോധ്യമാവുകയാണ്. തന്‍റെ ചാര്‍ച്ചക്കാരിയെ പരിചരിക്കാന്‍ ആയീം കരീമില്‍ എത്തിയതിന് ഒരു പ്രത്യേക നിയോഗമുണ്ടായിരുന്നു. അതിനായിരുന്നു രാത്രിക്കുരാത്രി താന്‍ വീടുവിട്ടിറങ്ങിയോടിയത്! തന്നെ കണ്ടമാത്രയില്‍ എലിസബത്തിന്‍റെ ഗര്‍ഭത്തിലെ കുഞ്ഞ് കുതിച്ചുതുള്ളി. അത് വിശുദ്ധീകരണമാണ്! തന്നില്‍ അലിഞ്ഞിറങ്ങിയ ദൈവാത്മാവിന്‍റെ സ്വരം, തന്നില്‍ ഉണര്‍ന്നുപാടിയ പുരുഷസൂക്തം ഗര്‍ഭത്തില്‍വച്ചുതന്നെ എലിസബത്തിന്‍റെ കുഞ്ഞിനെയും വിശുദ്ധീകരിച്ചിരിക്കുന്നു! അതിന്‍റെ കാരണവും വെളിപ്പെട്ടിരിക്കുന്നു. ആ കുഞ്ഞാണു വിമോചകനും രക്ഷകനും നാഥനുമായവനു വഴിയൊരുക്കേണ്ടത്!

പെട്ടെന്ന് മേരിയുടെ നിഷ്ക്കളങ്കഭാവം മാഞ്ഞുപോയി. അവളുടെ മുഖം കനലാളുംപോലെ ചുവന്നു തുടുത്തു. ഒരു പ്രവാചകയുടെ ചടുലഭാവത്തില്‍, കാലത്തിനും അപ്പുറത്തേയ്ക്ക് അവള്‍ ഹൃദയതാളത്തില്‍ വിളിച്ചുപറഞ്ഞു.
സകല തലമുറകളും ഇനിമുതല്‍ എന്നെ ഭാഗ്യവതിയെന്നു വിളിക്കും
നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തിനോടും അവിടുത്തെ സന്തതികളോടും ദൈവം എന്നേയ്ക്കുമായി ചെയ്ത വാഗ്ദത്തം...! (ലൂക്കാ, 48-55).

വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണം
അത്രയുമായപ്പോള്‍ മേരി പൊട്ടിക്കരഞ്ഞുപോയി. ആ വാഗ്ദത്തം തന്നില്‍ നിറവേറിയിരിക്കുന്നു!കാലചക്രം മുന്നോട്ടു നീങ്ങി.
ശുശ്രൂഷയുടെ ദിനങ്ങള്‍ കഴിഞ്ഞു. എലിസബത്ത് പ്രസവിച്ചു. കുഞ്ഞിന് –‘യോഹന്നാന്‍’ എന്ന് അവര്‍ പേരിട്ടു. ഇനി തനിക്കു മടങ്ങാം. മേരി തീരുമാനിച്ചു.
യാത്രയുടെ തലേരാത്രി. വീട്ടുവളപ്പിലെ മുന്തിരിപ്പടര്‍പ്പിന്‍റെ ചോട്ടില്‍ രണ്ട് അമ്മമാര്‍. ഒരാള്‍ വിമോചകന്‍റെയും, മറ്റേയാള്‍ വഴിയൊരുക്കുന്നവന്‍റെയും....!! മേരിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
പിതാവാരെന്ന് ചൂണ്ടിക്കാണിക്കാന്‍ ആവാത്തൊരു കുഞ്ഞിനെ താന്‍ ഗര്‍ഭത്തില്‍ പേറുന്നു.
മൂന്നു മാസം കഴിഞ്ഞിരിക്കുന്നു. തന്‍റെ നിര്‍ദ്ദിഷ്ടവരന്‍ ജോസഫിനോടെന്തു പറയും?
തന്‍റെ കഥ ജോസഫ് വിശ്വസിക്കുമോ? ഈ ലോകത്തില്‍ ഏതെങ്കിലും പുരുഷന്‍ വിശ്വസിക്കുമോ? വേണ്ട! തന്‍റെ അമ്മ അന്ന വിശ്വസിക്കുമോ?

വീടുവിട്ടിറങ്ങിയ രാത്രി. ആരോ തന്നെ എടുത്തുയര്‍ത്തി, ഒരു കാണാക്കവിതപോലെ കാറ്റിന്‍റെ ചിറകിലേറ്റി നസ്രത്തില്‍നിന്നും ആയീന്‍ കരീമില്‍ എത്തിച്ചതുപോലെ! ഓര്‍ക്കുന്നില്ലേ! ഇവിടെ വന്നതിനുശേഷമായിരുന്നല്ലോ എലിസബത്തിന്‍റെ ഭര്‍ത്താവ്, സഖറിയ അങ്ങ് നസ്രത്തില്‍ അമ്മയെ എന്‍റെ വരവിനെക്കുറിച്ച് വിവരം അറിയിച്ചത്. അമ്മയും ജോസഫും എന്തൊക്കെ ധരിച്ചുകാണും. തന്‍റെ ഒളിച്ചോട്ടത്തിന്‍റെ കയ്പ്പിറക്കാന്‍ അവര്‍ എത്ര വിഷമിച്ചുകാണും. ഇനി ഈ അവസ്ഥയില്‍ മടങ്ങിച്ചെല്ലുമ്പോഴോ....!? 
മേരി എങ്ങലടിച്ചു കരഞ്ഞു. എലിസബത്ത് അവളെ മാറോടണച്ചു.

സമയമാകുമ്പോള്‍ ദൈവം ഇടപെട്ടുകൊള്ളും. ദൈവഹിതംപോലെ എല്ലാം നിന്നില്‍ നിറവേറും. മകളേ, മേരീ... ശാന്തമാകൂ!! നീ ദൈവത്തില്‍ ശരണപ്പെടൂ!! ദൈവം നിന്‍റെകൂടെയുണ്ട്. സ്ത്രീകളില്‍ നീ അനുഗൃഹീതയാണ്!

അങ്ങകലെനിന്ന് ഏതോ പഥികന്‍റെ പാട്ട്! ആയീം കരിം കുന്നില്‍ തട്ടി പ്രതിധ്വനിച്ച് അതവിടെ കേള്‍ക്കാറായി. വരികളില്‍ സാന്ത്വനത്തിന്‍റെ സുഗന്ധമുണ്ടായിരുന്നു.
ഭയപ്പെടേണ്ട.... ഭയപ്പെടേണ്ട!!!
ഞാന്‍ നിന്‍റെ കൂടെയുണ്ട്! (ഏശയാ 41, 10).

മേരി നസ്രത്തിലേയ്ക്കു മടങ്ങുന്നു
എലിസബത്തിന്‍റെ ഭര്‍ത്താവ്, സഖറിയ ജരൂസലേം ദേവാലയത്തിലെ പുരോഹിതനാണ്. നല്ല പരിചയമുള്ള ഒരു യാത്രസംഘത്തോടൊപ്പം അയാള്‍ മേരിയെ നസ്രത്തിലേയ്ക്ക് യാത്രയാക്കി. യൂദയായുടെ വടക്കന്‍ അതിര്‍ത്തിയിലുള്ള അരുവി മുറിച്ചുകടന്ന് അവര്‍ സമറിയ വഴി പിന്നെ, യൂദയായിലേയ്ക്കു നീങ്ങി..
എന്താ, മേരി ക്ഷീണിച്ചോ....!? അതാ, നോക്കിയേ....!!!
ദാ..കാണുന്നത്..സമറിയ! പണ്ട് ഇസ്രായേലിന്‍റെ തലസ്ഥാനമായിരുന്നു.
അന്ന് ആഹാബ് രാജാവ് പണികഴിപ്പിച്ച ദന്തഗൃഹം ഇപ്പോള്‍
ഇടിഞ്ഞുപൊളിഞ്ഞു കിടക്കുകയാണ്. 
അതിനിരികിലൂടെയാണ് നാം പോകുന്നത്.

യാത്രാസംഘം മലനിരക്ക് ഇറങ്ങി, പിന്നെ വടക്കോട്ടു നീങ്ങി...
സന്ധ്യമയങ്ങിയപ്പോള്‍തന്നെ എല്ലാവരും പാതി മയക്കത്തിലായി.
എലിസബത്ത് പൊതിഞ്ഞു കൊടുത്ത റൊട്ടിയും പാല്‍ക്കട്ടിയും ഇലവര്‍ഗ്ഗങ്ങളും ഒലിവെണ്ണയുമെല്ലാം മേരി മറ്റുളളവരുമായി പങ്കുവച്ചു. പിന്നെ ദാഹം ശമിപ്പിക്കാന്‍ തുരിത്തിയില്‍ കരുതിയ വെള്ളവും ഉണ്ടായിരുന്നു. അത് നക്ഷത്രങ്ങള്‍ ഇല്ലാത്തൊരു രാത്രിയായിരുന്നു.

നാബോത്തിന്‍റെ മുന്തിരിത്തോപ്പും കടന്ന്... നസ്രത്ത്
മേരി നേരം വെളുപ്പിക്കാന്‍ കാത്തിരുന്നു.  കിഴക്കു വെള്ളകീറിയപ്പോഴേയ്ക്കും...
ദാ, നോക്കിയേ!!! അങ്ങു ദൂരെ പച്ചപ്പുനിറഞ്ഞ താഴ്വര കണ്ടോ...... ഗലീലിയാ!!
കണ്ടോ?!! പിന്നെ അടുത്തു കാണുന്ന മുന്തിരിത്തോപ്പ് നാബോത്തിന്‍റെതാണ്..
മുന്തിരിത്തോപ്പ് കടന്നപ്പോള്‍... തിരുവെഴുത്തിലെ ആഹാബ് രാജാവിന്‍റെ കഥ മേരിയുടെ ഓര്‍മ്മയില്‍ തെളിഞ്ഞുവന്നു.

ഗലീലിയയിലുണ്ടായിരുന്ന നാബോത്തിന്‍റെ പുഷ്ടിയുള്ള മുന്തിരത്തോട്ടത്തില്‍ ആഹാബ് രാജാവ് കണ്ണുവച്ചു. തന്‍റെ പിതൃസ്വത്ത് വില്ക്കാന്‍ വിസമ്മതിച്ച നാബോത്തിന്‍റെമേല്‍ രാജ്ഞി ജെസബേല്‍ വ്യാചാരോപണം നടത്തി കല്ലെറിഞ്ഞു കൊന്നു...!! (1 രാജാക്കന്മാര്‍ 21). 
രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തില്‍ ചെറുപ്പംമുതലേ വായിച്ചു കേട്ടിട്ടുള്ള സംഭവം മേരിയുടെ മനസ്സിലൂടെ കടന്നുപോയി.... എന്നാല്‍ ഇന്നാസംഭവത്തിന്‍റെ ഓര്‍മ്മയില്‍ അവള്‍ ഭയന്നു വിറച്ചു. 
താന്‍ പതിതയാണെന്ന് അറിയുമ്പോള്‍ തന്നെയും യഹൂദനിയമം കല്ലെറിഞ്ഞു കൊല്ലും! അതു ചിലപ്പോള്‍ നസ്രത്തിലെ സിനഗോഗു പരിസരത്തായിരിക്കാം... ചോരവാര്‍ന്ന് വിവശയായി ഓടുന്ന തന്നെ നോക്കിനില്ക്കാന്‍ അമ്മയ്ക്കാകുമോ?! അതു കാണുവാന്‍ ജോസഫ് കാത്തുനില്ക്കുമോ....? ഇല്ല! ഇല്ല!... ഓ... വേണ്ട... വേണ്ട...!! ഇല്ല! ഇല്ല...

മേരി ഒട്ടകപ്പുറത്തിരുന്ന് ‍ഞെട്ടി, വേഗം താഴേയ്ക്കിറങ്ങി.
അവള്‍ അറിയാതെ പൊട്ടിക്കരഞ്ഞു.
യാത്രാസംഘത്തിലുള്ളവര്‍ അവള്‍ക്കുചുറ്റും ഓടിക്കൂടി.

ഓ! കുഞ്ഞേ... എന്തു പറ്റി..?? മേരീ...
എന്തുപറ്റി നിനക്ക്!??
മേരി കുനിഞ്ഞ് തന്‍റെ കാല്‍വെള്ളയില്‍നിന്നും ഒരു ചെറിയമുള്ളു വലിച്ചൂരി...
ഓ... ഒരു കുഞ്ഞുമുള്ള്  കാലില്‍ തറച്ചു!...
സാരമില്ല!

പിന്നെ ആരുമൊന്നും ഉരിയാടിയില്ല!..
നിശ്ശബ്ദതയുടെ ഏതാനും വിനാഴികകള്‍കൂടി താണ്ടിയപ്പോള്‍....സന്ധ്യമയങ്ങാറായി. ഇതാ, നസ്രത്ത് ഗ്രാമം. മേരി അവിടെയിറങ്ങി...
മകളേ, നീ മിടുക്കിയാണ്! കണ്ടതില്‍ ഏറെ സന്തോഷം....എല്ലാം നന്നായി ഭവിക്കട്ടെ!!
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ!
ദൈവം നിന്നെ കാക്കട്ടെ! മേരീ...!!
നിന്‍റെ ഉദരഫലം അനുഗൃഹീതമാവട്ടെ!

ഇമ്മാനുവേല്‍... ദൈവം നമ്മോടുകൂടെ...!
പടിഞ്ഞാറ് സൂര്യന്‍ വര്‍ണ്ണരാജിവിരിച്ചു. ഗലീലിയ തിരയും തീരവും സായംസന്ധ്യയുടെ ചുവപ്പണിഞ്ഞു തിളങ്ങിനിന്നു. യാത്രാസംഘം പിന്നെയും മുന്നോട്ടു നീങ്ങി. ഗലീലിയാ പട്ടണത്തിലേയ്ക്ക്... നസ്രത്തിലെ തച്ചന്‍, ജോസഫിന്‍റെ വീടാണത്. തൊട്ടുമുട്ടി അടഞ്ഞു കിടക്കുന്ന പണിശാല. ശയനമുറിയില്‍ ശരറാന്തല്‍ മുനിഞ്ഞു കത്തുന്നത് പുറത്തുനിന്നും കാണാം. ജോസഫ് ഇനിയും ഉറങ്ങിയിട്ടില്ല. അതോ, പാതിയുറക്കത്തിലോ!  മനസ്സ് അസ്വസ്ഥമായി അയാള്‍ കിടക്കയില്‍ അങ്ങുമിങ്ങും മറിയുകയാണ്. തിരുവെഴുത്തുകള്‍ അരികില്‍ ചിതറിക്കിടക്കുന്നു. ദൈവവചനം എന്നും ആ മനുഷ്യന് അഭയമായിരുന്നു. പക്ഷെ ഈ രാത്രിയില്‍.... എന്തോ...!!?

ജോസഫ് കിടക്കയില്‍ അസ്വസ്ഥനാണ്. പെട്ടെന്ന് ഒരു കുളിര്‍ക്കാറ്റ്, കാറ്റ് എവിടെനിന്നോ അയാളെ തഴുകിയെത്തി. കാറ്റിന്‍റെ ചിറകിലേറി ആരോ തന്‍റെ ഭവനത്തില്‍ പറന്നിറങ്ങിയപോലെ... പിന്നെ ആര്‍ദ്രമായ സ്വരത്തില്‍ ആരോ മന്ത്രിച്ചു. 
ദാവീദിന്‍റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍
നീ ശങ്കിക്കേണ്ട. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്.
അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.
എന്തെന്നാല്‍ അവന്‍ തന്‍റെ ജനത്തെ പാപങ്ങളില്‍നിന്നും മോചിപ്പിക്കും (മത്തായി 1, 20-22).
സ്വപ്നത്തില്‍നിന്നും ഉണര്‍ന്നതുപോലെ ജോസഫ് കണ്ണു തുറന്നു. കാറ്റിന്‍റെ കൈകള്‍ നിവര്‍ത്തിയിട്ട ചുരുളില്‍ അയാളുടെ മിഴികളുടക്കി. ഇമ്മാനുവേല്‍ പ്രവചനം.

കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള “ഇമ്മാനുവേല്‍”
എന്നവന്‍ വിളിക്കപ്പെടും (ഏശയ 7, 14).

-----------------------------------------------------------------
ശബ്ദാവിഷ്ക്കാരം
ജോളി അഗസ്റ്റിന്‍, സിസ്റ്റര്‍ റോസ്, ജോയ്ക്കുമാര്‍, വിന്‍സന്‍റ് രാജ്, ജോര്‍ജ്ജ് സുന്ദരം, നെല്‍സണ്‍ ഫെര്‍ണാണ്ടസ്, ഫാദര്‍ വില്യം നെല്ലിക്കല്‍ എന്നിവരാണ്.

 പരിപാടിയിലെ ഗാനം അമല്‍ദേവ് നയിക്കുന്ന Sing India ഗായകസംഘം ആലപിച്ചത് !
ഗാനരചന പീറ്റര്‍ മൂഞ്ഞപ്പിള്ളി. സംഗീതം ജെറി അമല്‍ദേവ്.

23 December 2018, 15:01