Cerca

Vatican News
Gratefully to God who loves and gives us all. നന്ദിയോടെ എല്ലാം തരുന്ന ദൈവസന്നിധിയില്‍ 

ദൈവസ്നേഹത്തില്‍നിന്നും ഉതിരുന്ന കാരുണ്യം

സങ്കീര്‍ത്തനം 89-ന്‍റെ പഠനം - രണ്ടാം ഭാഗം : വചനവീഥി - ബൈബിള്‍ പഠനപരമ്പരയില്‍നിന്ന്

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സങ്കീര്‍ത്തനം 89-ന്‍റെ പഠനം - രണ്ടാം ഭാഗം

ഴിഞ്ഞ ഭാഗത്ത്  നാം 89-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം ആരംഭിച്ചു. പദങ്ങള്‍ പരിചയപ്പെടുവാന്‍ പരിശ്രമിക്കുകയായിരുന്നു. ദൈവത്തെ രാജാവായി സ്തുതിക്കുന്ന കൃതജ്ഞതാ ഗീതമാണിതെന്ന് നാം കണ്ടു. എന്നാല്‍ നീണ്ട ഈ ഗീതത്തിന്, 52 പദങ്ങളുള്ള ഗീതത്തിന് സ്തുതിപ്പ്, അരുളപ്പാട്, വിലാപം എന്നിങ്ങനെ മൂന്നു ഭാവങ്ങളുള്ളതായും നാം മനസ്സിലാക്കി. ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവിനെപ്പറ്റിയാണ് സങ്കീര്‍ത്തകന്‍ സംസാരിക്കുന്നത്. അവിടുത്തെ കാരുണ്യവും അതുലതയും സൃഷ്ടവസ്തുക്കളിന്മേലുള്ള കര്‍ത്തൃത്വവും ഇവിടെ പ്രകീര്‍ത്തിക്കപ്പെടുന്നു. എല്ലാ അധികാരവും ശക്തിയും അത്യുന്നതനു വിധേയമാണ്.

ഈ പരമ്പരയിലെ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.
ആലാപനം രമേഷ് മുരളിയും സംഘവും.

Psalm 89 musical version
കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ
കാരുണ്യം പ്രകീര്‍ത്തിക്കും, കാരുണ്യം പ്രകീര്‍ത്തിക്കും.

ദാവീദിനോടും വംശത്തോടും ചെയ്ത വാഗ്ദാനങ്ങള്‍ ഇവിടെ വിവരിക്കുന്നുണ്ട്. ഉടമ്പടിവഴി ദൈവം ദാവീദുവംശജരായ രാജാക്കന്മാരിലൂടെ ഭൂമിയെ ഭരിക്കുന്നു. പിന്നീ‍ട് ദാവീദുഗോത്രജനായ ക്രിസ്തുവഴി ലോകത്തിനു രക്ഷ്യയും പ്രദാനംചെയ്യുന്നതും, ദൈവരാജ്യത്തിന്‍റെ ഭരണം ഭൂമിയില്‍ തുടരുന്നതും നമുക്ക് ഗീതത്തിന്‍റെ വ്യാഖ്യാനത്തിലൂടെ ഈ പ്രക്ഷേപണത്തില്‍ മനസ്സിലാക്കാം.

ദാവീദിന്‍റെ പുത്രനായിട്ടാണ് പുതിയ നിയമം ക്രിസ്തുവിനെ കാണുന്നത് (നടപടി 13, 23). ദൈവം ദാവീദിനോടു ചെയ്ത വാഗ്ദാനം ഇവിടെ നിറവേറുന്നു. ഈശോയുടെ ഉത്ഥാനത്തില്‍ പ്രവചനങ്ങള്‍ പൂര്‍ത്തിയാകുന്നു. അവിടുന്ന് ആദ്യ ജാതനാണ്, മൃതരില്‍നിന്നുള്ള ആദ്യ ജാതന്‍. അവിടുന്നിലാണ് തിരഞ്ഞെടുക്കപ്പെട്ടവന്‍റെ തിരസ്ക്കരണത്തിന്‍റെ രഹസ്യം പൂര്‍ത്തിയാകുന്നത്. അങ്ങനെ ഈ സങ്കീര്‍ത്തനം ക്രിസ്തുവിന്‍റെ രാജ്യത്തെപ്പറ്റിയുള്ള, ക്രിസ്തുവിന്‍റെ സഭയെപറ്റിയുള്ള പ്രവചനമാണ്.

Pslam recitation
കര്‍ത്താവരുള്‍ ചെയ്യുന്നു,
എന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരുമായി ഞാന്‍ ഒരുടമ്പടി ഉണ്ടാക്കി,
എന്‍റെ ദാസനായ ദാവീദിനോടും ഞാന്‍ ശപഥം ചെയ്തു.
നി‍ന്‍റെ സന്തതികളെ എന്നേയ്ക്കുമായി ഞാന്‍ ഉറപ്പിക്കും,
നിന്‍റെ സിംഹാസനം തലമുറകളോളം ഞാന്‍ നിലനിര്‍ത്തും.

‍1-4 ദൈവ-മനുഷ്യബന്ധത്തിന്‍റെ കാതല്‍ - ദൈവത്തിന്‍റെ അനുസ്യൂതമായ സ്നേഹവും അതില്‍നിന്ന് ഉരുത്തിരിയുന്ന നിരന്തരമായ കാരുണ്യവും അനന്തമായ വിശ്വസ്തതയുമാണ്.

മനുഷ്യഹൃദയത്തിന്‍റെ ആഗാധത്തില്‍നിന്നും പ്രകീര്‍ത്തിക്കേണ്ടത് ദൈവത്തിന്‍റെ സ്നേഹവും കാരുണ്യവും വിശ്വസ്തതയുമാണ്. നാം കേള്‍ക്കുന്നതും കാണുന്നതും അനുഭവിച്ചറിയുന്നതും മറ്റൊന്നല്ല. ദാവീദി‍ന്‍റെ തിരഞ്ഞെടുപ്പിലും ഉയര്‍ച്ചയിലും എല്ലാം തെളിഞ്ഞു കാണുന്നത് ഈ ദൈവിക കാരുണ്യമാണ്.  മനുഷ്യജീവിതത്തില്‍ ദൈവത്തിന്‍റെ കാരുണ്യം ഇന്നുമുണ്ടെന്ന് അനുസ്മരിപ്പിച്ചുകൊണ്ട് ഇതാ, പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച ദൈവിക കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷം സമാഗതമാകുന്നു.

Psalm 89 recitation
കര്‍ത്താവേ, ആകാശം അങ്ങയുടെ അത്ഭുതങ്ങളെ സ്തുതിക്കട്ടെ.
നീതിന്മാരുടെ സമൂഹത്തില്‍ അങ്ങയുടെ വിശ്വസ്തത പ്രകീര്‍ത്തിക്കപ്പെടട്ടെ.
വിശുദ്ധരുടെ സമൂഹം അവിടുത്തെ ഭയപ്പെടുന്നു, ചുറ്റും നില്ക്കുന്നവരെക്കാള്‍
അവിടുന്ന് ഉന്നതനും ഭീതിദനുമാണ്.

4-6 ദൈവത്തിന്‍റെ അത്ഭുതപ്രവര്‍ത്തനങ്ങള്‍, അവിടുത്തെ ചെയ്തികളുടെ സ്ഥിരത, വിശ്വാസ്യത ഇവയെല്ലാം.  സ്തുതിക്കു പ്രേരിപ്പിക്കുന്നതാണ്. നാം വസിക്കുന്ന ഭൂമി ഉറപ്പിച്ചിരിക്കുന്നതു ശൂന്യതയിലാണ്. മാത്രമല്ല അത് എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുകയാണ്, ചലിച്ചുകൊണ്ടിരിക്കുകയാണ്. അവിടുന്നു സൃഷ്ടിച്ച ഹൃദയം ഉറക്കമിളച്ചും തുടിച്ചുകൊണ്ടിരിക്കുന്നു. സൂര്യന്‍ പണിമുടക്കാതെയും പിശുക്കു കാണിക്കാതെയും പ്രകാശം തരുന്നു.   ഇങ്ങനെ നാം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ഓരോന്നും ഓര്‍ത്ത് ദൈവത്തെ സ്തുതിക്കുവാന്‍ എളിയവരായ നമുക്ക് സ്വര്‍ഗ്ഗീയ ഗണത്തോട് ഒത്തുചേരാം.

Psalm 89 recitation
കര്‍ത്താവിനു സമനായി സ്വര്‍ഗ്ഗത്തില്‍ ആരുണ്ട്,
കര്‍ത്താവിനോടു സദൃശ്യ നായി സ്വര്‍ഗ്ഗവാസികളില്‍‍ ആരുണ്ട്,
വിശുദ്ധരുടെ സമൂഹം അവിടുത്തെ ഭയപ്പെടുന്നു,
ചുറ്റും നില്ക്കുന്നവരെക്കാള്‍ അവിടുന്ന് ഉന്നതനും ഭീതിദനുമാണ്.

6-8 ദൈവത്തിന്‍റെ അതുല്യതയും മാറ്റമില്ലായ്മയും സര്‍വ്വജ്ഞാനവും മറ്റും നമ്മുടെ അനുദിന ജീവിതത്തെ സ്പര്‍ശിക്കാറുണ്ടോ? നമ്മുടെ ബോദ്ധ്യങ്ങളാണോ അവ? നമ്മുടെ ദൈവഭക്തിയുടെ അടിസ്ഥാനങ്ങള്‍ അവ ആയിരിക്കണം. അവിടുന്നു സര്‍വ്വശക്തനും സര്‍വ്വവ്യാപിയും നിത്യനുമാണെന്ന് കൂടെക്കൂടെ നമ്മെ അനുസ്മരിപ്പിക്കണം. സ്ഥലകാല പരിമിതിയില്‍‍നിന്നും ഭാഗികമായ അറിവില്‍നിന്നും നാം ഒന്നിനെയും അളക്കുകയോ വിധി പ്രസ്താവിക്കുകയോ ചെയ്യരുത്.

Psalm 89
അങ്ങ് ഇളകി മറിയുന്ന കടലിനെ ഭരിക്കുന്നു,
തിരമാലകളുയരുമ്പോള്‍ അങ്ങ് അവയെ ശാന്തമാക്കുന്നു.
അങ്ങു തിന്മയെ ശവശരീരമെന്നപോലെ തകര്‍ത്തു,
കരുത്തുറ്റ കരംകൊണ്ട് അങ്ങ് ശത്രുക്കളെ ചിതറിച്ചു.

9-14 പ്രപഞ്ച വസ്തുക്കളെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ അപാരമായ ജ്ഞാനവും ശക്തിയും അവഗണിച്ചുകൊണ്ടുള്ള ദൈവശാസ്ത്രവും ഭക്തിയും എളുപ്പമല്ല. നീതിയിലും സത്യത്തിലും സ്നേഹത്തിലും കാരുണ്യത്തിലും അടിസ്ഥിതമായ ദൈവത്തിന്‍റെ പദ്ധതികളെ തകര്‍ക്കുവാന്‍ ആര്‍ക്കും സാദ്ധ്യമല്ല.

Psalm 89
കര്‍ത്താവേ, അങ്ങാണു ഞങ്ങളുടെ ശക്തിയും  മഹത്വവും,
അങ്ങയുടെ പ്രസാദംകൊണ്ടു ഞങ്ങളുടെ കൊമ്പ് ഉയര്‍ന്നു നില്ക്കുന്നു.
കര്‍ത്താവാണു ഞങ്ങളുടെ പരിചയും, കോട്ടയും,
ഇസ്രായേലിന്‍റെ പരിശുദ്ധനുമാണ് ഞങ്ങളുടെ രാജാവ്.

15-18 യഥാര്‍ത്ഥമായ ശക്തിയും ബഹുമാനവും സന്തോഷവും ദൈവത്തില്‍നിന്നാണു ലഭിക്കുന്നത്. പ്രാര്‍ത്ഥന, വിശുദ്ധ ഗ്രന്ഥ പാരായണം, തീര്‍ത്ഥാ‍നം എന്നിവ വഴിയും, സഭയുടെ ആരാധനക്രമ ആഘോഷങ്ങള്‍ വഴിയും ഈ അനുഭവങ്ങളിലേയ്ക്കു വളരാന്‍ നമുക്കും സാധിക്കും.

സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ ആദ്ധ്യാത്മിക  അനുഗ്രഹങ്ങളാലും ക്രിസ്തുവിലും, പരിശുദ്ധാത്മാവിലും, പിതാവായ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. ഏറ്റവും വലിയ അനുഗ്രഹം ദൈവത്തിന്‍റെ മനുഷ്യരുമായുള്ള ഉടമ്പടി ഇന്നും തുടരുന്നു എന്നതാണ്. ദൈവം അവിടുത്തെ കാരുണ്യവും സ്നേഹവും മനുഷ്യരില്‍ ഇന്നു ചൊരിയുന്നു,  ദൈവം നമ്മെ സ്നേഹിക്കുന്നു. 

Psalm 89
കര്‍ത്താവേ, അങ്ങയുടെ ദാസന്‍ എത്ര നിന്ദിക്കപ്പെടുന്നെന്ന് ഓര്‍ക്കണമേ,
ജനതകളുടെ പരിഹാസശരം ഞാന്‍ നെഞ്ചില്‍ ഏല്‍ക്കുന്നു,
കര്‍ത്താവേ, അങ്ങയുടെ ശത്രുക്കള്‍ അവനെ നിന്ദിക്കുന്നു,
അങ്ങയുടെ അഭിഷിക്തന്‍റെ പിന്‍ഗാമികളെ അവര്‍ പരിഹസിക്കുന്നു,
കര്‍ത്താവ് എന്നേയ്ക്കു വാഴ്ത്തപ്പെടട്ടെ.

അനുഗ്രഹീതന്‍ ശപിക്കപ്പെടുമോ? തിരഞ്ഞെടുക്കപ്പെട്ടവന്‍ തിരസ്കൃതനാകുമോ? നന്മ വാഗ്ദാനം ചെയ്ത ദൈവം തിന്മ കോരിച്ചൊരിയുമോ? ദൈവം മനുഷ്യനെ തിരഞ്ഞെടുത്തു സൃഷ്ടിച്ചതും സ്നേഹിച്ചതും, സഹിച്ചു സഹിച്ചു നശിക്കുവാനാണോ? അവിടുന്നു ചെയ്ത ഉടമ്പടി അവിടുന്നു തന്നെ ഇല്ലാതാക്കുമോ? ദൈവത്തിന്‍റെ കല്പനകള്‍ പാലിക്കാത്തവനില്‍നിന്ന് അവിടുത്തെ അനുഗ്രഹം ചോര്‍ന്നുപോകും. അങ്ങനെയുള്ളവരെ പരിത്യജിക്കേണ്ടിവരും. അവിടുന്നു സമ്മാനമായി, ദാനമായി തന്നവയെല്ലാം എന്തുകൊണ്ടു നാം അവകാശമായി കരുതണം? തേനും പാലും തന്ന കൈയ്യില്‍ തിരിഞ്ഞു കടിച്ചിട്ട് ഇനിയും പാലിനായി കേഴണമോ? ദൈവിക കാരുണ്യം സ്വീകരിച്ചിട്ട് കരുണയുള്ള പിതാവിനെ നിരന്തരം വേദനിപ്പിച്ചിട്ട് വീണ്ടും കാരുണ്യം പ്രതീക്ഷിക്കണമോ? എല്ലാ നല്ല ദാനങ്ങളുടെയും ദാതാവായ ദൈവമേ, നിന്നെ മറന്ന് ഞാന്‍ ഒരു നിമിഷംപോലും ജീവിക്കാതിരിക്കട്ടെ. അങ്ങനെ എന്നും ദൈവത്തിന്‍റെ കാരുണ്യത്തിനായി പ്രാര്‍ത്ഥിക്കാം. ഒപ്പം അനുദിനം നമ്മില്‍ വര്‍ഷിക്കപ്പെടുന്ന അവിടുത്തെ കാരുണ്യത്തിനും സ്നേഹത്തിനും നന്ദിയുള്ളവരായി ജീവിക്കാം, ഈ കൃതജ്ഞതാഗീതം, 89-Ɔο സങ്കീര്‍ത്തനം   നമുക്ക് പ്രചോദനമാകട്ടെ.

13 November 2018, 14:11