തിരയുക

Vatican News
Zero tolerance on abuse cases declared by French bishops Zero tolerance on abuse cases declared by French bishops 

പീഡനക്കേസുകളില്‍ സഭ വിട്ടുവീഴ്ചയില്ലാതെ!

ലൂര്‍ദ്ദില്‍ സംഗമിച്ച ഫ്രാന്‍സിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ തീര്‍പ്പുകളില്‍നിന്ന്...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പീഡനക്കേസുകളെക്കുറിച്ച് ഫ്രാന്‍സിലെ സഭ
അജപാലകരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗിക പീഡനക്കേസുകളില്‍ ഫ്രാന്‍സിലെ സഭ തെല്ലും സഹിഷ്ണതയോ വിട്ടുവിഴ്ചയോ പ്രകടമാക്കില്ലെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും, പ്യൂ-യെന്‍ രൂപതയുടെ മെത്രാനുമായ ബിഷപ്പ് ലൂക്ക് ക്രേപി പ്രസ്താവിച്ചു. നവംബര്‍ 2-മുതല്‍ 3-വരെ തിയതികളില്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ സംഗമിക്കുന്ന ദേശീയ മെത്രാന്‍ സമിതിയുടെ സംഗമത്തിന് ആമുഖമായി നവംബര്‍ 2-Ɔο തിയതി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിഷപ്പ് ക്രേപി സഭയുടെ നിലപാടു വ്യക്തമാക്കിയത്.

സഭയുടെ  ശിക്ഷാനടപടികള്‍
വ്യക്തികളില്‍നിന്നും പീഡനക്കേസുകളുടെ പരാതി നേരിട്ടു ലഭിച്ചാല്‍ കാനോനിക നിയമപ്രകാരം ഉടന്‍തന്നെ വൈദികനെ ഭാഗികമായോ മുഴുവനായോ, അല്ലെങ്കില്‍ പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ഉടനെ തന്നെ അജപാലന ശുശ്രൂഷയില്‍നിന്നും മാറ്റിനിറുത്തുന്നതാണ്. കുട്ടികളുടെ കുര്‍ബ്ബാനയില്‍നിന്നും അങ്ങനെയുള്ള അജപാലകരെ ഉഴിവാക്കുക, കുമ്പാസാരിപ്പിക്കുന്നതിനുള്ള അനുമതി റദ്ദാക്കുക എന്നിവ കുറ്റമാരോപിക്കപ്പെട്ടിട്ടുള്ള വൈദികര്‍ക്കുള്ള ഭാഗികമായ നടപടികളാണ്. ഗൗരവകരമായ പരാതികള്‍ക്ക് പൗരോഹിത്യ ശുശ്രൂഷയില്‍നിന്നും വൈദികരെ പൂര്‍ണ്ണമായും വിലക്കാനുള്ള കാനോനിക നടപടി ക്രമങ്ങള്‍ സ്വീകരിക്കുമെന്നും ബിഷപ്പ് ക്രേപി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇല്ലാതാക്കാനുള്ള തുടര്‍ നടപടികള്‍
കുട്ടികളുമായുള്ള ഇടപഴകലില്‍ കണ്ടേക്കാവുന്ന ലൈംഗികപ്രവണതകള്‍ കണക്കിലെടുത്ത് വൈദികര്‍ക്കും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കുമായി മനഃശാസ്ത്രപരമായി അവബോധം നല്കുന്നതിനും, പക്വതയാര്‍ജ്ജിക്കുന്നതിനും സഹായകമാകുന്ന ക്ലാസ്സുകളും സെമിനാറുകളും ഒരു വര്‍ഷത്തിന്‍റെ വിവിധഘട്ടങ്ങളില്‍ സംഘടിപ്പിക്കുന്നതാണെന്നും ബിഷപ്പ് ക്രേപി അറിയിച്ചു. അജപാലകരുടെ ഇടയില്‍ കണ്ടെത്തിയിട്ടുള്ള ലൈംഗിക പീഡനക്കേസുകള്‍ തടയേണ്ടത് താല്ക്കാലികമല്ലാത്ത തുടര്‍പ്രക്രിയയും, എന്നും ജാഗ്രത പാലിക്കേണ്ടതുമായ കര്‍മ്മപദ്ധതിയുമാണ്.

ഇന്നിന്‍റെ സ്വകാര്യതയുടെ സംസ്ക്കാരം
ഉത്തരവാദിത്ത്വപ്പെട്ടവരും അജപാലകരും ഏറെ ബോധ്യത്തോടും എന്നാല്‍ വളരെ എളിമയോടുകൂടെയും അത് ഏറ്റെടുക്കേണ്ടതാണെന്ന് ബിഷപ്പ് ക്രേപി പ്രസ്താവിച്ചു. ഇന്നു പൊതുവെ കാണുന്ന സ്വകാര്യതയുടെ സംസ്ക്കാരം, ലൈംഗിക തെറ്റുകളെ ലാഘവത്തോടെ കാണുന്ന  മനഃസ്ഥിതി, സ്ഥാപനത്തെ സംരക്ഷിക്കാനുള്ള തത്രപ്പാട്, പരാതിക്കാരെ കേള്‍ക്കാനുള്ള സന്നദ്ധതയില്ലായ്മ എന്നിവ കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനക്കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ടെന്നും ബിഷപ്പ് ക്രേപി ചൂണ്ടിക്കാട്ടി.

02 November 2018, 20:20