തിരയുക

Vatican News
ചന്ദ്രഗ്രഹണ നാളിലെ ദൃശ്യം ജൂലൈ 27, 2018 - ബെര്‍ളിന്‍ ചന്ദ്രഗ്രഹണ നാളിലെ ദൃശ്യം ജൂലൈ 27, 2018 - ബെര്‍ളിന്‍  (AFP or licensors)

സകല ജനതകളും ദൈവത്തെ സ്തുതിക്കട്ടെ!

വചനവീഥി എന്ന ബൈബിള്‍ പഠനപരിപാടി – സങ്കീര്‍ത്തനം 96 : ഒരു കൃതഞ്ജതാഗീതത്തിന്‍റെ മൂന്നാം ഭാഗം.
സങ്കീര്‍ത്തനം 96 - മൂന്നാം ഭാഗം - ശബ്ദരേഖ

ഇസ്രായേല്‍ ജനത എപ്രകാരം ജരൂസലേമിലേയ്ക്ക് അനുവര്‍ഷം തീര്‍ത്ഥാടനം നടത്തി, ദൈവത്തിന് നന്ദിയര്‍പ്പിച്ചിരുന്നുവെന്നാണ് 96-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം മനസ്സിലാക്കി തരുന്നത്. സങ്കീര്‍ത്തനത്തിന്‍റെ പദങ്ങളുമായി പരിചയപ്പെട്ടുകൊണ്ട്  ഈ കൃതജഞതാഗീതത്തെ കൂടുതല്‍ മനസ്സിലാക്കുവാന്‍ പരിശ്രമിക്കാം. ആകെയുള്ള 13 പദങ്ങളി‍ല്‍ 7 എണ്ണത്തിന്‍റെ വിവരണം നാം കണ്ടു കഴിഞ്ഞു. ബാക്കി 8-മുതല്‍ 13-വരെയുള്ള പദങ്ങളുമായി പരിചയപ്പെടാന്‍ നമുക്ക് ശ്രമിക്കാം. 

96-Ɔο സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം ‍ഡാവിനയും സംഘവും

Musical Version of  Ps.  96
3. ജനപദങ്ങളേ, ഉത്ഘോഷിക്കുവിന്‍
മഹത്വവും ശക്തിയും കര്‍ത്താവിന്‍റേത് (2).
9. വിശുദ്ധ വസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ ആരാധിക്കുവിന്‍
ഭൂമി മുഴുവന്‍ അവിടുത്തെ മുന്‍പില്‍ ഭയന്നു വിറയ്ക്കട്ടെ
ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍
കര്‍ത്താവുവാഴുന്നു
ലോകം സ്ഥാപിതമായിരിക്കുന്നു
അതിന് ഇളക്കം തട്ടുകയില്ല.

Recitation :
9. വിശുദ്ധ വസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ ആരാധിക്കുവിന്‍
ഭൂമി മുഴുവന്‍ അവിടുത്തെ മുന്‍പില്‍ ഭയന്നു വിറയ്ക്കട്ടെ
10. ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍
കര്‍ത്താവുവാഴുന്നു
ലോകം സ്ഥാപിതമായിരിക്കുന്നു അതിന് ഇളക്കം തട്ടുകയില്ല.
അവിടുന്നു ജനതകളെ നീതിപൂര്‍വ്വം വിധിക്കും
11. ആകാശം ആഹ്ലാദിക്കട്ടെ ഭൂമി ആനന്ദിക്കട്ടെ, സമുദ്രവും അതിലുള്ള സമസ്ഥവും ആര്‍പ്പുവിളിക്കട്ടെ.
12. വയലും അതിലുള്ളവയും ആഹ്ലാദിക്കട്ടെ
അപ്പോള്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ വനവൃക്ഷങ്ങള്‍ ആനന്ദഗീതം ഉതിര്‍ക്കും.
13. എന്തെന്നാല്‍ അവിടുന്നു വരുന്നു, അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു.
അവിടുന്നു ലോകത്തെ നീതിയോടും ജനതകളെ സത്യത്തോടുംകൂടെ വിധിക്കാന്‍ വരുന്നു.

ആകെ 13 പദങ്ങള്‍ മാത്രമുള്ള സങ്കീര്‍ത്തനത്തിന്‍റെ 8-മുതല്‍ ബാക്കിയുള്ള പദങ്ങള്‍ പരിശോധിക്കുമ്പോള്‍, ലൗകിക രാജാക്കന്മാരെ ബഹുമാനിക്കുന്ന രീതിയിലാണ് രാജാവായ ദൈവത്തെ സ്തുതിക്കുന്നതിനും ബഹുമാനിക്കുന്നതിനും സങ്കീര്‍ത്തകന്‍ ഉപയോഗിക്കുന്നത്.

ഉദാഹരണത്തിന്, ജനങ്ങള്‍ കാഴ്ച വസ്തുക്കള്‍‍ കൊണ്ടുവരുന്നു. ലോകം മുഴുവനും ബാധകമാകുന്ന യാഹ്വേയുടെ യുഗാന്ത്യോന്മുഖമായ ശക്തിയാണ് ഇവിടെ വിവക്ഷിക്കുന്നത്. ലോകത്തിന്‍റെ വിധിയാളനും രാജാവും സ്രഷ്ടാവുമായി യാഹ്വേ പ്രഖ്യാപിക്കപ്പെടുന്നു. ലോകത്തിലെ രാജ്യങ്ങളും ജനതകളും ദൈവത്തെ അനുസരിക്കുവാന്‍ കടപ്പെട്ടവരാണ്. യാഹ്വേ രാജാവാണെന്ന വാര്‍ത്ത ദൈവജനം സകല ജനതകളെയും അറിയിക്കേണ്ടതുണ്ട്. യാഹ്വേയുടെ രാജത്വം എന്നും നിലനില്ക്കുന്നതാണ്. അവിടുന്നു സ്രഷ്ടാവും വിധിയാളനുമത്രേ, അതുകൊണ്ട്, ആകാശവും ഭൂമിയും സമുദ്രവും അതിലുള്ളവയും കര്‍ത്താവിനെ സ്തുതിക്കണം. വയലുകളും വിളവുകളും സസ്യജാലങ്ങളും അവിടുത്തെ മഹത്ത്വപ്പെടുത്തുന്നു. യാഹ്വേയുടെ എഴുന്നള്ളത്ത് യുഗാന്ത്യോന്മുഖമായ രീതിയില്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. നീതിയോടെ വിധിക്കാന്‍ വിധിയാളനായി അവിടുന്നു പ്രത്യക്ഷപ്പെടുകയാണ്.

‘കര്‍ത്താവിന് ഒരു നവ്യകീര്‍ത്തനം ആലപിക്കുവിന്‍,’
നവ്യകീര്‍ത്തനം എന്ന പ്രയോഗം വിശുദ്ധ ഗ്രന്ഥത്തിന്‍റെ വിശാലമായ പശ്ചാത്തലത്തില്‍ ദൈവമാണ് എല്ലാം നവീകരിക്കുന്നവന്‍ എന്ന് പ്രസ്താവിക്കുകയാണ്.  അതുകൊണ്ടാണ് ഇസ്രായേല്‍ ‘നവ്യകീര്‍ത്തനം’ ആലപിക്കുവാന്‍ ഭൂമി മുഴുവനെയും ക്ഷണിക്കുന്നതെന്ന് സങ്കീര്‍ത്തകന്‍ നമുക്ക് മനസ്സിലാക്കി തരുന്നു.  അതുപോലെ ക്രിസ്തുവില്‍ നാം ആരംഭിച്ച പുതിയ ജീവനെയും പുതിയ സാമൂഹ്യ പരിസരത്തിന്‍റെയും മുന്നാസ്വാദനം ഈ സങ്കീര്‍ത്തന പദങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍, വിപ്രവാസത്തില്‍നിന്നുമുള്ള ഇസ്രായേലിന്‍റെ തിരിച്ചുവരവ്, അല്ലെങ്കില്‍ സ്വന്തം നാട്ടിലേയ്ക്കുള്ള മടക്കം ആഘോഷിക്കുന്നതിനാണ് സങ്കീര്‍ത്തകന്‍ പുതിയ ഗാനം ആലപിക്കുന്നത്. നീണ്ട 50 വര്‍ഷക്കാലത്തെ ബാബിലോണ്‍ വിപ്രവാസത്തില്‍നിന്നും തിരികെ ജരൂസലേമില്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ എത്തുന്ന ജനമാണ് നവ്യഗാനം ഉന്മേഷഭരിതരായി ആലപിക്കുന്നത്. അത് ജീവിത നവീകരണം തന്നെയാണ്.

ദൈവം തന്‍റെ ജനത്തിനു നല്കുന്ന ക്രിയാത്മകവും രക്ഷാകരവുമായ സ്നേഹം സങ്കീര്‍ത്തന പദങ്ങളില്‍ തെളിഞ്ഞുനില്ക്കുന്നു. ദൈവത്തിന് തന്‍റെ ജനത്തോടുള്ള സ്നേഹം അവര്‍ക്ക് അറിയാവുന്നതാണ്, അവര്‍ അനുഭവിച്ചതാണ്. എന്നാല്‍ ഇനിയും ആ സ്നേഹം മറ്റുള്ളവര്‍ അറിയേണ്ടതുണ്ട്, ലോകം അറിയേണ്ടതുണ്ട്. അതുകൊണ്ടാണ് സങ്കീര്‍ത്തകന്‍ പറയുന്നത്.

Recitation
ജനതകളുടെ ഇടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍,
ജനപദങ്ങളുടെ ഇടയില്‍ അവിടുത്തെ അത്ഭുത പ്രവൃത്തികള്‍ വര്‍ണ്ണിക്കുവിന്‍....
എന്തെന്നാല്‍, കര്‍ത്താവ് ഉന്നതനും അത്യന്തം സ്തുത്യര്‍ഹനുമാണ്,
സകല ദേവന്മാരെയുംകാള്‍ ഭയപ്പെടേണ്ടവനുമാണ്. 3, 4.

ഭൂമിയിലെ ജീവിതത്തില്‍ ദൈവിക നന്മകള്‍ അനുസ്മരിക്കുന്നവന് ഒരിക്കലും ദൈവത്തില്‍നിന്നും അകന്നിരിക്കുവാനാവില്ല, അകന്നു ജീവിക്കുവാനാകില്ലെന്നാണ് സങ്കീര്‍ത്തന വരികള്‍ സമര്‍ത്ഥിക്കുന്നത്.

Musical version of Psalm 96
(3) ജനപദങ്ങളേ, ഉത്ഘോഷിക്കുവിന്‍
മഹത്വവും ശക്തിയും കര്‍ത്താവിന്‍റേത് (2).
3. ജനതകളുടെയിടയില്‍ അവിടുത്തെ
മഹത്വം പ്രഘോഷിക്കുവന്‍,
ജനപദങ്ങളുടെയിടയില്‍ അവിടുത്തെ
അത്ഭുത പ്രവൃത്തികള്‍ വര്‍ണ്ണിക്കുവിന്‍.

ദൈവത്തിന്‍റെ ക്രിയാത്മകമായ സ്നേഹമാണ് സങ്കീര്‍ത്തകന്‍ പ്രഘോഷിക്കുന്നത്. അത് മഹത്വമാര്‍ന്നതും, അത്ഭുതാവഹവുമാണ്. മഹത്വത്തിന് ചേര്‍ന്നവിധം അവിടുത്തേയ്ക്ക് കൃതജ്ഞത അര്‍പ്പിക്കുവാന്‍ സങ്കീര്‍ത്തകന്‍ സകലരെയും ക്ഷണിക്കുന്നു. ദൈവത്തിന്‍റെ ഹൃദയത്തില്‍ ഊറുന്ന നന്ദിയുടെ പ്രത്യക്ഷ പ്രകടനമാണ് ദൈവത്തിന് കാഴ്ചകള്‍ അര്‍പ്പിക്കുക എന്നത്. സങ്കീര്‍ത്തകന്‍ അതിനാല്‍ ഉദ്ബോധിപ്പിക്കുന്നു, കാഴ്ചകളുമായി ദൈവത്തിന്‍റെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍. അങ്ങനെ അവിടുത്തേയ്ക്ക് നന്ദിയര്‍പ്പിക്കുവിന്‍ എന്ന്.  8. കര്‍ത്താവിന്‍റെ നാമത്തിനു ചേര്‍ന്നവിധം അവിടുത്തെ മഹത്വപ്പെടുത്തുവിന്‍   കാഴ്ചകളുമായി അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍   സങ്കീര്‍ത്തകന്‍ പറയുന്ന കാഴ്ചയര്‍പ്പണത്തിന്‍റെ വീക്ഷണവും പാരമ്പര്യവും പഴയ നിയമത്തില്‍നിന്നും പുതിയ നിയമത്തലേയ്ക്കും ആദിമ ക്രൈസ്തവ സമൂഹത്തിലേയ്ക്കും വ്യാപിച്ചിട്ടുണ്ടെന്ന് നമുക്കറിയാം. ദൈവിക വിശുദ്ധിയുടെ അല്ലെങ്കില്‍ അവിടുത്തെ സമ്പൂര്‍ണ്ണതയുടെ മുന്നിലാണ് മനുഷ്യന്‍, നിസ്സാരനായ മനുഷ്യന്‍ കാഴ്ചകളുമായി നില്ക്കുന്നത്, പ്രണമിക്കുന്നത്.

6-8 മഹത്വവും ശക്തിയും കര്‍ത്താവിന്‍റേതെന്ന് ഉദ്ഘോഷിക്കുവിന്‍
കര്‍ത്താവിന്‍റെ നാമത്തിനു ചേര്‍ന്നവിധം അവിടുത്തെ മഹത്വപ്പെടുത്തുവിന്‍
കാഴ്ചകളുമായ് അവിടുത്തെ അംഗണത്തില്‍ പ്രവേശിക്കുവിന്‍
ജനപദങ്ങളേ, കാഴ്ചകളുമായ് അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍! 
പദങ്ങളില്‍നിന്നും വ്യക്തമായ ധാരണയാണ് നമുക്കു ലഭിക്കുന്നത്. അതായത്,
ഈ ഭൂമിയിലുള്ള സകല ജനതകളുടെയും നാഥനായ, പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിന്  മനുഷ്യന്‍ കാഴ്ചകള്‍ അര്‍പ്പിക്കേണ്ടതാണ്, നന്ദിയര്‍പ്പിക്കേണ്ടതാണ്. ഏകദൈവത്തെ സ്തുതിക്കേണ്ടതാണ്.

സകല ജനതകളും കര്‍ത്താവിനെ സ്തുതിക്കേണ്ടതാണ്. വിശ്വാസത്തിന്‍റെ അടിസ്ഥാന സ്വഭാവവും ലക്ഷൃവും ഇതാണ് - സകല ജനതകളും ഒരുനാള്‍ നാഥനായ കര്‍ത്താവിന്‍റെ സന്നിധിയില്‍ എത്തിച്ചേരണം, അവിടുത്തേയ്ക്ക് കാഴ്ചകള്‍ അര്‍പ്പിക്കണം  - ഈ സാര്‍വ്വ ലൗകിക വീക്ഷണവും നവമായ സുവിശേഷ ദൗത്യത്തിന്‍റെ സമാന്തര രൂപവും സങ്കീര്‍ത്തകന്‍ പദങ്ങളില്‍ മെല്ല ചുരുളഴിയിക്കുന്നതാണ് തുടര്‍ന്നും നാം നിരീക്ഷിക്കുന്നത്.

Musical Version of Psalm 96: 
ജീവനുള്ള കാലമെല്ലാം ദൈവത്തെ സ്തുതിക്കുക മനുഷ്യന്‍റെ സന്തോഷ പ്രദമായ കടമയാണ്. ഈ പ്രപഞ്ചത്തില്‍ അന്നും ഇന്നും എന്നും അത്ഭുതങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കാരണം, ദൈവം ജീവിക്കുന്നവനാണ്. ദൈവത്തിന്‍റെ അത്ഭുതങ്ങള്‍ എല്ലാ ജനതകളെയും രാജ്യങ്ങളെയും അറിയിക്കുക യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍റെ ധര്‍മ്മമാണ്.   പ്രാര്‍ത്ഥനയും സ്തുതിയും, ധര്‍മ്മനിഷ്ഠയും തകര്‍ന്നഹൃദയവും, ദൈവത്തിനുള്ള പൂര്‍ണ്ണ സമര്‍പ്പണവുമാണ് അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്ന ബലികള്‍. കര്‍ത്താവിന്‍റെ സന്നിധാനത്തില്‍ നില്‍ക്കുവാനും അവിടുത്തെ മഹിമയില്‍ പുളകിതരാകുവാനുമുള്ള ആഹ്വാനം എല്ലാ ജനതകള്‍ക്കും ഉള്ളതാണ്. മനുഷ്യന്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ഈ ആഹ്വാനം എന്നും ആവര്‍ത്തിക്കപ്പെടണം, ചരിത്രത്തില്‍ ലോകത്ത് തുടരണം.

7-9 ദൈവത്തിന്‍റെ വെളിച്ചമായി, ജീവനായി, രക്ഷയായി, നമ്മുടെ കര്‍ത്താവായി, വിധിയാളനായി ക്രിസ്തു ലോകത്തിലേയ്ക്കു വന്നിരിക്കുന്നു. ദൈവസാന്നിധ്യാനുഭവം ഭയവും വിറയലും ആനന്ദവും ഉളവാക്കുന്നു. ദൈവമഹത്വത്തില്‍‍ മുഴുകിയ മനുഷ്യന്‍റെ മനോഭാവമാണത്.
10-മുതല്‍ 13-വരെയുള്ള പദങ്ങള്‍ സൃഷ്ടിയുടെ വിധിയും ബന്ധപ്പെട്ട ദൈവിക പദ്ധതിയുടെയും ഭാഗവുമാണ്. അങ്ങനെ, ദൈവത്തിന്‍റെ നീതി വെളിവാകണം. നിശ്ശബ്ദമായ പ്രകൃതിയും ആകാശവും ഭൂമിയും സമുദ്രവും അതിലുള്ളവയും ഈ സന്തോഷത്തിലും ആര്‍പ്പുവിളിയിലും, ഉല്ലാസത്തിലും ആരവത്തിലും പങ്കുചേരുന്നു. അങ്ങനെ, യാവേയുടെ അത്ഭുതങ്ങള്‍ ഇസ്രായേല്‍ അനുഭവിച്ചറിഞ്ഞെന്ന് സങ്കീര്‍ത്തനം വിളിച്ചോതുന്നു.

Musical version of Psalm 96
3. ജനപദങ്ങളേ, ഉത്ഘോഷിക്കുവിന്‍
മഹത്വവും ശക്തിയും കര്‍ത്താവിന്‍റേത് (2).
9-10 വിശുദ്ധവസ്ത്രങ്ങള്‍ അണിഞ്ഞ് കര്‍ത്താവിനെ ആരാധിക്കുവിന്‍
ഭൂമി മുഴുവന്‍ അവിടുത്തെ മുന്നില്‍ ഭയന്നു വിറയ്ക്കട്ടെ
ജനതകളുടെ ഇടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍
കര്‍ത്താവ് വാഴുന്നു, ലോകം സുസ്ഥിതമാകുന്നു,
സുസ്ഥിതമാകുന്നു (2).

 

23 October 2018, 13:49