തിരയുക

Vatican News
2018 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്ക്കാര ജേതാക്കളില്‍ ഒരാളായ നാദിയ മുറാദ് 2017 ല്‍ ഫ്രാന്‍സീസ് പാപ്പായുമൊത്ത് 03.05.2017 2018 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്ക്കാര ജേതാക്കളില്‍ ഒരാളായ നാദിയ മുറാദ് 2017 ല്‍ ഫ്രാന്‍സീസ് പാപ്പായുമൊത്ത് 03.05.2017 

സമാധാന നൊബേല്‍ പുരസ്കാരം- യുനെസ്കൊയുടെ അഭിനന്ദനങ്ങള്‍

ഇക്കൊല്ലത്തെ നൊബേല്‍ സമാധാന പുരസ്കാരം പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവകാശ സംരക്ഷണത്തിനുള്ള ശക്തമായ ഒരു സന്ദേശം- യുനെസ്കൊ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവകാശ സംരക്ഷണത്തിനുള്ള ശക്തമായ ഒരു സന്ദേശമാണ് ഇക്കൊല്ലത്തെ നൊബേല്‍ സമാധാന പുരസ്കാരം എന്ന് ഐക്യരാഷ്ട്രസഭയുടെ വിദ്യഭ്യാസ സാംസ്കാരിക സംഘടനയുടെ- യുനെസ്കൊയുടെ (UNESCO) ഡയറെക്ടര്‍ ജനറല്‍ ശ്രീമതി ഔദ്റേയ് അസൂലെ (Audrey Azoulay).

സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പോരാടുന്നവരായ രണ്ടു പേര്‍ ഇക്കൊല്ലം സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാക്കളായി പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തില്‍ അവര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടു പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ശ്രീമതി അസൂലെ ഇതു പറഞ്ഞിരിക്കുന്നത്.

ആഫ്രിക്കന്‍ നാടായ കോംഗൊ സ്വദേശിയായ സ്ത്രീരോഗവിദഗ്ധന്‍ ഡെന്നീസ് മുക്ക്വെജെയും ഇറാക്കിലെ യസ്ദി കുര്‍ദിഷ് മനുഷ്യാവകാശ പ്രവര്‍ത്തക നാദിയ മുറാദുമാണ് ഈ സമാധന പുരസ്കാരം പങ്കുവച്ചിരിക്കുന്നത്.

സംഘര്‍ഷവേദികളില്‍ അരങ്ങേറുന്ന ലൈംഗികാക്രമണങ്ങള്‍ക്കെതിരെ നടത്തുന്ന അക്ഷീണ പോരാട്ടങ്ങള്‍ക്ക് ഇരുവരെും താന്‍ അഭിനന്ദിക്കുന്നുവെന്നും അവരുടെ ധീരതയും അനുകരണീയമായ അര്‍പ്പണബോധവും സമാധാനത്തിന്, വിശിഷ്യ, പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണത്തിനു വേണ്ടിയുള്ള യത്നങ്ങളില്‍ നമുക്ക് പ്രചോദനമാകണമെന്നും ശ്രീമതി അസൂലെ പറയുന്നു.

നോര്‍വെയുടെ തലസ്ഥാനമായ ഓസ്ലോയില്‍ വെള്ളിയാഴ്ച(05/10/18) രാവിലെയാണ്  നൊബേല്‍പുരസ്ക്കാര സമിതി ജേതാക്കളെ പ്രഖ്യാപിച്ചത്.

കലാപവേദിയായി മാറിയ കോംഗൊയില്‍ ബലാത്സംഗത്തിനിരകളായ സ്ത്രീകളെ സഹായിക്കാനും അവര്‍ക്കേറ്റ ആഘാതങ്ങളില്‍ നിന്ന് അവരെ സാധാരണ ജീവിത്തിലേക്കു തിരിച്ചുകൊണ്ടുവരാനും പരിശ്രമിച്ച വ്യക്തിയാണ് കോംഗൊയിലെ പാന്‍ത്സി ആശുപത്രിയുടെ മേധാവിയായ ഡോക്ടര്‍ ഡെന്നീസ് മുക്ക്വെജെ.

ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോകുകയും ലൈഗിക ചൂഷണത്തിനിരയാക്കുകയും ചെയ്ത 25 വയസ്സുകാരിയായ നാദിയ മുറാദ് ഈ ദുരന്തത്തിനു ശേഷമാണ് മനുഷ്യാവകാശ പ്രവര്‍ത്തകയായി മാറിയത്.

06 October 2018, 11:47