പരീക്ഷണപ്പതിപ്പ്

Cerca

Vatican News
ജോബ് മാസ്റ്റര്‍ ഒരു സ്നേഹസ്മരണ ജോബ് മാസ്റ്റര്‍ ഒരു സ്നേഹസ്മരണ 

സംഗീതസംവിധായകന്‍ ജോബ്മാസ്റ്ററുടെ അനുസ്മരണം

ഒക്ടോബര്‍ 4 – മാസ്റ്റര്‍ കടന്നുപോയിട്ട് 15 വര്‍ഷങ്ങള്‍ തികയുന്നു, 2003-2018. സംഗീതത്തിനു മാത്രമായി ജീവിതം സമര്‍പ്പിച്ച മാസ്റ്ററുടെ സ്നേഹസ്മരണയില്‍... പ്രാര്‍ത്ഥനയോടെ ഒരു ഗാനസമര്‍പ്പണം ഗന്ധര്‍വ്വനാദത്തില്‍.
ശബ്ദരേഖ - ഗാനം : യേശുവേ, സര്‍വ്വേശസൂനുവേ!

നാടകത്തിലും സിനിമയിലും ആരാധനക്രമ സംഗീതത്തിലും
കേരളത്തിലും പുറത്തും അറിയപ്പെട്ട ജോബ്&ജോര്‍ജ്ജ് സംഗീതജോഡിയിലെ ഈണങ്ങളുടെ പ്രതിഭയായിരുന്നു കെ.വി. ജോബ് കിണറ്റിങ്കല്‍. നാടകലോകത്ത് ആരംഭിച്ച ലളിതമായ ആ സംഗീതജിവിതം, മലയാള സിനിമ ലോകത്ത് അറുപതുകളില്‍ ഒരു “അല്ലിയാമ്പല്‍ക്കടവില്‍...” വിരിഞ്ഞുനിന്നു. 10 സിനിമകള്‍ക്കു മാത്രം ഈണംപകര്‍ന്ന് മദ്രാസില്‍നിന്നും മാസ്റ്റര്‍  കേരളത്തിലെ ആരാധനക്രമ സംഗീതത്തിലേയ്ക്കാണ് മടങ്ങിയത്. കേരളത്തിലെ ആരാധനക്രമസംഗിതത്തിന് വിശിഷ്യ ലത്തീന്‍ റീത്തിലെ ദേവാലയഗീതങ്ങള്‍ക്കും, പിന്നെ പൊതുവെ ഭക്തിഗാനരംഗത്തും ഒളിമങ്ങാത്ത നൂറുകണക്കിന് ഈണങ്ങള്‍ നല്കിക്കൊണ്ട് ഒക്ടോബര്‍ 4, 2003, മാസ്റ്റര്‍ കടന്നുപോയി.

 സംഗീതംമാത്രം മനസ്സിലേറ്റിയ ജീവിതം
സംഗീതത്തിനു മാത്രമായി ഉഴിഞ്ഞവച്ച ആ ജീവിതസപര്യ ഒരു ദൈവസ്തുതിയായിരുന്നു! അസ്സീസിയിലെ സ്നേഹഗായകന്‍റെ തിരുനാളില്‍....
“എന്‍റെ ദൈവം എന്‍ സഹായം...” എന്ന ആര്‍ച്ചുബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലിന്‍റെ ഈരടികള്‍ തന്‍റെതന്നെ ഈണത്തില്‍ പാടിക്കൊണ്ട് സംതൃപ്തനായും പ്രശാന്തനായും മാസ്റ്റര്‍ കടന്നുപോയി.

കൊര്‍ണിലിയൂസ് പിതാവും മാസ്റ്ററും - ഒരാത്മബന്ധം
വരാപ്പുഴ അതിരൂപതിയുടെ മുന്‍മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലിന്‍റെ കവിഹൃദയവും ആത്മീയതയും മാസ്റ്ററുടെ സംഗീതമനസ്സില്‍ ഒരു ആത്മീയപിതൃസ്ഥാനത്തായിരുന്നു. ക്രിസ്തുവിനെ “വേദാന്ത കാതലേ...1” എന്നു വിളച്ചു പ്രാര്‍ത്ഥിക്കുന്ന പിതാവിന്‍റെ ഗാനം ക്രിസ്തുവിജ്ഞാനിയത്തിന്‍റെ സൂക്ഷ്മതയുള്ളതാണ്.  കെ. ജെ. യേശുദാസ് പാടി അനശ്വരമാക്കിയ ഈ ഗാനം മലയാളത്തിനു മുതല്‍ക്കൂട്ടാണ്. സ്നേഹസ്മരണകളോടും പ്രാര്‍ത്ഥനയോടും കൂടെ..!!

യേശുവേ, സര്‍വ്വേശ സൂനുവേ!

യേശുവേ, സര്‍വ്വേശ സൂനുവേ!
വിശ്വപ്രകാശമേ നീ നയിക്കൂ
ക്രിസ്തുവേ, വേദാന്ത കാതലേ,
ശൂന്യമെന്‍ മാനസം നീ നിറയ്ക്കൂ!
            - യേശുവേ

നീര്‍ച്ചാലുകള്‍ തേടിവരും
മാന്‍പേടപോല്‍ ഞാന്‍ വരുന്നു
സ്നേഹമേ, വറ്റാത്ത സ്നേഹമേ
തീരാത്ത ദാഹമായ് ഞാന്‍ വരുന്നു.
            - യേശുവേ

ജീവദാതാ, സ്നേഹരാജാ
ആത്മനാഥാ, നീ വരിക
എന്നില്‍ വസിക്കൂ എന്നെ നയിക്കൂ
നിന്നില്‍ ഞാനെന്നെന്നും ഒന്നായ് ഭവിപ്പൂ.
            - യേശുവേ

 1991-ല്‍ തരംഗിണി  പ്രകാശനംചെയ്ത “ക്രിസ്തീയഭക്തിഗാനം” എന്ന ശേഖരത്തിലെ ആദ്യഗീതമാണിത്. ഈ ഗാനത്തിന്‍റെ നിര്‍മ്മിതിക്ക് കാരണഭൂതനായ കെ. ജെ. യേശുദാസിനെയും, സഹകരിച്ച മറ്റ് എല്ലാ കലാകാരന്മാരെയും  നന്ദിയോടെ ഓര്‍ക്കുന്നു.

 

04 October 2018, 09:20