തിരയുക

Vatican News
പ്രതിഷേധത്തിന്‍റെ ചിത്രീകരണം (mock illustration) പ്രതിഷേധത്തിന്‍റെ ചിത്രീകരണം (mock illustration) 

ജൈവവൈവിധ്യങ്ങള്‍ മാനിക്കാം! പൊതുഭവനമായ ഭൂമി സംരക്ഷിക്കാം!!

കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കാന്‍ ഹരിതവാതക ബഹിര്‍ഗമനത്തിന്‍റെ അളവ് ഇനിയും നിയന്ത്രിക്കണം. ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഉച്ചകോടിക്ക് (UN Climage Change Summit) ഒരുക്കമായിട്ടാണ് 120 യുഎന്‍രാഷ്ട്രങ്ങളുടെ റോമിലെ സംഗമം ഇങ്ങനെ അഭിപ്രായ സ്വരൂപിച്ചത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

അടുത്ത യുഎന്‍ കാലാവസ്ഥ വ്യതിയാന  ഉച്ചോകോടി - കോപ്24 (cop24) പോളണ്ടിലെ കോടോവിച് നഗരത്തില്‍ 2018 ഡിസംബറിലാണ് അരങ്ങേറുന്നത്.

ഹരിതവാതക ബഹിര്‍ഗമനം നിയന്ത്രിക്കണം
മൂന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ്, 2015-ലെ പാരീസ് ഉച്ചകോടി ലോക രാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ച 1.5 ഡിഗ്രി ഹരിതവാതക ബഹിര്‍ഗമനത്തിന്‍റെ അളവു പാലിക്കാനുള്ള തീരുമാനം നടപ്പിലാക്കാന്‍ ഇനിയും ലോകരാഷ്ട്രങ്ങള്‍ പരിശ്രമിക്കണമെന്ന അഭ്യര്‍ത്ഥനയുമായിട്ടാണ് പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഒക്ടോബര്‍ 12, 13 തിയതികളില്‍ റോമാനഗരത്തില്‍ സംഗമിച്ചത്. പരിസ്ഥിതിയുടെയും കാലാവസ്ഥയുടെയും സുസ്ഥിതി നിര്‍ണ്ണയിക്കുന്ന ഹരിതവാതക ബഹിര്‍ഗമനത്തിന്‍റെ 1.5 ഡിഗ്രി അളവു വിട്ട് അത് 3.5 ഡിഗ്രിയും, അതിലും കവിഞ്ഞാണ് ഇന്ന് നില്ക്കുന്നതെന്ന് സമ്മേളനം ഒക്ടോബര്‍ 13-ന് പ്രസിദ്ധപ്പെടുത്തിയ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ആഗോളതാപനം നിയന്ത്രിക്കാം!
ആഗോളതാപനം നിയന്ത്രിക്കാനും മാനവകുലത്തെ പരിസ്ഥിതി വിനാശത്തില്‍നിന്നും, കാലാവസ്ഥക്കെടുതിയില്‍നിന്നും രക്ഷിക്കാനുമുള്ള ഏകമാര്‍ഗ്ഗം വ്യവസായ മേഖലകളില്‍നിന്നും ബഹിര്‍ഗമിക്കുന്ന വിവിധ തരത്തിലുള്ള വിഷവാതങ്ങളുടെ പുറംതള്ളല്‍ നിയന്ത്രിച്ചും, അവയുടെ രൂപാന്തരീകരണത്തിലൂടെ ഇല്ലാതാക്കിയും അന്തരീക്ഷത്തിലെ ഹരിതവാതക ബഹിര്‍ഗനമത്തിന്‍റെ അളവ് സുരക്ഷാനിലയായ 1.5 ഡിഗ്രിയിലേയ്ക്ക് താഴ്ത്തണമെന്ന് സമ്മേളനം അഭ്യര്‍ത്ഥിച്ചു.

ഭൂമിയുടെ ജൈവവൈവിധ്യങ്ങളെ മാനിക്കാം!
ലോകത്തെ ജൈവവൈവിധ്യങ്ങളെ നശിപ്പിക്കുകയും, ഇല്ലാതാക്കുകയും, ആയിരക്കണക്കിന് ആളുകളെ കുടിയേറാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് വിഷവാതങ്ങളുടെ ബഹിര്‍ഗമനവും അതുകാരണമാക്കുന്ന അന്തരീക്ഷ മലിനീകരണവുമാണ്. അതുമൂലം കാലാവസ്ഥവ്യതിയാനം, കാലാവസ്ഥക്കെടുതി, കൃഷിനാശം, പ്രകൃതിദുരന്തങ്ങള്‍, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നീ ദുരന്തങ്ങളും ഇന്ന് ആഗോളതലത്തില്‍ അവര്‍ത്തിച്ചു സംഭവിക്കുന്നു. പ്രസ്താവന ചൂണ്ടിക്കാട്ടി.

ജൈവ-ഇന്ധനങ്ങളുടെ ഉപയോഗം (use of fossil fuels) കുറക്കുക, പുനരുല്പാദനം ചെയ്യാവുന്ന ഇന്ധനങ്ങളുടെ ഉപയോഗം (use of renewable energy) വര്‍ദ്ധിപ്പിക്കുക, ജൈവകൃഷി സംവിധാനങ്ങള്‍ വളര്‍ത്തുക (organic farming), ഭക്ഷ്യരീതിയിലും ജൈവവിനാശം ഭവിക്കാത്ത ക്രമീകരണങ്ങള്‍ വരുത്തുക (positive food habits reducing heavy meat and fatty food) എന്നീ നിര്‍ദ്ദേശങ്ങള്‍ സമ്മേളനം മുന്നോട്ടുവയ്ക്കുന്നുണ്ട്.  

വിശ്വസാഹോദര്യത്തിന്‍റെ തുറവുള്ള മനോഭാവം
ലോകത്തിന്‍റെ ചിലഭാഗങ്ങളില്‍ ജീവനോപാധികളെ ക്രമീകരിച്ചുകൊണ്ട് മറ്റുഭാഗങ്ങളെ കെടുതികള്‍നിന്നും പ്രകൃതി ക്ഷോഭങ്ങളില്‍നിന്നും വിനാശങ്ങളില്‍നിന്നും രക്ഷിക്കാന്‍പോരുന്ന വിശ്വാസാഹോദര്യത്തിന്‍റെ തുറവുള്ള മനോഭാവവും, പൊതുഭവനമായ ഭൂമി (Earth our common home) സംരക്ഷിക്കാനുള്ള പ്രായോഗിക നിലപാടുകളും ലോകരാഷ്ട്രങ്ങള്‍ കൈക്കൊള്ളണമെന്നും സമ്മേളനം പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.   

16 October 2018, 12:28