Cerca

Vatican News
ആര്‍ച്ചുബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ ആര്‍ച്ചുബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍  

കൊര്‍ണേലിയൂസ് പിതാവിന്‍റെ ജന്മശതാബ്ദി സ്മരണയില്‍

ഒരു ഗാനസമര്‍പ്പണം : യേശുവേ, രക്ഷകാ, ജീവനാഥാ – കെ. എസ്. ചിത്ര പാടിയത്. ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഗാനം : യേശുവേ, രക്ഷകാ ജീവനാഥാ - ശബ്ദരേഖ

രചന ആര്‍ച്ചുബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ (1918-2018)
സംഗീതം ജോബ്&ജോര്‍ജ്ജ്
ആലാപനം കെ.എസ്. ചിത്ര

കവിയും ആത്മീയാചാര്യനും
കൊര്‍ണേയിലൂസ് പിതാവിനെ ഓര്‍ക്കാന്‍ മലയാളികള്‍ക്ക് എളുപ്പമാകുന്നത് അദ്ദേഹത്തിന്‍റെ ഗാനങ്ങളിലൂടെയാണ്. വ്യക്തി ജീവിതത്തിലെ ധ്യാനഭാവം പിതാവ്  വരികളായി കുറിച്ചിട്ടതാണ് ഇന്നും കേരളത്തിലെ പ്രാര്‍ത്ഥനാലയങ്ങളില്‍ മുഴങ്ങുന്ന  ഏറെയും നല്ല ഗാനങ്ങള്‍.

ചിത്രപാടിയ നല്ലൊരു ഭക്തിഗാനം
കെ.എസ്. ചിത്ര പാടിയ യേശുവേ, രക്ഷകാ...എന്ന ഭക്തിഗാനം ഇന്നും മലയാളികളുടെ മനസ്സില്‍ ഓടിയെത്തുന്ന ഓര്‍മ്മയിലെ ഇണമാണ്. ഗന്ധര്‍വ്വഗായകന്‍ കെ. ജെ. യേശുദാസ് 1980-ല്‍ തിരുവനന്തപുരത്ത് തരംഗിണി റെക്കോര്‍ഡിങ് സ്റ്റുഡിയോ തുടങ്ങിയപ്പോള്‍ ആദ്യത്തെ നിര്‍മ്മിതിയായിരുന്നു - “ക്രിസ്തീയഭക്തിഗാനങ്ങള്‍” (Christian Devotional Songs) എന്ന ഗാനശേഖരം. ആകെയുള്ള 11 ഗാനങ്ങളില്‍ കെ.എസ്. ചിത്ര പാടിയ ഏകഗാനമാണിത്. മറ്റെല്ലാഗാനങ്ങളും യേശുദാസ് തന്നെയാണ് പാടിയിട്ടുള്ളത്. എല്ലാഗാനങ്ങള്‍ക്കും ഈണംപകര്‍ന്നത് കേരളത്തിന്‍റെ പ്രഥമ സംഗീതജോഡിയായ ജോബ്&ജോര്‍ജ്ജാണ്. ഈ ആല്‍ബത്തിലെ യേശുവേ സര്‍വ്വേശസൂനുവേ..., ശാന്തപ്രശാന്തം ഈ ഭവനം, യേശുവേ രക്ഷകാ ജീവനാഥാ... എന്നീ മൂന്നു ഗാനങ്ങള്‍ കൊര്‍ണേലിയൂസ് പിതാവിന്‍റേതാണ്.

ജന്മശതാബ്ദി അനുസ്മരണം
പിതാവിന്‍റെ ജന്മശതാബ്ദി വര്‍ഷമാണിത്. 1918-ല്‍ സെപ്തംബര്‍ 8-ന് കൊടുങ്ങല്ലൂര്‍ പട്ടണപ്രാന്തത്തിലെ കാരയില്‍ ജനിച്ചു. 1945-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1971-1987 കാലയളവില്‍ വിജയപുരം രൂപതയുടെ മെത്രാനായിരുന്നു. 1987-മുതല്‍ 1996-ല്‍ സ്ഥാനമൊഴിയുംവരെ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ചു. 2011-ല്‍ കാലംചെയ്യുംവരെ കര്‍മ്മനിരതനായിരുന്നു.

സംസ്കൃതപണ്ഡിതനും, ഹൈന്ദവപൂരാണ വൈജ്ഞാനീയ നിപുണനും, കവിയും, വാഗ്മിയുമായിരുന്നു ആര്‍ച്ചുബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍. തിരുമേനിയുടെ കൈവയ്പുശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിക്കാന്‍ അടിയനു ഭാഗ്യമുണ്ടായതും സന്തോഷത്തോടെ ഇവിടെ അനുസ്മരിക്കട്ടെ! പണ്ഡിതനായ ഈ ആത്മീയാചാര്യനെ ജന്മശതാബ്ദിവര്‍ഷത്തില്‍ സ്നേഹാദരങ്ങളോടെ ഓര്‍ക്കുന്നു. ഈ ഓര്‍മ്മ തിരുമേനിയുമായി ഇടപഴകിയിട്ടുള്ള സകലര്‍ക്കും അനുഗ്രഹമാവട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

യേശുവേ രക്ഷകാ...!

യേശുവേ, രക്ഷകാ, ജീവനാഥാ
വേഗം വരേണമെന്‍ സ്നേഹനാഥാ
കല്ലോലമാലകള്‍ പൊങ്ങിടുമ്പോള്‍
ആകുലചിന്തകള്‍ തിങ്ങിടുന്നു (2)
- യേശവേ രക്ഷകാ...

താഴോട്ടു താഴുന്നു ഞാനാഴിയില്‍
ആശകള്‍ ആകെ തകര്‍ന്നിടുന്നു
ആഴിതന്‍ മീതെ നടന്ന നാഥാ
കെല്പെഴും നിന്‍കരം നീട്ടിടേണേ. (2)
- യേശവേ രക്ഷകാ...

കേപ്പയെ താഴാതെ കാത്തവനേ
മുങ്ങുമീ എന്നെ നീ താങ്ങിടേണേ
അന്ത്യമെന്‍ ലക്ഷ്യത്തില്‍ എത്തിക്കണേ
നീയല്ലോ എന്‍ ശാന്തി നിത്യശാന്തി (2)
- യേശുവേ രക്ഷാ...

ലളിതവും വൃത്തബദ്ധവുമായ വരികള്‍, ദൈവശാസ്ത്രപരമായ കൃത്യത, തിരുവചനധ്യാനം, യുഗാന്ത്യോന്മുഖത എന്നിവ പിതാവിന്‍റെ രചനകളുടെ പ്രത്യേകതയാണ്.

നന്ദിപൂര്‍വ്വം
യേശുദാസ് മീഡിയ കമ്പനിക്കുവേണ്ടി ‘എയ്ഞ്ചല്‍ റെക്കോര്‍ഡ്സ്’ ഈ ഗാനങ്ങള്‍ ഇന്നും കേരളത്തിന് അകത്തും പുറത്തും വിപണിയില്‍ എത്തിക്കുന്നുണ്ട്. ഈ നല്ല ഗാനങ്ങളുടെ നിര്‍മ്മാണത്തിന് കാരണഭൂതനായ പത്മവിഭൂഷണ്‍ കെ. ജെ.യേശുദാസ്, ഗായിക കെ.എസ്. ചിത്ര, സഹകരിച്ച മറ്റ് കലാകാരന്മാര്‍ എന്നിവരെ നന്ദിയോടെ ഓര്‍ക്കുന്നു.

27 October 2018, 19:41