തിരയുക

Vatican News
അമ്മയുടെ സ്നേഹസ്മരണയില്‍ അമ്മയുടെ സ്നേഹസ്മരണയില്‍ 

‘പാവങ്ങളുടെ അമ്മ’യ്ക്കൊരു സ്നേഹപ്രണാമം!

‘പാവങ്ങളുടെ അമ്മ’യെന്ന് ലോകം വിളിക്കുന്ന കല്‍ക്കട്ടയിലെ മദര്‍ തെരേസയെക്കുറിച്ചൊരു സ്നേഹസ്മരണ! ജീവിതസ്മരണകള്‍ അവസാനിക്കുന്നത് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കവിതയോടെ... ആലാപനം ജി. വേണുഗോപാല്‍, ജെയ്സണ്‍ നായരുടെ സുന്ദരമായ ഈണത്തില്‍...!

അവതരണം : ജോളി അഗസ്റ്റിനും  ഫാദര്‍ വില്യം നെല്ലിക്കലും

ശബ്ദരേഖ - അമ്മയുടെ സ്നേഹസ്മരണയില്‍

വഴിത്തിരിവായ സംഭവം
സെപ്റ്റംബ്ര്‍ 10, 1946. മദ്ധ്യാഹ്നം! മഴപെയ്യുന്നുണ്ടായിരുന്നു. സിസ്റ്റര്‍ തെരേസാ കല്‍ക്കട്ടയില്‍നിന്നും ഡാര്‍ജിലിങ്ങിലേയ്ക്കുള്ള തീവണ്ടി കയറി. പുറപ്പെടാന്‍ സമയമായി. വണ്ടി പ്ലാറ്റ്ഫോമില്‍നിന്നും നീങ്ങിത്തുടങ്ങി. അപ്പോഴാണ് കൈനീട്ടിപ്പിടിച്ച ഭിക്ഷുവിനെ കണ്ടത്. കൈയ്യിലുണ്ടായിരുന്ന ഒരു രൂപാ നാണയം മെല്ലെ എറിഞ്ഞ് ആ പാവം മനുഷ്യനു കൊടുക്കാന്‍ മദര്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ക്കത് സ്വീകരിക്കാനായില്ല. കൈകള്‍ ശുഷ്ക്കിച്ചതായിരുന്നു. അയാള്‍ കുഷ്ഠരോഗിയായിരുന്നു. നാണയം തെറിച്ചു പ്ലാറ്റഫോമില്‍ വീണു, കണ്ടുനിന്നൊരു പാവം പയ്യന്‍ ഓടിവന്ന് അതെടുത്തു. മദറിനെ നോക്കി പുഞ്ചിരിച്ചിട്ട്, കിട്ടിയ സമ്മാനവുമായി അവന്‍ ഓടി മറഞ്ഞു.

വേദനിക്കുന്ന മനുഷ്യനു പിന്നില്‍ മറഞ്ഞിരിക്കുന്ന  ഈശ്വരന്‍!
ഭൂമിയിലെ മനുഷ്യരുടെ നിലവിളികള്‍ക്കും, നെടുവീര്‍പ്പുകള്‍ക്കും, നിശ്ശബ്ദതകള്‍ക്കും പിന്നില്‍ മറഞ്ഞുനില്ക്കുന്നത് ദൈവം തന്നെയെന്ന വെളിപാടാണ് അന്നു സിസ്റ്റര്‍ തെരേസയ്ക്കു ലഭിച്ചത്. ദൈവത്തിലേയ്ക്ക് എത്തിയവര്‍ക്കേ മനുഷ്യരിലേയ്ക്ക് എത്തിപ്പെടാനാകൂ! ദൈവാനുഭവം ഉണ്ടായവര്‍ക്ക് മനുഷ്യരെ സ്നേഹിക്കാതിരിക്കാന്‍ ആവില്ല. അസ്സീസിയിലെ ഫ്രാന്‍സിസ് കുഷ്ഠരോഗിയുടെ വ്രണങ്ങള്‍ ചുംബിച്ചപ്പോള്‍ ആ മുറിപ്പാടുകള്‍ എല്ലാം ഞൊടിയിടയില്‍ സൗഖ്യപ്പെട്ടു. ഒടുവില്‍ അവശേഷിച്ചത് പഞ്ചക്ഷതങ്ങളായിരുന്നു. ഇരുപാദങ്ങളിലും കരങ്ങളിലും പിന്നെ വിലാവിലും! കുഷ്ഠരോഗി ക്രിസ്തുവായി!! മുറിവേല്‍ക്കപ്പെട്ട മനുഷ്യരുടെ പിന്നിലൊക്കെ ഒളിച്ചുനില്‍ക്കുന്നത് അങ്ങു തന്നെയാണല്ലോ, ദൈവമേ!!! ദൈവത്തിനു ചിലപ്പോള്‍ പനിക്കുന്നു. ചിലപ്പോള്‍ തപിക്കുന്നു. ചിലപ്പോള്‍ ഏകാകിയാകുന്നു. ചിലപ്പോള്‍ വിശക്കുന്നു. മനുഷ്യരോടുള്ള ഇഷ്ടംതന്നെ ദൈവത്തോടുള്ള ആരാധന…. “എന്‍റെ എളിയവര്‍ക്കായ് നിങ്ങള്‍ ചെയ്ത നന്മകള്‍... എനിക്കുതന്നെയാണ് ചെയ്തത്...”  (മത്തായി 25, 40).

സേവനത്തിന്‍റെ ശുഷ്ക്കിച്ച കരങ്ങള്‍!
ഒരിക്കല്‍, ബാംഗളൂര്‍ എയര്‍പ്പോര്‍ട്ടില്‍ സുഹൃത്തിനെ കാത്തിരിക്കയായിരുന്നു. യാത്രക്കാര്‍ പുറത്തേയ്ക്കു വരുന്ന വഴിയിലേയ്ക്കും (Passengers Exit) നോക്കി കണ്ണുംനട്ട് ഇരിക്കുമ്പോള്‍,  ലോഞ്ചില്‍നിന്നും ആദ്യം ഇറങ്ങിവന്നത് – കൈത്തണ്ടില്‍ ചെറിയ തുണിസഞ്ചി തൂക്കിയിട്ട്, വെള്ളയില്‍ നീലക്കരയുള്ള സാരിയണിഞ്ഞ കൃശഗാത്രയായ സന്ന്യാസിനി - മദര്‍ തെരേസാ! ഓടിച്ചെന്ന് മദറിന്‍റെ ശുഷ്ക്കിച്ച കരങ്ങള്‍ ചുംബിച്ചപ്പോള്‍ എന്‍റെ ആത്മാവിലൂടെ ഒരു വിറയല്‍ പാഞ്ഞു. എത്രയെത്ര അനാഥബാല്യങ്ങള്‍ക്ക് ജീവന്‍നല്കിയ കൈകളാണവ. ദൈവത്തിനായി പണിയെടുക്കുന്ന കൈകള്‍, ദൈവതിരുമുന്‍പില്‍ ഇന്നും നമുക്കായി കൂമ്പിനില്ക്കുന്ന കരങ്ങള്‍!  പ്രായാധിക്യംകൊണ്ടെന്നതിനെക്കാള്‍, ആത്മീയതയുടെ തീവ്രതകൊണട് ശുഷ്ക്കിച്ച്, ചുക്കിച്ചുളുങ്ങിയ മുഖം. എങ്കിലും ആ മുഖത്തിനു പിന്നില്‍ കരുണയുടെ പുഴകള്‍ മുറിയാതെ ഒഴുകുന്നു. അതിനുമേലെ ദൈവകൃപയുടെ സൂര്യന്‍ സദാ തെളിഞ്ഞു നില്ക്കുന്നതുപോലെയും! അങ്ങനെ പറയുവാനാണ് മനസ്സു പരുവപ്പെട്ടത്. അനാകര്‍ഷകമെന്ന് ആദ്യം തോന്നിയേക്കാവുന്ന ആ മുഖത്തിന് പിന്നില്‍ അഭൗമദീപ്തിയുടെ വലയം വെളിപ്പെട്ടുകിട്ടിയത് ആര്‍ദ്രമായ ക്രിസ്തു സ്നേഹത്തിലൂടെയും കാരുണ്യത്തിലൂടെയുമാണെന്ന് അമ്മയുടെ ജീവിതം വെളിപ്പെടുത്തുന്നു. കരുണയുടെ ജൂബിലിവത്സരം - സെപ്തംബര്‍ 4-‍Ɔο തിയതി, അന്നൊരു ഞായറാഴ്ചയായിരുന്നു വാഴ്ത്തപ്പെട്ട മദര്‍ തെരേസായെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയത് മാനവകുലത്തിന് കൃപാവര്‍ഷര്‍മായിരുന്നു! ദേവക്കരുണയുടെ കൃപാവര്‍ഷം!

കര്‍മ്മംകൊണ്ട് ഇന്ത്യയ്ക്ക് പ്രിയപ്പെട്ടവള്‍
 ‘തമസ്സോമാ, ജ്യോതിര്‍ഗമയ,’ എന്ന് എത്ര നൂറ്റാണ്ടുകളായി ഈ ഭാരത മണ്ണിലുയരുന്ന പ്രാര്‍ത്ഥനകള്‍ ദൈവത്തിന്‍റെ സന്നിധിയില്‍ എത്തുന്നുണ്ടാവും. അതുകൊണ്ടാവണം അല്‍ബേനിയയിലെ സ്കോപ്ജെ നഗരത്തില്‍, ഇന്നത്തെ മാസിഡോണിയായുടെ തലസ്ഥാനമായ സ്ക്കോപ്ജെയില്‍ ജനിച്ച സ്ത്രീ കര്‍മ്മംകൊണ്ട് ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ടവളായി മാറിത്. വെളുത്ത സാരിയില്‍ നീലക്കരയുമായി നാടിന്‍റെ ചേരികളിലൂടെ അമ്മ നടന്നപ്പോള്‍  കല്‍ക്കട്ടയിലെ ഏതൊരു തൊഴിലാളി സ്ത്രീയെയും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ആ ലോലമായ നടപ്പ്. ബംഗാളി സ്ത്രീകള്‍ സാരിത്തുമ്പില്‍ താക്കോല്‍ കെട്ടിയിടുന്ന സ്ഥാനത്ത് കുരിശുരൂപം തൂക്കിയിരിക്കുന്നു – സകല താഴുകളും തുറക്കാന്‍ പോരുന്ന, മാസ്മരികതയുള്ള ഏകതാക്കോല്‍. സുഖദുഃഖങ്ങളുടെ ആത്മീയ രഹസ്യങ്ങളിലൂടെ സഞ്ചരിച്ച് മഹത്വത്തിന്‍റെ ആകാശങ്ങളിലേയ്ക്കെത്തുന്ന ജപമാലയുടെ ബലവും മദറിന്‍റെ വെളുത്ത സാരിയില്‍ തെളിഞ്ഞു കാണാം. പിന്നെ കുറച്ചു ധനവുമുണ്ട്–അഞ്ചുരൂപ!   ലൊരേറ്റോ കന്യകാലയത്തിന്‍റെ പരമ്പരാഗത ശീലങ്ങളില്‍നിന്ന് പുറത്തു കടന്നപ്പോള്‍ ഇതായിരുന്നു സിസ്റ്റര്‍ തെരേസയുടെ ക്യാപ്പിറ്റല്‍-അഞ്ചുരൂപ! പിന്നെ കടലോളം സ്നേഹവും!!

പാവങ്ങളുടെ പശിയടക്കാന്‍
വത്തിക്കാനില്‍നിന്നുമുള്ള അനുവാദത്തോടും ആശീര്‍വാദത്തോടുംകൂടിയാണ് ഒരു ആത്മീയ സ്വാതന്ത്ര്യലബ്ധിയുടെ അഭിമാനത്തോടെ പാവങ്ങള്‍ക്കായുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെ ജീവിതം സിസ്റ്റര്‍ തെരേസ ആരംഭിച്ചത്. 1946 ആഗസ്റ്റ് 16-Ɔο തിയതിയായിരുന്നു ആ ചരിത്രദിനം. 

അമ്മയുടെ ജീവിതത്തെ ഉലച്ചത്, മത്തായിയുടെ സുവിശേഷം  (മത്തായി 25, 35-40) ഇരുപത്തഞ്ചാമദ്ധ്യായം, മുപ്പത്തിയഞ്ച് മുതല്‍ നാല്‍പ്പതുവരെയുള്ള വാക്യങ്ങളായിരുന്നു. അക്ഷരമായിട്ടല്ല, ജീവിതാവസാനംവരെ പ്രതിധ്വനിക്കുന്ന ദൈവികശബ്ദമായിട്ടാണ് മദര്‍ തെരേസായുടെ ജീവിതത്തെ അത് കീഴടക്കിയത്.  “എന്തെന്നാല്‍ എനിക്കു വിശന്നു. നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു. നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു, നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരഗൃഹത്തിലായിരുന്നു, നിങ്ങള്‍ എന്‍റെ അടുത്തു വന്നു. അപ്പോള്‍ നീതിമാന്മാര്‍ ഇങ്ങനെ മറുപടി പറയും. കര്‍ത്താവേ, അങ്ങയെ വിശക്കുന്നവനായിക്കണ്ട് ഞങ്ങള്‍ ആഹാരം നല്കിയതും, നഗ്നനായിക്കണ്ട് ഉടുപ്പിച്ചതും എപ്പോഴാണ്?  അങ്ങയെ ഞങ്ങള്‍ രോഗാവസ്ഥയിലോ കാരാഗൃഹത്തിലോ കണ്ടു സന്ദര്‍ശിച്ചത് എപ്പോഴാണ്? രാജാവ് മറുപടി പറയും. സത്യമായി ഞാന്‍ പറയുന്നു, എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്.” Mt.25, 35-40

ആനന്ദനഗരത്തന് താങ്ങായി ഒരമ്മ! 
ദൈവികാഹ്വാനത്തിന്‍റെ ആന്തരിക സ്വരം ശ്രവിച്ച മാത്രയില്‍, സിസ്റ്റര്‍ തെരേസാ ഇറങ്ങി പുറപ്പെട്ടു. കല്‍ക്കട്ടയുടെ, ആനന്ദനഗരത്തിന്‍റെ  തെരുവുകളിലേയ്ക്കിറങ്ങി ... into the streets of the City of Joy.. ! Kolkotta!! അങ്ങനെ സിസ്റ്റര്‍ തെരേസാ, മദര്‍ തെരേസയായി മാറി. പാവങ്ങള്‍ക്കും, രോഗികള്‍ക്കും, അനാഥര്‍ക്കും, തെരുവിലെറിയപ്പെട്ട ചോരക്കുഞ്ഞുങ്ങള്‍ക്കും, തെരുവോരങ്ങളില്‍ മരിക്കുന്നവര്‍ക്കും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും ആ താപസ്വി അമ്മയായി.  ഭാരതത്തില്‍ മാത്രമല്ല, പിന്നെ ലോകത്തിന്‍റെ നാനാഭാഗത്തേയ്ക്കും ക്രിസ്തുവിന്‍റെ കരുണയും സ്നേഹവുമായി മദര്‍ ഇറങ്ങിപ്പുറപ്പെട്ടു. ആയിരങ്ങള്‍ അമ്മയെ അനുഗമിച്ചു. “ഈ ജീവിതം കഠിനമാണ്. ദാരിദ്ര്യമാണെന്‍റെ സമ്പത്ത്. പാവങ്ങളാണെന്‍റെ ബന്ധുക്കള്‍!”  തന്നെ പിന്‍ചെന്നവരോട് മദര്‍ പറയുമായിരുന്നു. അങ്ങനെ പുണ്യവതിയെ അനുഗമിച്ചിറങ്ങിയ വ്രതധാരികളായ നൂറുകണക്കിനു സ്ത്രീരത്നങ്ങള്‍ പാവങ്ങളുടെ മിഷണറിമാരായി, അവര്‍ ക്രിസ്തുവിന്‍റെ ‘ഉപവിയുടെ മിഷണറി’മാരായി മാറി – The Missionaries of Charity പിറവിയെടുത്തു. അത് 1950 ഒക്ടോബര്‍ 7-Ɔο തിയതിയായിരുന്നു.

മനുഷ്യര്‍ക്കു  സാന്ത്വനമായി ഒരാഗോള പ്രസ്ഥാനം
ലോകം ഈ പാവപ്പെട്ട സ്ത്രീയുടെ നന്മ തിരിച്ചറിഞ്ഞു. മറ്റു രാജ്യങ്ങള്‍... കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍പോലും ആതുരശുശ്രൂഷയ്ക്കായി മദറിന്‍റെയും സഹോദരിമാരുടെയും സേവനങ്ങള്‍ ആവശ്യപ്പെട്ടു. ലോകത്ത് എവിടെയും പാവങ്ങളും രോഗികളും തെരുവോരത്തെ മനുഷ്യരും ചേരികളിലുള്ളവരും മിഷണറീസ് ഓഫ് ചാരിറ്റീസില്‍ ക്രിസ്തുവിന്‍റെ ആര്‍ദ്രമായ സ്നേഹം അനുഭവിച്ചു. മനുഷ്യകുലത്തിന്‍റെ യാതനകളെ ക്രിസ്തുസ്നേഹത്താല്‍ ഒപ്പിയെടുക്കുന്ന, സൗഖ്യപ്പെടുത്തുന്ന മദറിന്‍റെ ആത്മീയസിദ്ധിയെ ലോകം അന്യൂനമെന്നും, കാലികമായ സേവനമെന്നും തിരിച്ചറിഞ്ഞു. അനാഥരും പാവങ്ങളും, അംഗവൈകല്യവുമുള്ള കുഞ്ഞുങ്ങള്‍ക്കായി, 1955 കല്‍ക്കട്ടയില്‍ തുടങ്ങിയ “നിര്‍മ്മല്‍ ശിശുഭവന്‍”  മദറിന്‍റെ പ്രവര്‍ത്തനങ്ങളുടെ പ്രഥമ സ്ഥാപനവത്കൃത രൂപമായിരുന്നു.

സാന്ത്വനത്തിന് സമവാക്യമായി ‘മദര്‍’
പത്മശ്രീ, ഭാരതരത്നം, ഷ്വറ്റ്സര്‍, ടെബിള്‍ടണ്‍ പുരസ്ക്കാരങ്ങള്‍ അമ്മയ്ക്ക് നല്‍കപ്പെട്ടു. 1979-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനവും....! തന്‍റെ സമ്മാനങ്ങള്‍ പാവങ്ങള്‍ക്കുള്ളതാണെന്ന് മദര്‍ പറയുമായിരുന്നു. സമ്മാനങ്ങള്‍ വിറ്റും, സമ്മാനത്തുക ഉപയോഗിച്ചും കുഷ്ഠരോഗികള്‍ക്കുള്ള ആശുപത്രികളും ആതുരാലയങ്ങളും അമ്മ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പണിതുയര്‍ത്തി. എന്നാല്‍ ആ സമ്മാനങ്ങളെക്കാളുമൊക്കെ എത്രമേലാണ് ‘മദര്‍’ എന്നു മാത്രം പറഞ്ഞാല്‍. അത് തെരേസായെന്ന സ്ത്രീയുടെ പര്യായമായിരിക്കുന്നു. തെരേസാ എന്ന പേരിന് ലളിതമായ സമവാക്യമായിട്ടാണ് കാലം അത് രൂപപ്പെടുത്തിയത്. ജന്മം നല്‍കുന്നതു വഴിയല്ല, നിലപാടും, കര്‍മ്മവും വഴിയാണ് ഒരാള്‍ അമ്മയായി മാറുന്നുവെന്നുള്ള സദ്ചിന്തയെ ബലപ്പെടുത്തുന്നതായിരുന്നു മദര്‍ തെരേസായുടെ ജീവിതം.

“ജീവന്‍ ദൈവത്തിന്‍റെ ദാനമാണ്. വിശിഷ്യാ ഒരു അജാത ശിശുവിന്‍റെ ജീവന്‍ വിലപ്പെട്ടതാണ്! ജനിച്ചിട്ടില്ലെങ്കിലും അവനോ അവളോ ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യകുടുംബത്തിലെ അംഗമാണ്. പിന്നെ ഒരു വ്യക്തിയെ സ്നേഹിക്കുക, സ്നേഹിക്കപ്പെടുക എന്നതും മഹത്തായ കാര്യമാണ്...!” ഈ ആത്മീയതയില്‍ തന്‍റേതായ ഭാഷ്യം രൂപപ്പെടുത്തിയെങ്കിലും സിസ്റ്റര്‍ തെരേസായുടെ മനസ്സ് ചിലപ്പോഴൊക്കെ ദൈവത്തില്‍നിന്നും അകന്നു പോയപോലെ.... ആത്മാവിന്‍റെ ഇരുണ്ട രാത്രികളിലൂടെ മദര്‍ തെരേസായും കടന്നുപോയിട്ടുണ്ട്.

ഇനിയും പെരുകുന്ന പാവങ്ങള്‍!
ദൈവമേ, മനുഷ്യയാതനകള്‍ക്ക് അറുതിയില്ലേ! ഇത്രയേറെ പാവങ്ങളും പരിത്യക്തരും എന്തിന്? ആയിരങ്ങളെ കൈവെടിയുന്ന അങ്ങ്, വിണ്ണിലിരുന്ന് ഉറങ്ങുകയാണോ? ദൈവം ഉണ്ടോ!?   എന്ന് സംശയിച്ച ചില ദിനങ്ങളും വരികളും ഉണ്ടായിരുന്നുവെന്ന് അമ്മയുടെ ഡയറിക്കുറിപ്പുകള്‍ വെളിപ്പെടുത്തുന്നു. സ്നേഹിതരെയും, അടുത്തറിയുന്നവരെയും അത് അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയിട്ടുണ്ട്. നാമകരണത്തിനുള്ള നടപടികളെ അത് തണുപ്പിക്കുമെന്ന് പലരും ഭയപ്പെട്ടു. എന്നാല്‍ അത്രത്തോളം നിര്‍മ്മലമായിരുന്നു അമ്മയുടെ ദൈവാന്വേഷണത്തിന്‍റെ സ്നേഹദര്‍ശനം എന്നുവേണം മനസ്സിലാക്കാന്‍. അധികകാലം ആര്‍ക്കും മരുഭൂമിയിലൂടെ നടക്കേണ്ടി വരില്ല.

ആ സ്നേഹസമര്‍പ്പണം, മഹാകാരുണ്യത്തിന്‍റെ മനുഷ്യരൂപം വീണ്ടും കൃപയുടെ തീരങ്ങളിലെത്തി.  തന്‍റെ പ്രേഷിത ജോലിയെ ബലപ്പെടുത്താന്‍ 1963-ല്‍ മദര്‍ പുരുഷന്മാര്‍ക്കുള്ള “ഉപവിയുടെ സഹോദരന്മാര്‍” സന്ന്യാസസമൂഹവും സ്ഥാപിച്ചു. പാവങ്ങള്‍ക്കായുള്ള ശുശ്രൂഷാജീവിതത്തില്‍ അനിവാര്യമായ പ്രാര്‍ത്ഥനയുടെ ശക്തി മനസ്സിലാക്കിയിട്ടുള്ള മദര്‍ 1976-ല്‍ സിസ്റ്റേഴ്സിനുവേണ്ടി ഒരു ആരാധനസമൂഹവും തുടങ്ങിയത് ഇന്നും സജീവമാണ്.

ജീവിതത്തില്‍ ശരികേടുകള്‍ 
ജീവിതത്തില്‍ അനിഷ്ടങ്ങള്‍ തോന്നിയ സമയം ഉണ്ടായിരുന്നു. എല്ലാനല്ലതിനും ചില ശരികേടുകള്‍ കണ്ടില്ലെങ്കില്‍ എന്തു ജീവിതം! അമ്മ മെല്ലെ മെല്ലെ ആരാധനാപാത്രമായിത്തീരുന്നു. ഒരാള്‍ വിഗ്രഹമായി മാറുവാന്‍ അയാളെന്തു ചെയ്തിട്ടുണ്ടെന്ന് വിമര്‍ശിക്കുന്നവര്‍ എപ്പോഴുമുണ്ടല്ലോ. ഉപവിയുടെ പ്രവര്‍ത്തനങ്ങള്‍ നീതിക്കായുള്ള പോരാട്ടങ്ങളെ മെല്ലെ തണുപ്പിക്കുന്നു എന്നത് മൗലികവും ആകര്‍ഷകവുമായ ചിന്തയായിരുന്നു, വിമര്‍ശനമായിരുന്നു! പാവങ്ങള്‍ക്ക് ഒരു നേരത്തെ മീന്‍ കൊടുത്തിട്ട് എന്തുകാര്യം, അവരെ ചൂണ്ടയിടാന്‍ പഠിപ്പിക്കണം, എന്നൊക്കെയുള്ള ലളിതമായ പഴഞ്ചൊല്ലു തൊട്ട്, അതിസങ്കീര്‍ണ്ണമായ സാമൂഹിക അപഗ്രഥനങ്ങള്‍വരെ വിമര്‍ശകരുടെ തലയില്‍ കടന്നുകൂടിയ സമയത്തായിരുന്നു അത്. അമ്മ അതിനെല്ലാം നിഷ്ക്കളങ്കമായി തന്‍റെ ജീവസമര്‍പ്പണംകൊണ്ടു മറുപടിപറഞ്ഞു.

എല്ലാവരും ദൈവമക്കള്‍
“ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നുവെന്ന് ആരെങ്കിലും പറയുകയും, സ്വന്തം സഹോദരനെ വെറുക്കുകയും ചെയ്താല്‍ അവന്‍ കളവു പറയുകയാണ്. കാരണം കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന്, കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാന്‍ സാധിക്കുകയില്ല. വിശന്നപ്പോള്‍ നിങ്ങളെനിക്ക് ഭക്ഷിക്കാന്‍ തുന്നു. ഭക്ഷണം മാത്രമല്ല, സ്നേഹവും....! മനുഷ്യാന്തസ്സും തന്നു മാനിച്ചു...!” (cf. 1Jn.4, 20).  ദൈവം സ്നേഹിച്ചതുപോലെ സഭയും അമ്മയെ സ്നേഹിക്കുന്നതിന്‍റെ അടയാളമായി മദര്‍ തേരാസയെ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക ഉയര്‍ത്തി –  2003 ഒക്ടോബര്‍ 19-തായിരുന്ന ആ ശ്രേഷ്ഠദിനം.

“ഓരോരുത്തരും സൃഷ്ടിക്കപ്പെട്ടത് സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനുമാണ്. മനുഷ്യര്‍ ഹിന്ദുവോ മുസല്‍മാനോ ക്രിസ്ത്യനോ... ആരുമാവട്ടെ! ഏതു ജാതിയോ മതമോ ആവട്ടെ, നാം ദൈവമക്കളാണ്. ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരാണ്!”

 കാരുണ്യത്തിന്‍റെ അമ്മ 
ദൈവസ്നേഹത്തിന്‍റെ ആ ഭദ്രദീപം കാലചക്രം വിരിയിച്ച ചെറുകാറ്റില്‍ അണഞ്ഞുപോയി.  87-Ɔമത്തെ വയസ്സില്‍... 1997 സെപ്തംബര്‍ 5-Ɔο തിയതിയായിരുന്നു അത്. അന്തിമോപചാര കര്‍മ്മത്തില്‍ അമ്മയുടെ പുണ്യദേഹത്തിനു പിന്നാലെ പാവപ്പെട്ട മനുഷ്യര്‍ നെഞ്ചത്തടിച്ചു കരഞ്ഞു നീങ്ങിയത്. ലോകം കണ്ടതല്ലേ! തന്‍റെ എളിയ ജീവിതം ലോകത്തുള്ള അഗതികള്‍ക്കായി സമര്‍പ്പിച്ചുകൊണ്ടും, ആയിരങ്ങള്‍ക്ക് സാന്ത്വനമായും ജീവിച്ച അമ്മ കടന്നുപോയിട്ട് 21 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഒരു മാടപ്പിറാവിനെപ്പോലെ നമ്മില്‍നിന്നും പറന്നകന്ന അമ്മയുടെ പുണ്യപാദങ്ങളെ മാനവകുലം എന്നും പ്രണമിക്കാന്‍ കല്‍ക്കട്ടയിലെ കരുണാര്‍ദ്രയായ അമ്മയെ നമുക്ക് മാതൃകയും മദ്ധ്യസ്ഥയുമായി സഭ നല്കിയിരിക്കുന്നു. നമ്മില്‍ എളിയവരോട് സഹജീവികളോട് കരുണയും സ്നേഹവുമുള്ളവരായി ജീവിക്കാന്‍ പുണ്യവതിയായ അമ്മ നമ്മെ തുണയ്ക്കട്ടെ! ആ പാവനപാദങ്ങളെ, സനേഹപൂര്‍വ്വം പ്രണമിക്കാം!

 

16 September 2018, 17:00