തിരയുക

Vatican News
കരുണാനിധിക്ക് അന്ത്യാഞ്ജലി കരുണാനിധിക്ക് അന്ത്യാഞ്ജലി  (AFP or licensors)

തമിഴകത്തിന്‍റെ “കലൈഞ്ജര്‍” കരുണാനിധി ഓര്‍മ്മയായി

തമിഴ്നാടിന്‍റെ മൂന്നാമത്തെ മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടിയുടെ നേതാവുമായ ഡോ. എം. കരുണാനിധി ആഗസ്റ്റ് 7-‍Ɔο തിയതി ചൊവ്വാഴ്ച ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ അന്തരിച്ചു. ഭൗതികശേഷിപ്പുകള്‍ മരീനാ തീരത്തുള്ള അണ്ണാസ്മാരക ചത്വരത്തില്‍ ഔപചാരിക ബഹുമതികളോടെ ആഗസ്റ്റ് 8, ബുധനാഴ്ച വൈകുന്നേരം സംസ്ക്കരിച്ചു. തമിഴകത്തിന്‍റെ രാഷ്ട്രീയ കുലപതിയും സാഹിത്യകാരനും തിരക്കഥാകൃത്തുമായ “കലൈഞ്ജര്‍”ക്ക് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പ്രായോഗികതയും ബുദ്ധിവൈഭവവുമുള്ള രാഷ്ട്രീയ നേതാവായിരുന്നു തമിഴ്നാടിന്‍റെ അന്തരിച്ച മുഖ്യമന്ത്രി കലൈഞ്ജര്‍ ഡോ. എം. കരുണാനിധിയെന്ന് (1924-2018) ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയദോര്‍ മസ്ക്കരേനസ് പ്രസ്താവിച്ചു.

ആഗസ്റ്റ് 7-Ɔο തിയതി ചൊവ്വാഴ്ച പ്രായാധിക്യത്തിന്‍റെ ശാരീരിക ആലസ്യങ്ങളുമായി ചെന്നൈയില്‍ 94-Ɔമത്തെ വയസ്സില്‍ അന്തരിച്ച കലൈഞ്ജറിന്‍റെ ചരമവാര്‍ത്ത അറിഞ്ഞ ഉടനെ ഡെല്‍ഹിയിലെ സിബിസിഐ ഓഫിസില്‍നിന്നുമാണ് ബിഷപ്പ് തിയദോര്‍ അനുശോചനസന്ദേശം അയച്ചത്.

തമിഴകത്തിനും ഭാരതത്തിനു പൊതുവെയും കലൈഞ്ജര്‍ കരുണാനിധി നല്കിയിട്ടുള്ള രാഷ്ട്രീയ സംഭാവനകള്‍ ബൃഹത്തും മഹത്തരവുമായിരുന്നു. ദ്രാവിഡ സമുദായാംഗമായ ഈ ജനപ്രിയ നായകന്‍ തമിഴകത്തിന്‍റെ രാഷ്ട്രീയ നഭസ്സില്‍ മൂന്നു പതിറ്റാണ്ടില്‍ അധികം തിളങ്ങിയ താരമാണ്. സമൂഹത്തിലെ താഴെക്കിടക്കാരുടെയും സാധാരണക്കാരുടെയും ഉന്നമനത്തിനായി അതുല്യസംഭാവനകള്‍ അദ്ദേഹം നല്കിയിട്ടുണ്ടെന്നും ബിഷപ്പ് തിയദോര്‍ വിലയിരുത്തി.  

നാടിന്‍റെ സാമൂഹിക രാഷ്ട്രീയതലത്തില്‍ എന്നും അജാനബാഹുവായിരുന്ന ഡോ. എം. കരുണാനിധിയുടെ നിര്യാണത്തില്‍ ദേശിയ സഭ ദുഃഖം രേഖപ്പെടുത്തുകയും ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്തു. ക്രൈസ്തവരോടും ക്രൈസ്തവ പ്രേഷിത പ്രവര്‍ത്തനങ്ങളോടും കലൈഞ്ജര്‍ എന്നും കാട്ടിയിട്ടുള്ള പിന്‍തുണയ്ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ മനോഭാവത്തെ നന്ദിയോടെ അനുസ്മരിക്കുന്നതായി പ്രസ്താവിച്ചുകൊണ്ടാണ് റാഞ്ചി അതിരൂപതയുടെ സഹായമെത്രാന്‍കൂടിയായ ബിഷപ്പ് തിയദോര്‍ അനുശോചന സന്ദേശം ഉപസംഹരിച്ചത്.

08 August 2018, 17:45