തിരയുക

Vatican News
ഇമ്രാന്‍  ഇനി ജനനായകന്‍ ഇമ്രാന്‍ ഇനി ജനനായകന്‍ 

ഇമ്രാന്‍ ഖാന്‍റെ വിജയവും ക്രൈസ്തവരുടെ ആശങ്കയും

മുന്‍ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍റെ തിരഞ്ഞെടുപ്പു വിജയം പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ആശങ്കയോടെ കാണുന്നുവെന്ന്, ലാഹോറിലെ സമാധാന കേന്ദ്രത്തിന്‍റെ ഡയറക്ടര്‍, ഡൊമിനിക്കന്‍ വൈദികന്‍ ജെയിംസ് ചന്നന്‍ അറിയിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ക്രിക്കറ്റ്നായകന്‍ ഇനി ജനനായകന്‍
ജൂലൈ 25-ന്‍റെ പാക്കിസ്ഥാന്‍ പാര്‍ലിമെന്‍ററി തിരഞ്ഞെടുപ്പ് 31 കൊലപാതങ്ങളും ബൂത്തുപിടുത്തവും, കള്ളവോട്ടുകളും അതിക്രമങ്ങളും മൂലം ഭീതിദമായിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇമ്രാന്‍ കൂട്ടുമന്ത്രിസഭ രൂപീകരിച്ചാണ് അധികാരമേല്‍ക്കുന്നത്. ആഗസ്റ്റ് 11-Ɔο തിയതി ശനിയാഴ്ച ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദില്‍ സ്ഥാനമേല്‍ക്കും. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ സമകാലീന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ സുനില്‍ ഗവാസ്ക്കറെയും കപില്‍ ദേവിനെയും, സുഹൃത്തും ബോളിവൂഡ് താരവുമായ അമീര്‍ ഖാനെയും ക്ഷണിച്ചിരിക്കുന്നത് ഇമ്രാനിലെ സാംസ്ക്കാരിക പ്രതിഭയെ വെളിപ്പെടുത്തുന്നു!

എന്നും പീഡനമേറ്റു ക്രൈസ്തവര്‍
ഇന്നുവരെയും പാക്കിസ്ഥാനില്‍ വിവിധ തരത്തിലുള്ള സാമൂഹിക രാഷ്ട്രീയ നയങ്ങളാല്‍ പീഡിപ്പിക്കപ്പെട്ടിട്ടുള്ള ന്യൂനപക്ഷമായ ക്രൈസ്തവര്‍ ഇമ്രാന്‍ ഖാന്‍റെ വിജയത്തെയും തുടര്‍ന്നു പറവിയെടുക്കുന്ന കൂട്ടുകക്ഷി ഭരണത്തെയും ആശങ്കയോടെയാണ് കാണുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിനു മുന്‍പ് ക്രൈസ്തവരോട് ഭയപ്പെടരുതെന്നും, എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന, പാക്കിസ്ഥാന്‍റെ രാഷ്ട്രപിതാവി മുഹമ്മെദ് ജിന്നയുടെ മതേതര രാഷ്ട്രീയ ഭരണനയമാണ് താന്‍ വിഭാവനംചെയ്യുന്നതെന്നും ഇമ്രാന്‍ ഖാന്‍ പ്രചരണവേദികളില്‍ പ്രസ്താവിച്ചിട്ടുള്ളതായും ഫാദര്‍ ചിന്നന്‍ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു ആഗസ്റ്റ് 1-നു നല്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ദൈവദൂഷണക്കുറ്റവും മൗലികവാദവും
പാക്കിസ്ഥാനി തെഹെറീക്ക്-ഈ-ഇന്‍സാഫ് PTI പാര്‍ട്ടിയുടെ നേതാവായിട്ടാണ് ഇമ്രാന്‍ ഖാന്‍റെ വിജയം. വിവാദമായിട്ടുള്ള ദൈവദൂഷണക്കുറ്റ നിയമം, ഇസ്ലാം മൗലികവാദം എന്നിവ തെഹെറീക്ക്-ഈ-ഇന്‍സാഫ് പാര്‍ട്ടി മുറുകെപ്പിടിക്കുന്ന നിഗൂഢമായ നയങ്ങളാണ്. ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടി നീക്കങ്ങളെ തടസ്സമറ്റവയാക്കാന്‍ പാക്കിസ്ഥാനി മിലിട്ടറിയും രംഗത്തുണ്ടെന്ന വസ്തുതയും ഫാദര്‍ ചന്നന്‍ എടുത്തു പറഞ്ഞു.

03 August 2018, 11:27