തിരയുക

കർദിനാൾ റനിയേരോ കന്താലമേസ  കർദിനാൾ റനിയേരോ കന്താലമേസ  

നോമ്പുകാലധ്യാനത്തിനായി റോമൻ കൂരിയ പാപ്പായ്‌ക്കൊപ്പം

ഫെബ്രുവരി പത്തൊൻപതാം തീയതി മുതൽ അഞ്ചുദിവസത്തേക്ക് റോമൻ കൂരിയയിലെ അംഗങ്ങൾ ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം നോമ്പുകാലധ്യാനത്തിൽ പങ്കുകൊള്ളുന്നു. കഴിഞ്ഞവർഷങ്ങളിലെന്നപോലെ പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രസംഗകനായ കർദിനാൾ കന്താലമേസയാണ് ഈ വർഷവും ധ്യാനചിന്തകൾ പങ്കുവയ്ക്കുന്നത്.

വത്തിക്കാൻ ന്യൂസ്

ഫെബ്രുവരി പത്തൊൻപതാം തീയതി മുതൽ അഞ്ചുദിവസത്തേക്ക് റോമൻ കൂരിയയിലെ അംഗങ്ങൾ ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം നോമ്പുകാലധ്യാനത്തിൽ പങ്കുകൊള്ളുന്നു. കഴിഞ്ഞവർഷങ്ങളിലെന്നപോലെ പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രസംഗകനായ കർദിനാൾ കന്താലമേസയാണ് ഈ വർഷവും ധ്യാനചിന്തകൾ പങ്കുവയ്ക്കുന്നത്. ധ്യാനത്തിന് മുന്നോടിയായി പതിനെട്ടാം തീയതി നടന്ന മധ്യാഹ്നപ്രാർത്ഥനയുടെ അവസാനം  ഫ്രാൻസിസ് പാപ്പാ, പ്രാർത്ഥനയുടെ വർഷത്തിൽ ആചരിക്കുന്ന  ഈ നോമ്പുകാലത്തിൽ, പ്രത്യേകമായും ജൂബിലിക്കുവേണ്ടി ഒരുങ്ങുന്ന കാലഘട്ടത്തിൽ  ദൈവീകസാന്നിധ്യം തിരിച്ചറിയുവാനും, പ്രാർത്ഥിക്കുവാനും വിശ്വാസികളെ ആഹ്വാനം ചെയ്തു.

ധ്യാനത്തിന്റെ ഈ വാരത്തിൽ വത്തിക്കാൻ വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്ന സമൂഹ മാധ്യമങ്ങളിലൂടെ  കർദിനാൾ  കന്താലമേസയുടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള ധ്യാനചിന്തയും വിശ്വാസികൾക്കായി നൽകപ്പെടും. ഒരു ദിവസം മുഴുവൻ കർത്താവിനോടൊപ്പം ആയിരിക്കുവാനും, ആത്മാവിനു ഉന്മേഷം നൽകുവാനും ഈ ഒരു മിനിറ്റ് വീഡിയോയ്ക്ക് സാധിക്കുമെന്ന് കർദിനാൾ അടിവരയിട്ടു.

ധ്യാനചിന്തകൾ പങ്കുവയ്ക്കുന്ന ആദ്യവീഡിയോ ഫെബ്രുവരി പത്തൊൻപതാം തീയതിയാണ് പ്രസിദ്ധീകരിച്ചത്. യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം 38 , 39 വചനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് കർദിനാൾ സംസാരിച്ചത്. "എവിടെ താമസിക്കുന്നുവെന്ന" ആദ്യ ശിഷ്യന്മാരുടെ ചോദ്യത്തിന് "വന്നു കാണുക" എന്നാണ് യേശു ഉത്തരം നൽകുന്നത്. എന്നാൽ തന്റെ പിന്നാലെ വന്ന ശിഷ്യന്മാരോട് യേശു ചോദിക്കുന്ന ചോദ്യം ഏറെ പ്രസക്തമാണ്, "നിങ്ങൾ എന്ത് അന്വേഷിക്കുന്നു?". നമ്മുടെ ജീവിതത്തിൽ നാം എന്താണ് അന്വേഷിക്കുന്നതെന്ന അസ്തിത്വസമസ്യയാണിതെന്ന് കർദിനാൾ പറഞ്ഞു. ഇതിനുത്തരം ഉടനടി ലഭിക്കുന്നില്ലെങ്കിൽ പോലും,  എല്ലാവരും അന്വേഷിക്കുന്നത് 'ജീവിതത്തിന്റെ സന്തോഷമാണ്', കർദിനാൾ അടിവരയിട്ടു.

ഫ്രോയിഡിനു മുൻപ് വിശുദ്ധ ആഗസ്തീനോസ് പറഞ്ഞുവച്ച ഈ ജീവിതസന്തോഷത്തിന്റെ അടിസ്ഥാനം ഏറെ പ്രധാനപ്പെട്ടതാണ്. "നിനക്കായി ഞങ്ങളെ സൃഷ്ട്ടിച്ചു, അതിനാൽ നിന്നിൽ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയം അസ്വസ്ഥമാണ്", വിശുദ്ധ ആഗസ്തീനോസിന്റെ ഈ വാക്കുകൾ എടുത്തു പറഞ്ഞ കർദിനാൾ,  നമ്മുടെ സങ്കടങ്ങളുടെയും ഉത്കണ്ഠകളുടെയും യഥാർത്ഥ കാരണം "ദൈവം എന്ന ജീവജലത്തിൻ്റെ ഉറവിടത്തേക്കാൾ, വിണ്ടുകീറിയ ജലാശയങ്ങളിൽ വെള്ളം തേടിയതിലാണ്" എന്ന ജെറമിയ പ്രവാചകന്റെ  വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ട് ഉപസംഹരിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 February 2024, 11:18