തിരയുക

കർദിനാൾ മർച്ചേല്ലോ സെമരാരോ കർദിനാൾ മർച്ചേല്ലോ സെമരാരോ   (Vatican Media)

കത്തോലിക്കാ സഭയിൽ വിശുദ്ധരുടെയും, വാഴ്ത്തപ്പെട്ടവരുടെയും ഗണത്തിലേക്ക് ആറു പേർ കൂടി

വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ മർച്ചേല്ലോ സെമരാരോ ഫ്രാൻസിസ് പാപ്പായുടെ മുൻപിൽ സമർപ്പിച്ച ആറുപേരുടെ നാമകരണപരിപാടികൾക്കായുള്ള അപേക്ഷ അംഗീകരിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ പ്രഖ്യാപനം നടത്തി

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ മർച്ചേല്ലോ സെമരാരോ ഫ്രാൻസിസ് പാപ്പായുടെ മുൻപിൽ സമർപ്പിച്ച ആറുപേരുടെ നാമകരണപരിപാടികൾക്കായുള്ള അപേക്ഷ അംഗീകരിച്ചുകൊണ്ട് ജനുവരി ഇരുപത്തിനാലാം തീയതി  ഫ്രാൻസിസ് പാപ്പാ പ്രഖ്യാപനം നടത്തി.ഇവരിൽ ഒരാൾ വിശുദ്ധപദവിയിലേക്കും, മറ്റു അഞ്ചുപേർ വാഴ്ത്തപ്പെട്ടവരുടെ ഗണങ്ങളിലേക്കുമാണ് ഉയർത്തപ്പെട്ടിരിക്കുന്നത്.

വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന വാഴ്ത്തപ്പെട്ട സി.മാരി ലിയോണി പരദിസ് ഹോളി ഫാമിലി ലിറ്റിൽ സിസ്റ്റേഴ്‌സ് സഭയുടെ സ്ഥാപകയാണ്.1840 മെയ് 12 ന്  കാനഡയിലെ ക്യൂബെക്ക് പ്രവിശ്യയിലുള്ള അക്കാഡിയ എന്ന ഗ്രാമത്തിലാണ് ജനിച്ചത്.1912 മെയ് 3 ന് ഷെർബ്രൂക്കിൽ മരിച്ചു.വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1984 സെപ്തംബർ 11-ന് കാനഡയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയ്ക്കിടെ മോൺട്രിയലിൽ വെച്ച്  സി.മാരി ലിയോണി പരദിസിനെ  വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയർത്തപ്പെടുന്ന രൂപതാ പുരോഹിതനായ മൈക്കൽ റാപാക്സ് പോളിഷ് വംശജനാണ്.വിശ്വാസസംരക്ഷണത്തിനായി 1946 മെയ് 12-ന്  പോളണ്ടിലെ  പോക്കി എന്ന പ്രദേശത്തുവച്ചാണ് അദ്ദേഹം കൊല്ലപ്പെടുന്നത്.

ദൈവദാസനായ സിറിൽ ജോൺ സൊഹ്‌റാബിയൻ , കപ്പൂച്ചിൻ വൈദികനും, അസിലിസെനിലെ മെത്രാനും ആയിരുന്നു. തുർക്കി വംശജനായ അദ്ദേഹം  1972 സെപ്റ്റംബർ 20-ന് റോമിൽ വച്ചാണ് മരണപ്പെടുന്നത്.

സ്‌പെയിൻകാരനായ ദൈവദാസൻ സെബാസ്റ്റ്യൻ ഗിലി വൈവ്സ് അഗസ്തീനിയൻ ഡോട്ടേഴ്‌സ് കോൺഗ്രിഗേഷന്റെ സ്ഥാപകനാണ്. 1894 സെപ്റ്റംബർ 11-നാണ് സ്‌പെയിനിൽവച്ച് നിത്യതയിലേക്ക് വിളിക്കപ്പെടുന്നത്.

 കപ്പൂച്ചിൻ വൈദികനായ  ജാൻഫ്രാൻകോ മരിയ കിതിയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്ന മറ്റൊരു വ്യക്തി. ഇറ്റാലിയൻ വംശജനായ അദ്ദേഹം 2004 നവംബർ ഇരുപത്തിനാണ് റോമിൽ വച്ചു മരണപ്പെടുന്നത്.

ദൈവദാസി വിശുദ്ധ തെരേസയുടെ മഗ്‌ദലീനയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്ന മറ്റൊരു വ്യക്തി. സഭയുടെ പെണ്മക്കൾ എന്ന സന്യാസ സഭയിൽ അംഗമായിരുന്നു. ഇറ്റലിയിലാണ് ജനനം.1946 മെയ് ഇരുപത്തിയെട്ടിനാണ് ഇറ്റലിയിലെ വെനീസിൽ വച്ചു നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 January 2024, 14:10