തിരയുക

പാപ്പായുടെ ഉപദേശകസമിതി യോഗം ചേരുന്നു (ഫയൽ ചിത്രം) പാപ്പായുടെ ഉപദേശകസമിതി യോഗം ചേരുന്നു (ഫയൽ ചിത്രം) 

വത്തിക്കാനിൽ കർദിനാളന്മാരുടെ ഉപദേശകസമിതിയോഗം പാപ്പായുടെ അധ്യക്ഷതയിൽ ചേർന്നു

ഫ്രാൻസിസ് പാപ്പായുടെ അധ്യക്ഷതയിൽ വത്തിക്കാനിൽ C 9 കർദിനാൾമാരുടെ ഉപദേശകസമിതിയോഗം ആരംഭിച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ഫ്രാൻസിസ് പാപ്പായുടെ   അധ്യക്ഷതയിൽ വത്തിക്കാനിൽ C 9 കർദിനാൾമാരുടെ കൗൺസിൽ യോഗം  ഡിസംബർ നാലാം  തീയതി മുതൽ ആരംഭിച്ചു. 'സഭാപ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്ക്' എന്നതാണ് ചർച്ചകളുടെ പ്രധാന വിഷയം. നവംബർ മുപ്പതാം തീയതി അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനുമായി ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ചാവേളയിൽ എടുത്തു പറഞ്ഞ 'സഭയുടെ സ്ത്രൈണമാനം' കർദിനാളന്മാരുടെ കൂടിയാലോചനയിലും ആവർത്തിക്കും.

സഭയുടെ വിശദീകരണത്തിൽ നൽകുന്ന പുരുഷമാനം വലിയപാതകങ്ങളിലൊന്നാണ്.ഈ ഒരു കാഴ്ചപ്പാട് തിരുത്തുവാൻ അധികാരശൃംഖലയിലൂടെയല്ല മറിച്ച് ആത്‌മീയതയുടെ യാഥാർത്ഥവഴികളിലൂടെ  പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ അടിവരയിട്ടിരുന്നു. പത്രോസിനെക്കാൾ പ്രാധാന്യം പരിശുദ്ധ കന്യകാമറിയത്തിനുണ്ടായിരുന്നതുപോലെ വേറിട്ട ഒരു കാഴ്ചപ്പാട് വളർത്തിയെടുക്കുവാനും പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

C 9 കർദിനാൾമാരുടെ അവസാന യോഗം ജൂൺ മാസം 26,27 തീയതികളിലാണ് നടത്തപ്പെട്ടത്. തദവസരത്തിൽ ഉക്രൈനിലെ സംഘർഷം,'പ്രെദിക്കാത്തെ ഏവൻജേലിയും' അപ്പസ്തോലിക ഭരണഘടനയുടെ പ്രവർത്തികമാക്കൽ,പ്രാദേശിക  സഭകളിലെ സുവിശേഷവത്ക്കരണം, പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള സമിതിയുടെ പ്ലീനറി അസംബ്ലിയിലെ തീരുമാനങ്ങൾ  തുടങ്ങിയ വിഷയങ്ങളാണ് ചർച്ചചെയ്യപ്പെട്ടത്.

കർദിനാൾമാരായ  പിയെത്രോ പരോളിൻ,  ഫെർണാണ്ടോ വെർഗസ് അൽസാഗ,ഫ്രിഡോലിൻ അംബോംഗോ ബെസുംഗു,ഓസ്വാൾഡ് ഗ്രേഷ്യസ്, സീൻ പാട്രിക് ഒമാലി,ഹുവാൻ ഹോസെ ഒമെല്ല, ജെറാൾഡ് ലാക്രോയിക്സ്,ജീൻ-ക്ലോഡ് ഹോളറിച്ച്,സെർജോ ദാ റോച്ച എന്നിവരാണ് കൗൺസിൽ അംഗങ്ങൾ.

സാർവത്രിക സഭയുടെ ഭരണത്തിൽ തന്നെ സഹായിക്കുന്നതിനും റോമൻ കൂരിയയുടെ നവീകരണത്തിനുള്ള ഒരു പദ്ധതി പഠിക്കുന്നതിനുമുള്ള ചുമതലയാണ് ഈ കർദിനാൾ സംഘത്തിനു പാപ്പാ നൽകിയിരിക്കുന്നത്.2022 മാർച്ച് 19-ന് പ്രസിദ്ധീകരിച്ച ,'പ്രെദിക്കാത്തെ ഏവൻജേലിയും'  എന്ന പുതിയ അപ്പസ്തോലിക ഭരണഘടനയോടെയാണ് ഈ പരിഷ്‌കാരം സാക്ഷാത്കരിക്കപ്പെട്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 December 2023, 13:37