തിരയുക

ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച, ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരംനിരീക്ഷകൻ ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച, ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരംനിരീക്ഷകൻ  

ലിംഗഭേദത്തിൻറെ ജീവശാസ്ത്രപരമായ അടിസ്ഥാനം അംഗീകരിക്കുന്നതിൽ പരാജയപ്പെടരുത്, ആർച്ചുബിഷപ്പ് കാച്ച!

ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരംനിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച അണുവായുധ നിരോധനക്കരാറിൽ ഒപ്പുവച്ചിട്ടുള്ള നാടുകളുടെ രണ്ടാം യോഗത്തെ ന്യുയോർക്കിൽ ഡിസമ്പർ 1-ന് വെള്ളിയാഴ്ച സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സുദൃഢ ശാസ്ത്രീയ അടിസ്ഥാനമില്ലെങ്കിൽ അണുവായുധ നിരോധന ഉടമ്പടിയിലെ ഭാവാത്മക കടമകൾ നിറവേറ്റുക രാഷ്ട്രങ്ങൾക്കു ആയാസകരമായി ഭവിക്കുമെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധി ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച (Archbishop Gabriele Caccia).

ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരംനിരീക്ഷകനായ അദ്ദേഹം അണുവായുധ നിരോധനക്കരാറിൽ ഒപ്പുവച്ചിട്ടുള്ള നാടുകളുടെ രണ്ടാം യോഗത്തെ ന്യുയോർക്കിൽ ഡിസമ്പർ 1-ന് വെള്ളിയാഴ്ച സംബോധന ചെയ്യുകയായിരുന്നു.

പുരുഷന്മാരെ അപക്ഷിച്ച് സ്ത്രീകളിലും കുട്ടികളിലും ആണവ വികിരണം അനുപാതരഹിതമായ ദോഷഫലങ്ങൾ ഉളവാക്കുമെന്ന് പുതിയ ശാസ്ത്രീയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്ന പശ്ചാത്തലത്തിൽ, അണുവായുധ നിരോധന ഉടമ്പടിയിൽ ലിംഗാടിസ്ഥാനത്തിലുള്ള വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനെ അധികരിച്ചായിരുന്നു യോഗം ചർച്ചചെയ്തത്.

ഈ ഉടമ്പടി അതിൻറെ ആമുഖത്തിൽ ജീവശാസ്ത്രപരമായ ഈ യാഥാർത്ഥ്യം  അംഗീകരിക്കുകയും, ആണോ പെണ്ണോ, മുതിർന്നയാളോ കുട്ടിയോ, ജാത-അജാത ശിശുവോ എന്നീ വിത്യാസങ്ങൾ കൂടാതെ ഓരോ വ്യക്തിയുടെയും പ്രത്യേക ആവശ്യങ്ങൾ കണക്കിലെടുക്കുംവിധം ഇരകൾക്ക് സഹായം നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടെന്ന വസ്തുത ആർച്ചുബിഷപ്പ് കാച്ച ചൂണ്ടിക്കാട്ടി. അഞ്ചുവയസ്സിനിടയിൽ അണുവികരണമേറ്റ പെൺകുട്ടികൾക്ക് അർബുദബാധയുണ്ടാകാനുള്ള സാദ്ധ്യത ഏതാണ്ട് പത്തിരട്ടിയാണെന്ന് അദ്ദേഹം പറയുന്നു.

ലിംഗഭേദത്തെക്കുറിച്ചുള്ള അനിർവചനീയ ശൈലി, സഹായം നല്കേണ്ടതായ സന്ദർഭത്തിൽ ഇരകളെ പരാമർശിക്കുമ്പോൾ നിയമപരമല്ലാത്ത പദങ്ങളുടെ ഉപയോഗം, വൈദ്യ പരിചരണത്തെക്കുറിച്ചുള്ള വിവാദപരമായ പ്രയോഗം തുടങ്ങിയവയുള്ള രേഖയിലെ ശുപാർശകൾ അംഗീകരിക്കാൻ പരിശുദ്ധ സിംഹാസനത്തിന് കഴിയില്ലയെന്നും ആർച്ചുബിഷപ്പ് വ്യക്തമാക്കി. "ലിംഗം" എന്നതിനെക്കുറിച്ച് അണുവായുധ നിരോധന ഉടമ്പടിയിൽ കാണുന്ന എല്ലാ പരാമർശങ്ങളും ആ വാക്കിൻറെ സാധാരണ, പൊതുവായി അംഗീകരിക്കപ്പെട്ട ഉപയോഗത്തിനും അർത്ഥത്തിനും അനുസൃതമായി, പുരുഷനും സ്ത്രീയും എന്ന ജീവശാസ്ത്രപരമായ അനന്യതയെ അടിസ്ഥാനമാക്കിയാണ് പരിശുദ്ധ സിംഹാസനം മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലിംഗഭേദത്തിൻറെ ജീവശാസ്ത്രപരമായ അടിസ്ഥാനം അംഗീകരിക്കുന്നതിൽ വീഴ്ചയുണ്ടാകും വിധം ഈ പദം പുനർവ്യാഖ്യാനം ചെയ്യാനുള്ള ശ്രമങ്ങൾ ഈ ഉടമ്പടി നടപ്പിലാക്കുന്നതിൽ മുൻവിധി ഉണ്ടാക്കുക മാത്രമല്ല, ആണവവികിരണത്തിന് ഇരകളാകുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും യഥാർത്ഥ ആവശ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയും അതുവഴി അവരെ സഹായിക്കാനുള്ള ശ്രമങ്ങളെ ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്ന അപകടമുണ്ടാക്കുമെന്ന് മുന്നറിയിപ്പു നല്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 December 2023, 19:09