തിരയുക

മെച്ചപ്പെട്ട ഒരു ലോകത്തിനായി - ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ മെച്ചപ്പെട്ട ഒരു ലോകത്തിനായി - ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ  (ANSA)

പ്രകൃതിസൗഹൃദപരമായ യാത്രാമാർഗ്ഗങ്ങൾക്കായി വത്തിക്കാൻ പദ്ധതി: "പാരിസ്ഥിതിക പരിവർത്തനം 2030"

പ്രകൃതിയുടെ സുസ്ഥിരതയെ പ്രതിസന്ധിയിലാക്കുന്ന പ്രവർത്തനങ്ങൾ കുറയ്ക്കുവാനും, പ്രകൃതിസൗഹൃദപരമായ യാത്രാമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കാനായി വത്തിക്കാൻ തങ്ങളുടെ ശ്രമങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ഭാഗമായി പുതിയ പരിസ്ഥിതികസൗഹൃദപദ്ധതി മുന്നോട്ടു വച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

"പാരിസ്ഥിതിക പരിവർത്തനം 2030" എന്ന പേരിൽ പാരിസ്ഥിതിക സൗഹൃദപരമായ യാത്രാമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതികളുമായി വത്തിക്കാൻ. വത്തിക്കാനിൽ ഉപയോഗിക്കുന്ന വാഹനങ്ങളിൽനിന്ന് അന്തരീക്ഷത്തിൽ കാർബൺഡൈഓക്‌സൈഡ് പുറന്തള്ളുന്നതിന്റെ തോത് കുറയ്ക്കുവാനായി, ഫോക്‌സ് വാഗൻ കമ്പനിയുമായി പുതിയ ഒരു കരാറിൽ വത്തിക്കാൻ ഒപ്പിട്ടതായി വത്തിക്കാൻ സ്റ്റേറ്റ് ഗവർണറേറ്റ് നവംബർ പതിനഞ്ചിന് പത്രക്കുറിപ്പിറക്കി.

ലൗദാത്തോ സി, ലൗദാത്തെ ദേവും എന്നീ രേഖകളിലെ തത്വങ്ങൾ പ്രയോഗികമാക്കിക്കൊണ്ട്, പ്രകൃതിസഹൃദപരമായ മാർഗ്ഗങ്ങളുപയോഗിച്ച് പെട്രോളിയം ഊർജ്ജ ഉപയോഗത്തിന്റെ അളവ് കുറയ്ക്കാനും, പ്രകൃതിയെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വത്തിക്കാൻ, തങ്ങളുടെ സുസ്ഥിരഊർജ്ജപദ്ധതികൾ വഴി പൊതുഭവനമായ ഭൂമിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ പരിശ്രമിച്ചുവരികയാണ്.

പ്രകൃതിവിഭവങ്ങളുടെ ഉത്തരവാദിത്വപരമായ ഉപയോഗം വഴി, കാലാവസ്ഥാ നിക്ഷ്പക്ഷത കൈവരിക്കാൻ വത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗവർണറേറ്റ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. സാങ്കേതികമായ അറിവുകൾ മെച്ചപ്പെടുത്തിയും, സുസ്ഥിരമായ യാത്രാമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിച്ചും, കൂടുതൽ സംശുദ്ധമായ ഊർജ്ജോത്പന്നങ്ങൾ ഉപയോഗിച്ചും, മെച്ചപ്പെട്ട മാലിന്യനിർമ്മാർജ്ജനമാർഗ്ഗങ്ങളിലൂടെയും വനപുനഃനിർമ്മാണത്തിലൂടെയും വത്തിക്കാൻ തങ്ങളുടെ പ്രകൃതിസൗഹൃദശ്രമങ്ങളിൽ മുന്നോട്ട് പോവുകയാണെന്ന് വത്തിക്കാൻ വിശദീകരിച്ചു.

വൈദ്യുതവാഹനങ്ങൾ, ഒന്നിലധികം ഊർജ്ജസ്രോതസ്സുകൾ ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ഹൈബ്രിഡ് വാഹനങ്ങൾ തുടങ്ങിയവയുടെ കൂടുതലായ ഉപയോഗം, പരിസ്ഥിതസൗഹൃദപരമായ മെച്ചപ്പെടലിനായി സാങ്കേതികരംഗത്ത് കൂടുതൽ മുതൽമുടക്ക്, വീണ്ടും ഉപയോഗിക്കാനാകുന്ന ഊർജ്ജം, തുടങ്ങിയ സംരംഭങ്ങൾ കാലാവസ്ഥാനിക്ഷ്പക്ഷതയിലേക്കുള്ള വളർച്ചയുടെ ഭാഗമാണ്. ഇത്തരം ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് "പാരിസ്ഥിതിക മാറ്റം 2030" എന്ന പദ്ധതിക്ക് വത്തിക്കാൻ സർക്കാർ ആരംഭം കുറിച്ചതെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി. ഈ പദ്ധതിയുടെ ഭാഗമായി വത്തിക്കാനിൽ ഉപയോഗിക്കുന്ന സാധാരണ വാഹനങ്ങൾ ഒഴിവാക്കി വൈദ്യുതവാഹനങ്ങൾ ഉപയോഗിക്കുവാനും 2030-ഓടെ വത്തിക്കാനിലെ വാഹനഉപയോഗം സമ്പൂർണ്ണമായും പ്രകൃതിസഹൃദമാക്കാനുമാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി, രാജ്യത്തുടനീളം ഇവിടെയുള്ള ജോലിക്കാരുൾപ്പെടെയുള്ള ആളുകൾക്ക് കൂടി ലഭ്യമാകുന്ന വിധത്തിൽ, ചാർജിംഗിനുള്ള സംവിധാനം ഏർപ്പെടുത്താനും വത്തിക്കാൻ തീരുമാനമെടുത്തു.

2030-ഓടെ തങ്ങളുടെ വാഹങ്ങളിൽനിന്ന് കാർബൺ പുറന്തള്ളുന്നത് 30 ശതമാനം കുറയ്ക്കുവാനും, 2050-ഓടെ അത് പൂർണ്ണമായും ഒഴിവാക്കുവാനും പരിശ്രമിക്കുന്ന ഫോക്‌സ് വാഗൻ കമ്പനിയുമായി, കാർബൺ പുറത്തുവിടാത്ത വാഹനങ്ങൾ ചെറു, ദീർഘ, കാലാടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിനായി വത്തിക്കാൻ കരാറിലൊപ്പിട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 November 2023, 22:55