തിരയുക

വിശ്വാസ തിരുസംഘ ഡിക്കസ്റ്ററിയുടെ ആസ്ഥാനം വിശ്വാസ തിരുസംഘ ഡിക്കസ്റ്ററിയുടെ ആസ്ഥാനം  

സാമൂഹ്യവിരുദ്ധ സംഘടനകളിൽ കത്തോലിക്കർ അംഗങ്ങളാകുന്നത് വത്തിക്കാൻ വിലക്കി

ഫ്രീമേസൺ പോലെയുള്ള സാമൂഹ്യവിരുദ്ധവും അധാർമ്മികവുമായ സംഘടനകളിൽ കത്തോലിക്കാ വിശ്വാസികൾ അംഗത്വമെടുക്കുന്നതും, പ്രവർത്തിക്കുന്നതും വത്തിക്കാന്റെ വിശ്വാസ തിരുസംഘം (Dicastery for the Doctrine of Faith) വിലക്കി.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ഫിലിപ്പൈൻസിൽ നിന്നുള്ള മെത്രാന്മാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് ഫ്രീമേസൺ പോലെയുള്ള സാമൂഹ്യവിരുദ്ധവും അധാർമ്മികവുമായ സംഘടനകളിൽ കത്തോലിക്കാ വിശ്വാസികൾ അംഗത്വമെടുക്കുന്നതും, പ്രവർത്തിക്കുന്നതും വിലക്കിക്കൊണ്ട് വത്തിക്കാന്റെ വിശ്വാസ തിരുസംഘം (Dicastery for the Doctrine of Faith) പുറപ്പെടുവിച്ച ഉത്തരവ് ഒരിക്കൽ കൂടി ആവർത്തിച്ചു. ദുമാംഗേത്തെ രൂപതയുടെ മെത്രാൻ മോൺസിഞ്ഞോർ ഹുലിറ്റോ കോർത്തെസ് ആണ് ചോദ്യം ഉന്നയിച്ചത്.

ഫ്രീമേസൺ പോലെയുള്ള സാമൂഹ്യവിരുദ്ധസംഘടനകളിൽ രൂപതകളിൽ  നിന്നുള്ള അംഗങ്ങൾ ചേരുന്നതിലുള്ള ആശങ്കയും, ഉത്കണ്ഠയും രേഖപ്പെടുത്തിയാണ് മെത്രാൻ ഡിക്കസ്റ്ററിയുടെ ഉപദേശം തേടിയത്. ഈ ആശങ്കകൾ പഠിക്കുവാൻ ഫിലിപ്പൈൻസിലെ മെത്രാൻ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

തുടർന്ന്  രണ്ട് സമീപനങ്ങൾ ഉൾക്കൊള്ളുന്ന ഒരു വിവരണം ഇത്തരുണത്തിൽ പുറപ്പെടുവിക്കുവാൻ ഡിക്കസ്റ്ററി തീരുമാനിച്ചു.

ഉപദേശപരമായ തലത്തിൽ, കത്തോലിക്കാ വിശ്വാസവും  ഫ്രീമേസൺറിയും തമ്മിലുള്ള പൊരുത്തക്കേട് കാരണം ഒരു വിശ്വാസിക്ക് ഫ്രീമേസൺ സംഘടനകളിലുള്ള  അംഗത്വം നിരോധിച്ചിരിക്കുന്നുവെന്ന് ഡികാസ്റ്ററി ആവർത്തിച്ചു. ഈ സംഘടനകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏതൊരു സഭാവിശ്വാസിക്കും ഈ നടപടി ബാധകമാണെന്നും ഡിക്കസ്റ്ററി അടിവരയിട്ടു പറഞ്ഞു.

രണ്ടാമത്തെ സമീപനം അജപാലന പദ്ധതിയുമായി ബന്ധപ്പെട്ടതാണ്.കത്തോലിക്ക വിശ്വാസവും ഫ്രീമേസൺറിയും തമ്മിലുള്ള പൊരുത്തക്കേടിന്റെ കാരണങ്ങളെക്കുറിച്ച് എല്ലാ ഇടവകകളിലും  മതബോധനം നടത്തണമെന്ന് ഡിക്കസ്റ്ററി ആവശ്യപ്പെടുന്നു.

ഫ്രീമേസൺ സംഘടനകളിൽ  രജിസ്റ്റർ ചെയ്തിരിക്കുന്ന കത്തോലിക്കർ "ഗുരുതരമായ പാപത്തിന്റെ അവസ്ഥയിലാണ്" എന്ന് ജോൺ പോൾ രണ്ടാമൻ പാപ്പായുടെ അംഗീകാരത്തോടെ  അന്നത്തെ കർദിനാൾ ജോസഫ് റാറ്റ്സിംഗറും കോൺഗ്രിഗേഷൻ സെക്രട്ടറി ജെറോം ഹാമറും ഒപ്പിട്ട പ്രഖ്യാപനം ഇന്നും നിലനിൽക്കുന്നതായും വിശ്വസതിരുസംഘത്തിന്റെ ഡിക്കസ്റ്ററി ആവർത്തിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 November 2023, 13:27