തിരയുക

വി. ജോസഫാത്ത്. വി. ജോസഫാത്ത്.  (Kuntsevych, Kuncewicz)

വിശുദ്ധ ജോസഫാത്ത് രക്തസാക്ഷിത്വം വരിച്ചതിന്റെ 400 ആം വാർഷികം ആചരിച്ചു

വോളിനിയയിലെ വോളൊഡിമിറിൽ ജനിച്ച ജോസഫാത്ത് 1623 നവംബർ 12നാണ് രക്തസാക്ഷിത്വം വഹിച്ചത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

കത്തോലിക്കാ സഭയുമായി ഐക്യത്തിലുള്ള പൗരസ്ത്യ സഭയുടെ പ്രതിനിധിയായി ആദ്യം വിശുദ്ധ പദവിയിലേക്കുയർത്തിയ വി. ജോസഫാത്തിന്റെ ഭൗതീകാവശിഷ്ടം വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വിശുദ്ധ ബസീലിയോയുടെ അൾത്താരയ്ക്ക് കീഴിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ അൾത്താരയിൽ ഞായറാഴ്ച യുക്രെയ്ൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് സ്വിയാതൊസ്ലാവ് ഷെവ് ചുക് മുഖ്യകാർമ്മീകനായി ബലിയർപ്പിച്ചു. സഹകാർമ്മീകനായി ബലിയർപ്പിച്ച വിൽനിയൂസ് മെത്രാപൊളിത്തൻ ആർച്ചു ബിഷപ്പും യൂറോപ്പൻ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനുമായ ഗിൻതരാസ് ഗ്രൂസാസ് വചന പ്രഘോഷണം നടത്തി.

പല രാജ്യങ്ങളെയും പ്രത്യേകിച്ച് യുക്രെയ്നിനെയും, ലിത്വാനിയ, പോളണ്ട്, ബെലാറസ് തുടങ്ങിയ രാജ്യങ്ങളെ ഒരുമിപ്പിച്ച ഒരു വ്യക്തിത്വമായിരുന്നു ജോസഫാത്തിന്റെത് എന്നു പറഞ്ഞു കൊണ്ടാണ് Ut Unum Sint ‘എല്ലാവരും ഒന്നായിരിക്കാൻ’ എന്ന ആപ്തവാക്യം തിരഞ്ഞെടുത്ത്  ആർച്ച് എപ്പാർക്കായ വി. ജോസഫാത്തിനെ അദ്ദേഹം വിശേഷിപ്പിച്ചത്. പ്രത്യേകിച്ച് ഇന്നത്തെ ലോകത്തിലെ യുദ്ധങ്ങളും കുടിയേറ്റവും നിറഞ്ഞ പ്രതിസന്ധി ഘട്ടത്തിൽ വി. ജോസഫാത്തിന്റെ ജീവിത മാതൃക  നമ്മെ ഓരോരുത്തരെയും തന്റെ രാജ്യം ഈ ഭൂമിയിൽ സ്ഥാപിക്കാൻ കർത്താവിന് ഉപകരണമാക്കാമെന്ന പ്രത്യാശ നൽകുന്നു എന്ന് ആർച്ചുബിഷപ്പ് സൂചിപ്പിച്ചു.

ഒന്നാം വായനയിൽ കുരിശിലൂടെ യേശു മനുഷ്യനെ ദൈവവുമായി വീണ്ടും ഒരുമിപ്പിച്ച കാര്യം വി. പൗലോസ് വിവരിക്കുന്നത് എടുത്തു പറഞ്ഞു കൊണ്ട് ദൈവം മനുഷ്യകുലത്തിന് സമാധാനം നൽകുന്നത് തുടരുകയും തന്റെ പ്രവർത്തനത്തിൽ പങ്കുകാരാകാൻ മനുഷ്യരെ ക്ഷണിക്കുകയും ചെയ്യുന്നുവെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. വി. ജോസഫാത്ത്  ദൈവത്തിന്റെ ഈ ക്ഷണം സ്വീകരിച്ച് ഐക്യവും സമാധാനവും സ്ഥാപിക്കുന്നതിന് ദൈവത്തിന്റെ സഹകാരിയായി മാറി. കുഞ്ഞുന്നാളിൽ  കണ്ട ക്രൂശിത രൂപം  ജോസഫാത്തിനു നൽകിയ ആഴമായ സ്നേഹാനുഭവത്തിന്റെ തീപ്പൊരിയിൽ നിന്നാരംഭിച്ച ആ ജീവിതം ആഴമായ പ്രാർത്ഥനയുടേയും ഉപവാസത്തിന്റെതുമായിരുന്നു. തന്റെ ജീവിതം സഭയിൽ കൂടുതൽ ഐക്യത്തിനായി യേശു ഉപയോഗിക്കുന്നുവെന്ന് വിശ്വസിച്ച വ്യക്തിയായിരുന്നു വി. ജോസഫാത്ത്. ഇടയൻ എന്ന നിലയിൽ ആത്മാക്കളുടെ രക്ഷയ്ക്കായി തീക്ഷ്ണമായി എരിഞ്ഞ വി. ജോസഫാത്ത് നീണ്ട മണിക്കൂറുകൾ അനുരഞ്ജനകൂദാശകൾക്കായി ചിലവഴിക്കുമായിരുന്നു. അതിന് പ്രത്യേക സ്ഥലമോ സൗകര്യമോ അദ്ദേഹത്തിന് ആവശ്യമില്ലായിരുന്നു. തന്റെ പ്രഭാഷണങ്ങളിലൂടെ അനേകരെ മാനസാന്തരപ്പെടുത്തിയിരുന്ന അദ്ദേഹം സ്വന്തമായി ഒരു മതബോധന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു.

പല പ്രാവശ്യം കൊലപാതക ശ്രമത്തിൽ നിന്നു രക്ഷപ്പെട്ട അദ്ദേഹത്തിന്റെ രക്ഷസാക്ഷിത്വം ഒരു ആശ്ചര്യമായിരുന്നില്ല എന്നും അദ്ദേഹം രക്തസാക്ഷിത്വം ആഗ്രഹിച്ചിരുന്നവനായിരുന്നു എന്നും  ആർച്ച് ബിഷപ്പ് ഗിൻത്തരസ് ഗ്രൂസസ് പറഞ്ഞു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ 400 മത് വാർഷികം ആഘോഷിക്കുമ്പോൾ അദ്ദേഹത്തിനുണ്ടായതു പോലുള്ള ദൈവീക സ്നേഹാഗ്നി സ്പർശം നമുക്കുമുണ്ടാകുവാനും, അത് നമ്മുടെ വിശ്വാസത്തിന്  വളർച്ച പകരാൻ ഇടയാക്കടെ എന്നും ദൈവത്തോടും നമ്മുടെ അയൽക്കാരോടും അനുരഞ്ജിതരാകാനും ആത്മാക്കളുടെ രക്ഷയ്ക്ക് ഉപകരണങ്ങളായി മാറാനും വേണ്ട അനുഗ്രഹത്തിനായി വിശുദ്ധന്റെ മാദ്ധ്യസ്ഥം തേടാമെന്നും അഭ്യർത്ഥിച്ചു കൊണ്ടാണ് ആർച്ച് ബിഷപ്പ് ഗിൻത്തരസ് ഗ്രൂസസ് തന്റെ വചനപ്രഘോഷണം അവസാനിപ്പിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 November 2023, 13:18