തിരയുക

വിശ്വാസകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി അംഗങ്ങൾക്കൊപ്പം പാപ്പാ - ഫയൽ ചിത്രം വിശ്വാസകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി അംഗങ്ങൾക്കൊപ്പം പാപ്പാ - ഫയൽ ചിത്രം  (Vatican Media)

ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് വിധേയരാവർക്കും ജ്ഞാനസ്നാനം സ്വീകരിക്കാം: വിശ്വാസകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി

ഒക്ടോബർ മുപ്പത്തിയൊന്നിന് ഫ്രാൻസിസ് പാപ്പായുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടർന്ന്, വിശ്വാസകാര്യങ്ങൾക്കായുള്ള റോമൻ ഡികാസ്റ്ററിയുടെ അദ്ധ്യക്ഷൻ പുറത്തുവിട്ട രേഖയിൽ, വിശ്വാസികൾക്കിടയിൽ ഉതപ്പും ദുഷ്കീർത്തിയും സൃഷ്ടിക്കുന്നില്ലെങ്കിൽ, ലിംഗമാറ്റശസ്ത്രക്രിയക്ക് വിധേയരായവർ വിവാഹത്തിന്റെ സാക്ഷികളാകുന്നതും, സ്വവർഗ്ഗാനുരാഗികളായ ദമ്പതികളുടെ കുട്ടികൾക്ക്, അവർ വാടകഗർഭപാത്രത്തിൽനിന്ന് ജനിച്ചവരാണെങ്കിലും, ജ്ഞാനസ്നാനം നൽകുന്നതും സംബന്ധിച്ച കാര്യങ്ങളിൽ അനുകൂല അഭിപ്രായം പ്രകടിപ്പിച്ചു.

വത്തിക്കാൻ ന്യൂസ്

ട്രാൻസ്‌സെക്ഷ്വൽ ആയ ആളുകൾക്ക്, അവർ അന്തർഗ്രന്ഥിസ്രാവ (ഹോർമോൺ) ചികിത്സയ്‌ക്കോ ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്കോ വിധേയരായിട്ടുണ്ടെങ്കിൽപ്പോലും, "വിശ്വാസികൾക്കിടയിൽ ദുഷ്‌കീർത്തിയോ  വഴിതെറ്റിക്കുന്ന സാഹചര്യങ്ങളോ സൃഷ്ടിക്കുന്നില്ലെങ്കിൽ" ജ്ഞാനസ്നാനം സ്വീകരിക്കാമെന്ന് വിശ്വാസകാര്യങ്ങൾക്കായുള്ള റോമൻ ഡികാസ്റ്ററി. ഇതിന് പുറമെ, സ്വവർഗ്ഗാനുരാഗികളായ പങ്കാളികളുടെ കുട്ടികൾ, അവർ വാടകഗർഭപാത്രത്തിൽനിന്ന് ജനിച്ചവരാണെങ്കിലും, കത്തോലിക്കാവിശ്വാസത്തിൽ വളർത്തപ്പെടുമെന്ന ഉറച്ച പ്രതീക്ഷയുണ്ടെങ്കിൽ, അത്തരം കുട്ടികൾക്ക് ജ്ഞാനസ്നാനം നൽകുന്നതിനെക്കുറിച്ചും ഡികാസ്റ്ററി അനുകൂലമായി എഴുതി.

ഫ്രാൻസിസ് പാപ്പായുമായി ഒക്ടോബർ മുപ്പത്തിയൊന്നിന് നടത്തിയ കൂടിക്കാഴ്ചയിൽ പാപ്പായുടെ അംഗീകാരം ലഭിച്ചതിനെത്തുടർന്നാണ്, വിശ്വാസകാര്യങ്ങൾ സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഡികാസ്റ്ററിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടെസ് ഇത്തരമൊരു രേഖ പുറത്തുവിട്ടത്. കഴിഞ്ഞ ജൂലൈ മാസത്തിൽ ഇത്തരം വിഷയങ്ങൾ സംബന്ധിച്ച്, ബ്രസീലിൽനിന്നുള്ള ബിഷപ്പ് ജൊസെ നേഗ്രി വിശദീകരണം ആവശ്യപ്പെട്ടതിനെത്തുടർന്നാണ്, ഇതുസംബന്ധിച്ച് ഡികാസ്റ്ററി മുൻപുതന്നെ നൽകിയിട്ടുള്ള ഈ വിശദീകരങ്ങൾ ആവർത്തിച്ചത്.

സമൂഹത്തിൽ ഉതപ്പിന് കാരണമാകുന്നില്ല എന്ന വ്യവസ്ഥയിൽ, ലിംഗമാറ്റശസ്ത്രക്രിയക്ക് വിധേയരായ ആളുകൾ ജ്ഞാനസ്നാനം സ്വീകരിക്കുന്നത് സംബന്ധിച്ചും അനുകൂലമായ ഉത്തരമാണ് ഈ രേഖയിലൂടെ വത്തിക്കാൻ നൽകുന്നത്. ശരിയായ രീതിയിൽ വിശ്വാസപരമായ കാര്യങ്ങളിൽ ഉദ്‌ബോധനം ലഭിക്കുകയും അതിനായി തയ്യാറാവുകയും ചെയ്യുകയാണെങ്കിൽ, കുട്ടികളോ, ചെറുപ്പക്കാരോ മുതിർന്നവരോ ആയ ഇത്തരം ആളുകൾക്ക് ജ്ഞാനസ്നാനം ലഭിക്കാൻ സാധിക്കുമെന്നാണ് രേഖ വിശദീകരിക്കുന്നത്.

ഒരു വ്യക്തി ദൈവകൃപ സ്വീകരിക്കുവാനുള്ള ഒരുക്കത്തോടെ ജ്ഞാനസ്നാന കൂദാശ സ്വീകരിക്കുന്നത് സംബന്ധിച്ച സംശയത്തിന് മറുപടിയായി, "ഒരാൾ ഗുരുതരമായ പാപങ്ങളിൽ അനുതപിക്കാതെ" ജ്ഞാനസ്നാന കൂദാശ സ്വീകരിക്കുമ്പോൾ, വിശുദ്ധീകരണത്തിന്റെ കൃപ സ്വീകരിക്കുന്നില്ല എങ്കിലും കൗദാശികമായ ഫലം സ്വീകരിക്കുന്നുണ്ടെന്ന് ഡികാസ്റ്ററി വ്യക്തമാക്കി. അതേസമയം, സഭയുടെ മതബോധനപ്രബോധനത്തിൽ പറയുന്നതുപോലെ, ജ്ഞാനസ്‌നാനത്തിന്റെ കൗദാശികസ്വഭാവം മായ്ക്കാനാകാത്ത വിധം അവരിൽ നിലനിൽക്കുമെന്നും സഭ പഠിപ്പിക്കുന്നത് വത്തിക്കാൻ ആവർത്തിച്ചു. വിശുദ്ധ തോമസ് അക്വിനാസിനെ ഉദ്ധരിച്ചുകൊണ്ട്, ഇത്തരമൊരു വ്യക്തി, പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുമ്പോൾ, ജ്ഞാനസ്നാനത്തിൽ സ്വീകരിക്കേണ്ടിയിരുന്ന കൃപ അദ്ദേഹത്തിന് ലഭിക്കുന്നുവെന്ന് വിശ്വാസകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി വിശദീകരിച്ചു. ജ്ഞാനസ്നാനകാര്യങ്ങളിൽ സഭ ആരുടെയും നേരെ വാതിലടയ്ക്കരുതെന്ന് ഫ്രാൻസിസ് പാപ്പാ ആവർത്തിക്കുന്നതും ഇതുകൊണ്ടാണ്.

ലിംഗമാറ്റശസ്ത്രക്രിയക്ക് വിധേയരായവർ ജ്ഞാനസ്നാനത്തിൽ സാക്ഷികളായി നിൽക്കുന്നത് എളുപ്പമല്ല എങ്കിലും, ചില സാഹചര്യങ്ങളിൽ അത് അനുവദിക്കാനാകുമെന്നും ഡികാസ്റ്ററിയുടെ രേഖ വ്യക്തമാക്കി. ഇത് ഒരു അവകാശമല്ല, അതുകൊണ്ടുതന്നെ, സഭാസമൂഹത്തിൽ ദുഷ്‌കീർത്തിക്കോ, തെറ്റായ ബോധനങ്ങൾ സൃഷ്ടിക്കുന്നതിനോ കാരണമാകുമെങ്കിൽ അജപാലനവിവേകം ഉപയോഗിച്ചുകൊണ്ട് ഇത് അനുവദിക്കാതിരിക്കാനാകും. കാനോനിക നിയമം വിലക്കുന്ന അവസ്ഥകൾ ഇല്ലെങ്കിൽ, ട്രാൻസ്‌സെക്ഷ്വൽ ആയ ആളുകൾക്ക് വിവാഹത്തിന് സാക്ഷികളായി നിൽക്കാൻ സാധിക്കുമെന്ന് കർദ്ദിനാൾ ഫെർണാണ്ടെസ് ഒപ്പിട്ട ഈ രേഖ വ്യക്തമാക്കി.

ജ്ഞാനസ്നാനം സ്വീകരിക്കുന്ന കുട്ടി കത്തോലിക്കാസഭയുടെ വിശ്വാസത്തിൽ വളർത്തപ്പെടുമെന്ന ഉറച്ച പ്രതീക്ഷ നിലനിൽക്കണമെന്ന് ഡികാസ്റ്ററി വിശദീകരിച്ചു. സ്വവർഗ്ഗാനുരാഗികളായ ആളുകൾ ജ്ഞാനസ്നാനമാതാപിതാക്കൾ ആകുന്നെങ്കിൽ, അവർ, തങ്ങൾ ഏറ്റെടുക്കുന്ന സ്ഥാനം, വിശ്വാസമനുസരിച്ച് ജീവിക്കുന്നവരായിരിക്കണമെന്ന് വത്തിക്കാൻ രേഖ വ്യക്തമാക്കി. അതുകൊണ്ടുതന്നെ, ഒരുമിച്ച് വസിക്കുക എന്നതിനപ്പുറം, സമൂഹത്തിൽ എല്ലാവർക്കും മനസ്സിലാകുന്നത്ര വ്യക്തമായ രീതിയിൽ സ്വവർഗ്ഗരതി ജീവിക്കുന്നവരാണെങ്കിൽ ഇക്കാര്യം വ്യത്യസ്തമായിരിക്കും.

ജ്ഞാനസ്നാനത്തിന്റെ കൗദാശികത കാത്തുസൂക്ഷിക്കണമെന്നും, രക്ഷയ്ക്ക് ആവശ്യമായ ഇത് സംരക്ഷിക്കപ്പെടേണ്ട അമൂല്യമായ നന്മയാണെന്നും ഡികാസ്റ്ററി ഓർമ്മിപ്പിച്ചു. ഇക്കാരണത്താൽ സഭാസമൂഹം ജ്ഞാനസ്നാനമാതാപിതാക്കൾക്ക് നൽകുന്ന പ്രാധാന്യവും അവർ വഹിക്കുന്ന സ്ഥാനവും, സഭാപ്രബോധനങ്ങളോട് അവർ കാട്ടുന്ന മനോഭാവവും പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് വത്തിക്കാൻ വ്യക്തമാക്കി.

ഇത്തരം അവസരങ്ങളിൽ, കുടുംബവുമായി ബന്ധപ്പെട്ട ഒരാൾ ജ്ഞാനസ്നാനം സ്വീകരിക്കുന്ന വ്യക്തിയിലേക്ക് കത്തോലിക്കാവിശ്വാസം പകരപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉണ്ടാവുന്നതിന്റെ പ്രാധാന്യവും വത്തിക്കാൻ ഡികാസ്റ്ററി എടുത്തുപറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 November 2023, 18:36