തിരയുക

നമ്മുടെ പൊതു ഭവന സംരക്ഷണം: വട്ടമേശസമ്മേളനം നമ്മുടെ പൊതു ഭവന സംരക്ഷണം: വട്ടമേശസമ്മേളനം  

'പൊതുഭവന സംരക്ഷണം',വത്തിക്കാനിൽ വട്ടമേശസമ്മേളനം

"നമ്മുടെ പൊതു ഭവന സംരക്ഷണം: സുസ്ഥിരതയും സമാധാനവും പ്രോത്സാഹിപ്പിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയുടെ നിർമ്മാണവും ആശയവിനിമയവും" എന്ന തലക്കെട്ടിൽ സുസ്ഥിരമായ ലോകഭാവിയെ പറ്റി ചർച്ചചെയ്യുവാൻ വത്തിക്കാൻ മാധ്യമ ഡിക്കസ്റ്ററിയും,പൊന്തിഫിക്കൽ ശാസ്ത്ര അക്കാദമിയും സംയുക്തമായി വട്ടമേശസമ്മേളനം നടത്തി

സിസ്റ്റർ ബെർണാഡെറ്റ് എം. റീസ്, ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

"നമ്മുടെ പൊതു ഭവന സംരക്ഷണം: സുസ്ഥിരതയും സമാധാനവും പ്രോത്സാഹിപ്പിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയുടെ നിർമ്മാണവും ആശയവിനിമയവും" എന്ന തലക്കെട്ടിൽ സുസ്ഥിരമായ  ലോകഭാവിയെ പറ്റി ചർച്ചചെയ്യുവാൻ വത്തിക്കാൻ മാധ്യമ ഡിക്കസ്റ്ററിയും,പൊന്തിഫിക്കൽ ശാസ്ത്ര അക്കാദമിയും സംയുക്തമായി വട്ടമേശസമ്മേളനം നടത്തി. റോമിലെ കാസിനോ പിയോയിൽ വച്ചാണ് സമ്മേളനം നടന്നത്.

മത,സാമ്പത്തിക,മാധ്യമ, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ വിവിധ  നേതാക്കൾസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.പരിസ്ഥിതിയെ പരിപാലിക്കുകയും, സമാധാനം പ്രോത്സാഹിപ്പിക്കുകയും, പൊതുനന്മയെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത സമ്മേളനം ആഹ്വാനം ചെയ്തു.

സിനഡിന്റെ അവസരത്തിൽ ,ലോകപ്രശസ്ത ഫോട്ടോഗ്രാഫർമാരുടെ സൃഷ്ടികൾ, സെന്റ് ഫ്രാൻസിസ് ഓഫ് അസീസിയുടെ വാക്കുകൾക്കൊപ്പം  സംയോജിപ്പിച്ച്,ലിയയുടെയും മരിയാന ബെൽട്രാമിയുടെയും നേതൃത്വത്തിൽ വത്തിക്കാൻ മാധ്യമശാലയിൽ  നടത്തിയ  കാലാവസ്ഥാ പ്രതിസന്ധി പ്രദർശനമായ "മാറ്റങ്ങൾ" സമ്മേളനം ചർച്ചാവിഷയമാക്കി.

വത്തിക്കാൻ വാർത്താവിനിമയ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ഡോ.പൗളോ റുഫിനി "സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയിൽ ഏർപ്പെടാനുള്ള ആഹ്വാനമാണ്" ഈ വട്ടമേശസമ്മേളനം ലക്‌ഷ്യം വയ്ക്കുന്നതെന്ന് പറഞ്ഞു.ഭാവിയിൽ, "ധാർമ്മികമായ ഒരു അടിത്തറ പണിയുവാൻ പരസ്പരം പങ്കുവയ്ക്കുന്ന ആവാസവ്യവസ്ഥയും, വിദ്യാഭ്യാസവും അത്യന്താപേക്ഷിതമാണെന്ന്" അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസ് ആൻഡ് സോഷ്യൽ സയൻസസിന്റെ ചാൻസലർ കർദ്ദിനാൾ പീറ്റർ ടർക്‌സൺ സംസാരിച്ചു.ശാസ്ത്രവും വിശ്വാസവും തമ്മിൽ വൈരുധ്യങ്ങളില്ലെന്നും, മറിച്ച് ശാസ്ത്രത്തിൽ നിന്നും സഭ പാഠങ്ങൾ ഉൾക്കൊള്ളുന്നതിന്റെ തെളിവാണ് ശാസ്ത്ര അക്കാദമിയെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിൽ സജീവമായ ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നതിനായി അക്കാദമി വിവിധ ശാസ്ത്രജ്ഞന്മാരുമായും, ബിസിനസ് നേതാക്കളുമായും തുടരുന്ന സംഭാഷണങ്ങളും അദ്ദേഹം അടിവരയിട്ടു.

ഊർജ സംക്രമണത്തിന് എല്ലാവരും, എല്ലാ തലങ്ങളിലുമുള്ള വ്യക്തികളും സ്ഥാപനങ്ങളും - ഒരേ ദിശയിൽ ഒരുമിച്ച് നീങ്ങുന്നത് ആവശ്യമാണെന്ന് യോഗം വിലയിരുത്തി.കൂട്ടായപരിശ്രമം കാലാവസ്ഥാപ്രതിസന്ധിക്ക് ഒരുപരിധിവരെ പരിഹാരം കാണുവാൻ ആവശ്യമാണെന്നും സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങൾ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 November 2023, 19:21