തിരയുക

ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച, ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച, ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ 

ബഹിരാകാശം ഒരു പൊതുനന്മയായി സംരക്ഷിക്കപ്പെടണം, ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച !

ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേൽ കാച്ച, ന്യുയോർക്കിൽ, ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് വെള്ളിയാഴ്ച നടത്തിയ പ്രഭാഷണത്തിലാണ് വത്തിക്കാൻറെ ഈ ബോധ്യം എടുത്തു കാട്ടിയത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇക്കഴിഞ്ഞ വർഷങ്ങളിൽ ബഹിരാകാശ പ്രവർത്തനങ്ങളിലുണ്ടായിട്ടുള്ള ദ്രുതഗതിയിലുള്ള വികസനം ബഹിരാകാശത്തെ ഒരു പൊതുനന്മയായി സംരക്ഷിക്കേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടുന്നുവെന്ന് ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേൽ കാച്ച.

ബഹിരാകാശസംരക്ഷണാവശ്യകതയെ അധികരിച്ചുള്ള നാലാം സമിതിയിൽ വെള്ളിയാഴ്‌ച (27/10/23) ന്യുയോർക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹിരാകാശത്തിൻറെ വർദ്ധിച്ചുവരുന്ന സാദ്ധ്യതകൾ പര്യവേക്ഷണം ചെയ്യുമ്പോൾ, അതിൻറെ സമാധാനപരമായ ഉപയോഗങ്ങൾ, ഇന്നത്തെയും നാളത്തെയും തലമുറകൾക്കായി, ഫലപ്രദമായ സഹകരണവും ബഹുമുഖ സമീപനവും അടിസ്ഥാനമാക്കി പ്രോത്സാഹിപ്പിക്കേണ്ടത് പ്രധാനമാണെന്ന് ആർച്ചുബിഷപ്പ് കാച്ച പ്രസ്താവിച്ചു.

ഇടുങ്ങിയതും ദേശിയവും വാണിജ്യപരവുമായ താല്പര്യങ്ങൾക്കുമേൽ നരകുലത്തിൻറെ പൊതുനന്മയ്ക്ക് മുൻഗണന നല്കുന്ന ഒരിടമായിരിക്കും ബഹിരാകാശമെന്ന് ഉറപ്പുവരുത്താനുള്ള കൂട്ടുത്തരവാദിത്വവും സമാധാനത്തിനുള്ള അഗാധമായ പ്രതിബദ്ധതയും ബഹിരകാശപ്രവർത്തനങ്ങളിൽ രാഷ്ട്രങ്ങൾക്കുണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശ പര്യവേക്ഷണം പുരോഗമിക്കുമ്പോൾ, അതിൻറെ നേട്ടങ്ങൾ എല്ലാ രാജ്യങ്ങൾക്കും, പ്രത്യേകിച്ച് പരിമിതമായ വിഭവങ്ങളുള്ള നാടുകൾക്കും തുല്യമായി പങ്കുവയ്ക്കപ്പെടേണ്ടതിൻറെ ആവശ്യകത ആർച്ചുബിഷപ്പ് കാച്ച  ചൂണ്ടിക്കാട്ടി.

ബഹിരാകാശത്തിൻറെ വാണിജ്യപരമായ ഉപയോഗം നിലവിലുള്ള അസമത്വങ്ങൾ വർദ്ധിപ്പിക്കരുതെന്നും പകരം ആഗോള സഹകരണത്തിനും ഐക്യദാർഢ്യത്തിനുമുള്ള ഒരു വേദിയായും  സമഗ്ര വികസനം, ശാസ്ത്ര ഗവേഷണം, വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായും വർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 October 2023, 19:02