തിരയുക

വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ  (ANSA)

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനറുതിവരുത്താൻ സാധ്യമായതെല്ലാം ചെയ്യും, കർദ്ദിനാൾ പരോളിൻ!

രണ്ടു ജനതകൾ രണ്ടു രാഷ്ട്രങ്ങൾ എന്നതാണ് എക്കാലത്തും ഇസ്രായേലിനെയും പലസ്തീനെയും സംബന്ധിച്ച പരിശുദ്ധസിംഹാസനത്തിൻറെ നിലപാടെന്നും കർദ്ദിനാൾ പരോളിൻ പറയുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമാധാനത്തിനുള്ള കാരണങ്ങൾ അക്രമത്തിനും യുദ്ധത്തിനും മേൽ പ്രബലപ്പെടട്ടെയെന്ന് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.

സഭയുടെ പൊതുകാര്യവിഭാഗത്തിൻറെ ഉപകാര്യദർശി, പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ മേധാവി, സഭയുടെ പരമോന്നത കോടതിയുടെ തലവൻ തുടങ്ങിയ വിവിധ പദവികൾ അലങ്കരിച്ചിട്ടുള്ള,  ഇറ്റലിയിലെ ബ്രിസിഗേല്ലയിൽ 1923 ഒക്ടോബർ 25-ന് ജനിക്കുകയും 2019-ൽ കാലം ചെയ്യുകയും ചെയ്ത കർദ്ദിനാൾ അക്കീല്ലെ സിൽവിസ്ത്രീനിയുടെ നൂറാം ജന്മദിനത്തോടനുബനധിച്ച് റോം നഗരസഭയുടെ ഭരണസിരാകേന്ദ്രമായ കമ്പിദോല്യൊയിൽ സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടിയിൽ ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ച (27/10/23) പങ്കെടുത്ത തന്നോട് തദ്ദവസരത്തിൽ  പലസ്തീൻ ഇസ്രായേൽ സംഘർഷത്തെപ്പറ്റി മാദ്ധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം..

രണ്ടു ജനതകൾ രണ്ടു രാഷ്ട്രങ്ങൾ എന്നതാണ് എക്കാലത്തും ഇസ്രായേലിനെയും പലസ്തീനെയും സംബന്ധിച്ച പരിശുദ്ധസിംഹാസനത്തിൻറെ നിലപാടെന്ന് വ്യക്തമാക്കിയ കർദ്ദിനാൾ പരോളിൻ ഇതു മാത്രമാണ് സമാധാനം വാഴുന്നതും പ്രശാന്തമായ സാമീപ്യം ഉറപ്പാക്കുന്നതുമായ ഒരു ഭാവിക്കുള്ള ഏക മാർഗ്ഗമെന്ന് അസന്ദിഗ്ദ്ധം പ്രസ്താവിച്ചു. ഇരുവിഭാഗങ്ങളും തമ്മിലുണ്ടാകേണ്ട നേരിട്ടുള്ള സംഭാഷണത്തിൻറെ അനിവാര്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോൾ ശക്തമായിരിക്കുന്ന ഇസ്രയേൽ പലസ്തീൻ സംഘർഷത്തിനിരകളാകുന്ന കുട്ടികളെക്കുറിച്ച്, ഹമാസിൻറെ പീഢനങ്ങൾക്ക് ഇരകളാകുന്ന കുട്ടികളെയും ഗാസയിൽ ഇസ്രായേലിൻറെ ബോംബാക്രമണത്തിൽ മരണമടയുന്ന കുഞ്ഞുങ്ങളെയുംക്കുറിച്ച് ചിന്തിക്കാൻ  അദ്ദേഹം എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നു. സംഘർഷങ്ങൾക്കറുതിവരുത്തുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നു പറഞ്ഞ കർദ്ദിനാൾ പരോളിൻ അതിന് പാപ്പാ സർവ്വാത്മനാസന്നദ്ധനാണെന്ന് വെളിപ്പെടുത്തി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 October 2023, 19:56