തിരയുക

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിന് വേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിന് വേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ  (Vatican Media)

ചൂഷണങ്ങൾക്കിരയായ കുട്ടികൾക്കുവേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുക: സഭാ നേതൃത്വത്തോട് പൊന്തിഫിക്കൽ കമ്മീഷൻ

പുതിയ കർദ്ദിനാൾമാരുടെ വാഴ്ചയും, മെത്രാൻസിനഡിന്റെ പതിനാറാമത് സാധാരണ പൊതുസമ്മേളനവും ആരംഭിക്കാനിരിക്കെ, കുട്ടികളുടെ സംരക്ഷണത്തിനായി കൂടുതൽ കാര്യക്ഷമമായ പ്രവർത്തനം ആവശ്യമെന്ന്, പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിന് വേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കുട്ടികളുടെയും പ്രായപൂർത്തിയാകാത്തവരുടെയും സംരക്ഷണത്തിനായി കൂടുതൽ നടപടികൾ ആവശ്യപ്പെട്ട് പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിന് വേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ. സെപ്റ്റംബർ മുപ്പതിന് പുതിയ കർദ്ദിനാൾമാരെ വഴിക്കുന്ന ചടങ്ങും, ഒക്ടോബർ നാലുമുതൽ ഇരുപത്തിയൊൻപത് വരെ തീയതികളിൽ മെത്രാൻസിനഡിന്റെ പതിനാറാമത് സാധാരണ പൊതുസമ്മേളനവും വത്തിക്കാനിൽ നടക്കാനിരിക്കെ, പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട തങ്ങളുടെ അധികാരപരിധിയെക്കുറിച്ച് കൂടുതൽ നടപടികൾ ആവശ്യപ്പെട്ട് പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിന് വേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ അപേക്ഷ മുന്നോട്ട് വച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പുറത്തുവരുന്ന വാർത്താവിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ, സഭാംഗങ്ങളുടെ ഭാഗത്തുനിന്നുള്ള ദുരുപയോഗങ്ങൾക്ക് വിധേയരാകേണ്ടിവന്ന അതിജീവിത ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനും, വിവിധ ഇടങ്ങളിൽ, പ്രാദേശിക സഭാധ്യക്ഷന്മാർ പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള ശ്രമങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന് കൂടുതൽ മുൻകൈയ്യെടുക്കാനും, അതിനായി കൂടുതൽ പ്രതിബദ്ധതയോടെ പെരുമാറാനും കമ്മീഷൻ ആവശ്യപ്പെട്ടു. സിനഡാലിറ്റി സംബന്ധിച്ചുള്ള മെത്രാൻ സിനഡിൽ, പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷിതത്വം മുൻഗണനയോടെ പരിഗണിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ഫ്രാൻസിസ് പാപ്പായുടെ തിരഞ്ഞെടുപ്പിനോടടുത്തുതന്നെ സ്ഥാപിക്കപ്പെട്ട ഈ പൊന്തിഫിക്കൽ കമ്മീഷൻ, സഭാനേതൃത്വത്തോടൊപ്പം തയ്യാറാക്കി വിഭാവനം ചെയ്‌ത പദ്ധതികളുടെ ഭാഗമായി, ചൂഷണങ്ങൾക്ക് ഇരകളായവർക്ക് നീതി ലഭിക്കുന്നത് സംബന്ധിച്ച് പ്രാദേശികസഭകൾക്ക് നിർദ്ദേശങ്ങൾ നൽകിയെങ്കിലും, ഇരകൾ ഇനിയും സഭയിൽനിന്ന് നീതിക്കായി അപേക്ഷിക്കേണ്ടിവരുന്നുവെന്നത് കമ്മീഷൻ പ്രത്യേകമായി പരാമർശിച്ചു. പീഡനങ്ങളും ചൂഷണങ്ങളും അവസാനിപ്പിക്കുവാൻ ഏവരും തീരുമാനമെടുക്കണമെന്നും തങ്ങളുടെ ആഹ്വാനത്തിൽ കമ്മീഷൻ ഓർമ്മിപ്പിച്ചു.

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണം, ഇരകളോടുള്ള ഐക്യദാർഢ്യം എന്നിവ കുറച്ചുദിവസങ്ങളിലേക്ക് മാത്രമായി ഒതുക്കാതെ, സിനഡൽ പ്രക്രിയയുടെ ഭാഗമാക്കി മാറ്റണമെന്നും, അതുവഴി മുറിവേറ്റവരും സമൂഹത്താൽ മറന്നുപോകപ്പെട്ടവരുമായ ആളുകൾക്കൊപ്പം നടക്കുന്ന, ഏക കർത്താവിന്റെ ശിഷ്യരാണ് നാമെന്നതിന്റെ അടയാളമായി മാറ്റണമെന്നും സെപ്റ്റംബർ 27-ന് പുറത്തുവിട്ട അപേക്ഷയിലൂടെ പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 September 2023, 16:43