തിരയുക

സിനഡാലിറ്റിയെക്കുറിച്ചുള്ള ഇത്തവണത്തെ സിനഡിന്റെ ലോഗോ സിനഡാലിറ്റിയെക്കുറിച്ചുള്ള ഇത്തവണത്തെ സിനഡിന്റെ ലോഗോ 

മെത്രാൻ സിനഡിന്റെ ആദ്യസെഷനിൽ അഞ്ചു സന്യസ്‌തകൾ പങ്കെടുക്കും

നാളിതുവരെയുള്ള ചരിത്രത്തിൽ ആദ്യമായി മെത്രാൻ സിനഡിന്റെ ആദ്യ സെഷനിൽ അഞ്ചു സന്യസ്‌തകൾ മെമ്പർമാരായി പങ്കെടുക്കും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഒക്ടോബർ 4 മുതൽ 29 വരെ വത്തിക്കാനിൽവച്ച്, മെത്രാൻസിനഡിന്റെ പതിനാറാമത് സാധാരണ പൊതുസമ്മേളനം നടക്കുമ്പോൾ, ചരിത്രത്തിലാദ്യമായി, അഞ്ച് സന്യസ്‌തകളും അതിന്റെ ആദ്യ സെഷനിൽ പങ്കെടുക്കും. സന്യസ്‌തകളുടെ ജനറൽ സുപ്പീരിയർമാരുടെ അന്താരാഷ്ട്രയൂണിയന്റെ പ്രെസിഡന്റ് സി. മേരി ബറോൺ, OLA ആണ് ഇത് സംബന്ധിച്ച വിവരം സെപ്റ്റംബർ 28 വ്യാഴാഴ്ച പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

"സന്യസ്‌തകളുടെ ജനറൽ സുപ്പീരിയർമാരുടെ അന്താരാഷ്ട്രയൂണിയനിൽ അംഗങ്ങളായുള്ള 2000 കോൺഗ്രിഗേഷനുകളിലെ ആറു ലക്ഷത്തിലധികം സന്യസ്‌തകളെ പ്രതിനിധീകരിച്ചായിരിക്കും ഈ അഞ്ചു സന്യസ്‌തകൾ സിനഡാലിറ്റിയെക്കുറിച്ചുള്ള ഈ സിനഡിൽ സംബന്ധിക്കുക.

2014-ൽ നടന്ന കുടുംബങ്ങളെ സംബന്ധിച്ച സിനഡിൽ ഫ്രാൻസിസ് പാപ്പായാണ് തങ്ങളെ ആദ്യമായി ശ്രോതാക്കളെന്ന നിലയിൽ ഒരു സിനഡിലേക്ക് ക്ഷണിച്ചതെന്ന് സി. മേരി ബറോൺ പത്രക്കുറിപ്പിൽ അനുസ്മരിച്ചു. പിന്നീടങ്ങോട്ട് നടന്ന സിനഡുകളിൽ സന്യസ്‌തകളുടെ ജനറൽ സുപ്പീരിയർമാരുടെ അന്താരാഷ്ട്രയൂണിയൻ പ്രതിനിധികൾക്ക് ശ്രോതാക്കളായി സംബന്ധിക്കുവാൻ അവസരം ലഭിച്ചിരുന്നു എങ്കിലും, ഇത്തവണ പൂർണ്ണമായ അംഗത്വത്തോടെ തങ്ങൾക്ക് പങ്കെടുക്കുവാനുള്ള സാഹചര്യമാണ് പാപ്പാ ഒരുക്കിയതെന്നും അതിന് തങ്ങൾ നന്ദിയുള്ളവരാണെന്നും സി. ബറോൺ അറിയിച്ചു. സിനഡിന്റെ ഔദ്യോഗികരേഖകളാകാൻ പോകുന്ന തീരുമാനങ്ങൾ രൂപീകരിക്കുന്നതിനായുള്ള ചർച്ചകളിൽ തങ്ങളുടേതായ സംഭാവനകൾ നൽകുവാനാണ്‌ ഇതുവഴി അവസരം ഉളവാകുന്നതെന്നും യൂണിയൻ പ്രസിഡന്റ് എടുത്തുപറഞ്ഞു.

സന്യസ്‌തകളുടെ ജനറൽ സുപ്പീരിയർമാരുടെ അന്താരാഷ്ട്രയൂണിയൻ പ്രെസിഡന്റ് സി. മേരി ബറോൺ, OLA, എക്സിക്യൂട്ടീവ് സെക്രട്ടറി സി. പാത്രീസ്യ മുറേ IBVM, സി. എലിസബത്ത് മേരി ഡേവിസ് RSM, സി.എലീസേ ഇസേരിമാന, Op. S.D.N., സി. മരിയ നിർമാലിനി, A.C., എന്നിവരായിരിക്കും സിനഡിന്റെ ആദ്യ സെഷനിൽ സംബന്ധിക്കുക.

"ഒരു സിനഡൽ സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം", എന്ന പേരിൽ വിളിച്ചുചേർക്കപ്പെടുന്ന ഈ മെത്രാൻ സിനഡിൽ തങ്ങൾക്കും സജീവമായി പങ്കെടുക്കാൻ അവസരം നൽകിയതിന് ഫ്രാൻസിസ് പാപ്പായോട് തങ്ങൾ പ്രത്യേകമായി നന്ദിയുള്ളവരാണെന്ന് സി. ബറോൺ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

സിനഡാലിറ്റിയെക്കുറിച്ചുള്ള ഈ സിനഡിൽ പങ്കെടുക്കാൻ താനും തിരഞ്ഞെടുക്കപ്പെട്ടു എന്നത്, തനിക്ക് ഏറെ അതിശയമാണ് സമ്മാനിച്ചതെന്ന് സി. നിർമാലിനി പറഞ്ഞു.

മറ്റു പുരുഷസ്വരങ്ങൾക്കിടയിൽ, ഇന്നത്തെ ലോകത്തുനിന്നുള്ള അനേകരുടെ സാക്ഷ്യത്തിന്റെ കൂടി അനുഭവത്തിൽ നിന്നുകൊണ്ട്, പ്രവാചകസ്വരമായി സംഭാവന ചെയ്യാൻ തങ്ങൾക്കും സാധിക്കുമെന്നാണ് ജനറൽ സുപ്പീരിയർമാരുടെ ഈ അന്താരാഷ്ട്രയൂണിയൻ പ്രതീക്ഷിക്കുന്നതെന്ന് സി. ബറോൺ കൂട്ടിച്ചേർത്തു.

തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും, ഒരു സിനഡൽ സഭയെന്ന ആശയം യാഥാർഥ്യമാകുവാനായി ഒരുമിച്ച് സ്വപ്‌നങ്ങൾ കാണാനുമായാണ് ഈ സിനഡിൽ സജീവ അംഗങ്ങളാകുവാൻ തങ്ങൾ ക്ഷണിക്കപ്പെട്ടിരിക്കുന്നതെന്നും, തങ്ങളുടെ കഴിവുകളിൽ ആത്മവിശ്വാസമുള്ളപ്പോഴും എളിമയുടെയും സഹഉത്തരവാദിത്വത്തോടെയും ഈ യാത്ര നടത്താനുമാണ്‌ തങ്ങൾ ആഗ്രഹിക്കുന്നതെന്നും സന്യസ്‌തകളുടെ ജനറൽ സുപ്പീരിയർമാരുടെ അന്താരാഷ്ട്രയൂണിയൻ പ്രെസിഡന്റ് പത്രക്കുറിപ്പിലൂടെ വിശദീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 September 2023, 16:50