തിരയുക

ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ 

ലോകത്തെ സുസ്ഥിരമായ ഒരിടമാക്കുന്നതിനായി ശ്രമിക്കുക: ആർച്ച്ബിഷപ് ഗാല്ലഗർ

'സുസ്ഥിരവികസന അജണ്ട 2030', പ്രസ്താവനകളിൽ മാത്രം ഒതുങ്ങാതെ, ലോകത്ത് സുസ്ഥിരവികസനം ഉറപ്പുവരുത്താനായി പ്രായോഗികമായ പ്രവർത്തനങ്ങളിലേക്ക് നീങ്ങാൻ ആഹ്വാനം ചെയ്‌ത്‌ ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

2015 സെപ്റ്റംബർ 25-ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യവേ, 'സുസ്ഥിരമായ പുരോഗതിക്കായുള്ള 2030 അജണ്ട' എന്ന പദ്ധതിയെ പ്രതീക്ഷയുടെ അടയാളമെന്ന നിലയിലാണ് ഫ്രാൻസിസ് പാപ്പാ കണ്ടതെന്നും, ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് പോകണമെന്നും വത്തിക്കാന്റെ, വിദേശരാജ്യങ്ങളും, അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള കാര്യദർശി ആർച്ച്ബിഷപ് ഗാല്ലഗർ.

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ, സെപ്റ്റംബർ 18, 19 തീയതികളിലായി ന്യൂയോർക്കിൽ നടന്ന, സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ഉന്നതതലയോഗത്തിൽ സംസാരിക്കവെയാണ്, അമൂർത്തമായ പ്രസ്താവനകളിലേക്ക് മാത്രം ഒതുങ്ങാതെ, ലോകത്തിന്റെ സുസ്ഥിര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ എല്ലാവരെയും അദ്ദേഹം ആഹ്വാനം ചെയ്തത്.

ലോകത്ത് സുസ്ഥിരമായ ഒരു വികസനം ഉറപ്പു വരുത്തുന്നതിനായി, ലോകത്ത് നടക്കുന്ന യുദ്ധങ്ങൾ, സംഘർഷങ്ങൾ, ദാരിദ്ര്യവും പട്ടിണിയും, അക്രമം, ആളുകൾ നേരിടുന്ന സാമൂഹിക ബഹിഷ്‌കരണം, കാലാവസ്ഥാവ്യതിയാനം, പാരിസ്ഥിതിക തകർച്ച, വലിച്ചെറിയാൻ സംസ്കാരം തുടങ്ങിയ ഇക്കാലത്തെ വലിയ വെല്ലുവിളികളെ നേരിടുന്നതിനും പരിഹരിക്കുന്നതിനായി ശ്രമങ്ങൾ നടക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പാവപ്പെട്ടവരെയും, വികലാംഗരെയും അബോർട്ട് ചെയ്യപ്പെടുന്ന കുട്ടികൾ, പ്രായമായവർ തുടങ്ങിയവരെയും, സമൂഹത്തിൽ പ്രാധാന്യമില്ലാത്ത മറ്റുള്ളവരെയും ഉപയോഗമില്ലാത്തവരായി കണക്കാക്കുന്നതും അവരെ ഒഴിവാക്കാൻ ശ്രമിക്കുന്നതും ഈ വലിച്ചെറിയൽ സംസ്കാരത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.

എല്ലാവരുടെയും മനുഷ്യാന്തസ്സിനെ മാനിക്കുകയും, പാവപ്പെട്ടവരുടെയും, ദുർബലസാഹചര്യങ്ങളിൽ ആയിരിക്കുന്നവരുടെയും ആവശ്യങ്ങൾ നിറവേറ്റപ്പെടുകയും പ്രകൃതിയുമായുള്ള നല്ല ബന്ധം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ഈ ഉച്ചകോടി വിജയപ്രദമാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ ഏവരുടെയും സഹ-ഉത്തരവാദിത്വം, നീതിയിൽ അധിഷ്ഠിതവും സമാധാനവും ഐക്യവും സാധ്യമാകുന്നത് ലക്ഷ്യമാക്കിയുള്ളതുമായ ഐക്യവും മാനവരാശിയിൽ വളർത്തിക്കൊണ്ടുവരുവാൻ നമുക്ക് പ്രതിബദ്ധതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 September 2023, 17:41