തിരയുക

ആർച്ച്ബിഷപ്പ് എത്തോരെ ബലെസ്ത്രേരൊ (Ettore Balestrero) ആർച്ച്ബിഷപ്പ് എത്തോരെ ബലെസ്ത്രേരൊ (Ettore Balestrero) 

ആർച്ച്ബിഷപ്പ് ബലെസ്ത്രേരൊ: കുടിവെള്ളം മൗലികവും സാർവ്വത്രികവുമായ മനുഷ്യാവകാശം !

സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയുടെ അമ്പത്തിനാലാമത് യോഗത്തിൽ കുടിവെള്ളം ശുചിത്വസേവനങ്ങൾ എന്നിവയെ സംബന്ധിച്ച് വ്യാഴാഴ്ച (14/09/23) സംസാരിക്കവെ ആർച്ച്ബിഷപ്പ് ബലെസ്ത്രേരൊ കുടിവെള്ളം ലഭിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്നതിന്, ഇതു സംബന്ധിച്ച ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ തീരുമാനങ്ങൾ നൈയമിക ഉപാധികൾ ഉപയോഗിച്ചു നടപ്പിൽവരുത്താൻ ഒരോ രാഷ്ട്രത്തിനുമുള്ള കടമയും ചൂണ്ടിക്കാട്ടി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സകലർക്കും കുടിവെള്ളവും പൊതു ശുചിത്വ സംവിധാനങ്ങളും സംലഭ്യമാക്കുന്നതിന് അന്താരാഷ്ട്ര ഐക്യദാർഢ്യാരൂപിയിൽ എല്ലാവരുടെയും പങ്കാളിത്തം ആവശ്യമാണെന്ന് പരിശുദ്ധസിംഹസാനത്തിൻറെ പ്രതിനിധി ആർച്ച്ബിഷപ്പ് എത്തോരെ ബലെസ്ത്രേരൊ (Ettore Balestrero, arcivescovo).

സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ ഐക്യരാഷ്ട്രസഭയുടെ കാര്യാലയത്തിലും ഇതര വിദഗ്ദ്ധ സംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയുടെ അമ്പത്തിനാലാമത് യോഗത്തിൽ കുടിവെള്ളം ശുചിത്വസേവനങ്ങൾ എന്നിവയെ സംബന്ധിച്ച ചർച്ചയിൽ വ്യാഴാഴ്ച (14/09/23) സംസാരിക്കുകയായിരുന്നു.

ശുദ്ധജലം സ്ഥിരമായി ലഭിക്കാത്തവരുടെ സംഖ്യ ലോകത്തിൽ ഇരുനൂറുകോടി വരുമെന്ന പരിശുദ്ധസിംഹാസനത്തിൻറെ ആശങ്കയും ആർച്ചുബിഷപ്പ് ബലെസ്ത്രേരൊ പ്രകടിപ്പിച്ചു.

ഖനനപ്രക്രിയകളിൽ വിഷലിപ്തവസ്തുക്കളുടെ ഉപയോഗം സുസ്ഥിരമല്ലാത്ത ജലസേചനം, ജലസ്രോതസ്സുകളുടെ അമിത ചൂഷണം തുടങ്ങിയവയുൾപ്പടെ മനുഷ്യസൃഷ്ടിയായ കാരണങ്ങളും ഈ ശുദ്ധജലസംലഭ്യതയുടെയും ശുചിത്വസംവിധാനങ്ങളുടെയും അഭവാത്തിൻറെ പിന്നിലുണ്ടെന്ന വസ്തുതയും അദ്ദേഹം എടുത്തുകാട്ടി.

ശുദ്ധമായ കുടിവെള്ളലഭ്യത മൗലികവും സാർവ്വത്രികവുമായ മനുഷ്യാവകാശമാണെന്നും അത് മനുഷ്യൻറെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാകയാൽ മറ്റ് മനുഷ്യാവകാശങ്ങൾ വിനിയോഗിക്കുന്നതിനുള്ള ഒരു വ്യവസ്ഥയാണെന്നും ആർച്ച്ബിഷപ്പ് ബലസ്ത്രേരൊ പ്രസ്താവിച്ചു.

ദൗർഭാഗ്യവശാൽ, പലപ്പോഴും ജലവിഭവം കൈകാര്യം ചെയ്യപ്പെടുന്നത് എല്ലാവർക്കുമുള്ള ഈ അവകാശത്തോടുള്ള ആദരവ് ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയല്ല, മറിച്ച്, ചിലരുടെ സാമ്പത്തിക താല്പര്യം മുൻനിറുത്തിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ശുദ്ധജലം നിഷേധിക്കപ്പെടുകയാൽ ഒരുവന് അവൻറെ അന്യാധീനപ്പെടുത്താനാവത്ത അന്തസ്സിനനുസരിച്ച് ജീവിക്കാനുള്ള അവൻറെ അവകാശം നിഷേധിക്കപ്പെടുകയാണെന്നും അതുകൊണ്ടുതന്നെ, കുടിവെള്ളം ലഭ്യമല്ലാത്ത പാവപ്പെട്ടവരോട് ലോകത്തിന് ഗൗരവതരമായ ഒരു സാമൂഹിക ബാദ്ധ്യതയുണ്ടെന്ന് ആർച്ച്ബിഷപ്പ് ബലസ്ത്രേരൊ ഓർമ്മിപ്പിച്ചു.

കുടിവെള്ളം ലഭിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്നതിന്, ഇതു സംബന്ധിച്ച ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ തീരുമാനങ്ങൾ നൈയമിക ഉപാധികൾ ഉപയോഗിച്ചു നടപ്പിൽവരുത്താൻ ഒരോ രാഷ്ട്രത്തിനുമുള്ള കടമയും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 September 2023, 18:41