തിരയുക

കർദ്ദിനാൾ പീയെത്രൊ പരോളിൻ, വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ, വത്തിക്കാൻ സംസ്ഥാന കാര്യദർശി  

കർദ്ദിനാൾ പിയെത്രൊ പരോളിൻ: സമാഗമങ്ങളുടെ പരിവർത്തനദായക ശക്തി !

യുവജന സംഗമത്തെ അധികരിച്ച് കർദ്ദിനാൾ പരോളിൻ ഒരു അഭിമുഖത്തിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഗോള കത്തോലിക്കാ യുവജനസംഗമം പോലുള്ള സമാഗമങ്ങൾക്ക് പരിവർത്തനം ചെയ്യാനുള്ള, ചിലരുടെ ജീവിതത്തെ പോലും മാറ്റാനുള്ള, ശക്തിയുടണ്ടെന്ന ബോധ്യം ഫ്രാൻസീസ് പാപ്പായ്ക്കുണ്ടെന്നും പാപ്പാ എല്ലാ യുവതീയുവാക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.

പോർച്ചുഗലിൻറെ തലസ്ഥാനമായ ലിസ്ബണിൽ ആഗസ്റ്റ് 1-6 വരെ ആഗോളകത്തോലിക്കാസഭാതലത്തിൽ സംഘടിപ്പിക്കപ്പെടുന്ന ലോകയുവജന ദിനാചരണത്തെയും യുവജനങ്ങളുമായുള്ള പാപ്പായുടെ കൂടിക്കാഴ്ചയെയും അധികരിച്ച് വത്തിക്കാൻറെ മാദ്ധ്യമ വിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

യുവജനദിനാചരണങ്ങൾ പോലുള്ള ദിനങ്ങളിൽ ഒരു വ്യക്തി വളരുകയാണ് ചെയ്യുന്നതെന്ന് പാപ്പാ അടുത്തയിടെ പറഞ്ഞതും കർദ്ദിനാൾ പരോളിൻ അനുസ്മരിച്ചു. ഇത്തരമൊരു ദിനം വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ ഏർപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് കർദ്ദിനാൾ പരോളിൻ അത് യുവജനത്തിന് തുണയായിരിക്കാൻ സഭ അഭിലഷിക്കുന്നുവെന്ന് കൃത്യമായി വ്യക്തമാക്കുന്ന  പ്രവചരപരമായ ഒരു തിരഞ്ഞെടുപ്പും ദീർഘവീക്ഷണമുള്ള അന്തർജ്ഞാനവും ആയിരുന്നുവെന്ന് നിസ്സന്ദേഹം പറയാമെന്ന് പ്രത്യുത്തരിച്ചു.

യുദ്ധം, ദാരിദ്ര്യം, നിസ്സംഗത, സ്വാർത്ഥത, ലൗകികത തുടങ്ങിയ നിരവധിയായ വെല്ലുവിളികൾക്കു മുന്നിൽ സധൈര്യം സ്വന്തം സുഖസൗകര്യങ്ങൾ വെടിഞ്ഞ് ആവശ്യത്തിലിരിക്കുന്ന അപരൻറെ ചാരെ ആയിരിക്കുന്നതിന് യുവതയ്ക്ക് സ്വന്തം കഴിവുകളും സിദ്ധികളും വിനിയോഗിക്കാൻ കഴിയുകയെന്നത് ലോകത്തിൽ നന്മ വളരുന്നതിന് കാരണമാകുമെന്നും അത് നമ്മുടെ ഈ കാലഘട്ടത്തിലെ വെല്ലുവിളികൾക്കു മുന്നിൽ യുവജനത്തിന് നല്കാൻ കഴിയുന്ന സംഭാവനയായി താൻ കാണുന്നുവെന്നും കർദ്ദിനാൾ പരോളിൻ വിശദീകരിച്ചു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 August 2023, 13:20