തിരയുക

വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ദക്ഷിണ സുഡൻറെ പ്രസിഡൻറ് സാൽവ കീർ മയാർദിത്തുമൊത്ത് (Salva Kiir Mayardit) വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ദക്ഷിണ സുഡൻറെ പ്രസിഡൻറ് സാൽവ കീർ മയാർദിത്തുമൊത്ത് (Salva Kiir Mayardit)  

സമാധാനപ്രക്രിയയുടെ പരിപോഷണാർത്ഥം കർദ്ദിനാൾ പരോളിൻ സുഡാനിൽ !

ആഗസ്റ്റ് 14 മുതൽ 17 വരെയാണ് കർദ്ദിനാൾ പരോളിൻറെ സുഡാൻ സന്ദർശനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൽ ചതുർദിന സന്ദർശന പരിപാടിയുമായി ദക്ഷിണ സുഡാനിൽ എത്തി.

14 മുതൽ 17 (14-17/08/23) വരെയായിരിക്കും അദ്ദേഹം സുഡാനിൽ തങ്ങുക.

ആഫ്രിക്കൻ നാടായ അങ്കോള സന്ദർശനാനന്തരം ദക്ഷിണ സുഡാൻറെ തലസ്ഥാനമായ ജുബയിൽ പതിനാലാം തീയതി തിങ്കളാഴ്ച വിമാനമിറങ്ങിയ കർദ്ദിനാൾ പരോളിൻ പതിനേഴാം തീയതി വ്യാഴാഴ്ച അന്നാടിനോടു വിടപറയും.

ആദ്യ ദിനങ്ങളിൽ മലക്കൽ രൂപതയിൽ ചിലവഴിക്കുന്ന കർദ്ദിനാൾ പരോളിൻ അവസാനദിനമായ വ്യാഴാഴ്‌ച റുംബെക്ക് രൂപതയിലായിരിക്കും.

പ്രളയം ഉൾപ്പടെയുള്ള പ്രകൃതിദുരന്തങ്ങളുടെയും മനുഷ്യൻ വിതയ്ക്കുന്ന ദുരന്തങ്ങളുടെയും വേദികളായ പ്രദേശങ്ങളടങ്ങിയ ആ രൂപതകളുടെ അദ്ധ്യക്ഷന്മാരുടെ ക്ഷണപ്രകാരം അവിടെ എത്തിയിരിക്കുന്ന കർദ്ദിനാൾ പരോളിൻ ആ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നേരിട്ടുകണ്ടു വിലയിരുത്തും.

വിദ്വേഷത്തിൻറെ ആയുധങ്ങൾ താഴെ വയ്ക്കപ്പെടുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ദക്ഷിണ സുഡാനിൽ രാഷ്ട്രീയ നേതാക്കളും സഭയുടെ തുടരണമെന്ന് ഫ്രാൻസീസ് പാപ്പായുടെ ആവശ്യം നിറവേറ്റുകയെന്ന ദൗത്യം മുന്നോട്ടുകൊണ്ടുപോകുകയും അനുരഞ്ജനശ്രമങ്ങൾ തുടരുകയും ചെയ്യുക ഈ സന്ദർശത്തിൻറെ ലക്ഷ്യമാണ്.

ഈ സന്ദർശനവേളയിൽ കർദ്ദിനാൾ പരോളിൻ ഫ്രാൻസീസ് പാപ്പാ ഇക്കൊല്ലം ഫെബ്രുവരിയിൽ സുഡാനിൽ നടത്തിയ ഇടയസന്ദർശനത്തിൻറെ ഓർമ്മയ്ക്കായുള്ള സ്മാരക ഫലകം അപ്പൊസ്തോലിക് നൺഷിയേച്ചറിൽ അനാവരണം ചെയ്തു. കൂടാതെ അന്നാടിൻറെ പ്രസിഡൻറ് സാൽവ കീർ മയാർദിത്തുമായി (Salva Kiir Mayardit) കൂടിക്കാഴ്ച നടത്തുകയും സർക്കാർ പ്രതിനിധികളുമായ സംഭാഷണത്തിലേർപ്പെടുകയും ചെയ്തു. മലക്കൽ രൂപതയുടെ കത്തീദ്രലിൽ ദിവ്യബലി അർപ്പിക്കുകയും ഒരു അഭയാർത്ഥികേന്ദ്രം സന്ദർശിക്കുകയും ചെയ്തു.

സുഡാനിൽ ഐക്യരാഷ്ട്രസഭയുടെ സമാധന ദൗത്യസംഘവുമായി – UNMISS – ഒരു കൂടിക്കാഴ്ച ബുധനാഴ്ചത്തെ വിവിധ പരിപാടികളിൽ ഒന്നാണ്.

സമാപന ദിനമായ വ്യാഴാഴ്ച കർദ്ദിനാൾ പരോളിൻ സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള ദിവ്യബലി റുംബെക്ക് രൂപതയിൽ അർപ്പിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 August 2023, 12:11