തിരയുക

കർദ്ദിനാൾ മൈക്കിൾ ചേർണി, സമഗ്ര മാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി, സമഗ്ര മാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ  

ആർച്ച്ബിഷപ്പ് ചേർണി: യുവതയ്ക്ക് പരിസ്ഥിതിയോടുള്ള പ്രതിബദ്ധത!

സൃഷ്ടിയുടെ പരിപാലനത്തെ അധികരിച്ച് പോച്ചുഗലിലെ ലിസ്ബണിൽ ജൂലൈ 31-ന് തിങ്കളാഴ്ച നടന്ന നാലാം അന്താരാഷ്ട്രസമ്മേളനത്തെ കർദ്ദിനാൾ മൈക്കിൾ ചേർണി സംബോധന ചെയ്തു.

 ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുവജനം നമ്മിൽ നിന്ന് ഒരു മാറ്റം ആവശ്യപ്പെടുന്നുവെന്നും പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ചും പുറന്തള്ളപ്പെടുന്നവരുടെ കഷ്ടപ്പാടുകളെക്കുറിച്ചും ചിന്തിക്കാതെ എങ്ങനെ മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കാൻ കഴിയുമെന്ന് അവർ ചോദിക്കുന്നുവെന്നും സമഗ്ര മാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി.

സൃഷ്ടിയുടെ പരിപാലനത്തെ അധികരിച്ച് പോച്ചുഗലിലെ ലിസ്ബണിൽ ജൂലൈ 31-ന് തിങ്കളാഴ്ച നടന്ന നാലാം അന്താരാഷ്ട്രസമ്മേളനത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “സമഗ്ര പരിസ്ഥിതിയോടുള്ള യുവതയുടെ പ്രതിബദ്ധത. നവമായൊരു മാനവികതയ്ക്കായുള്ള ജീവിതശൈലി" എന്നതായിരുന്നു ഈ ഏകദിന യോഗത്തിൻറെ വിചിന്തന പ്രമേയം.

മനുഷ്യൻ ഭൗമിക സംവിധാനങ്ങളെത്തന്നെ, അതായത്, അന്തരീക്ഷത്തെയും സമുദ്രങ്ങളെയും ഭൂപ്രകൃതിയെയും ആവാസവ്യവസ്ഥയെയും  സാരമാം വിധം മാറ്റിമറിച്ചിരിക്കയാണെന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്ന കർദ്ദിനാൾ ചേർണി, നരകുലം മാറ്റത്തിനു വിധേയമാകണം, വിശിഷ്യ, മാനസാന്തരപ്പെടണം എന്ന് ഫ്രാൻസീസ് പാപ്പാ തൻറെ ചാക്രിക ലേഖനമായ “ലൗദാത്തൊ സീ”യിൽ ലാളിത്യത്തോടും എന്നാൽ അതിശക്തിയോടും കൂടി നിർദ്ദേശിക്കുന്നത് അനുസ്മരിച്ചു.

ലോകത്തിനു രൂപം നല്കുന്ന വ്യത്യസ്ത ഘടകങ്ങൾ തമ്മിലുള്ള പരസ്പരബന്ധത്തിൽ നാം കൂടുതൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും നമ്മുടെയും സകല ജീവജാലങ്ങളുടെയും നിലനിൽപ്പ് സാധ്യമാക്കിത്തീർക്കുന്നത് സൂക്ഷ്മമായ ഈ സന്തുലിതാവസ്ഥയാണെന്നും അദ്ദേഹം “ലൗദാത്തൊ സീ”യുടെ ഉദ്ബോധനങ്ങളുടെ വെളിച്ചത്തിൽ വിശദീകരിച്ചു. ജൈവവൈവിധ്യ സംരക്ഷണമുൾപ്പടെയുള്ള നിരവധി പ്രായോഗിക നിർദ്ദേശങ്ങളും കർദ്ദിനാൾ മൈക്കിൾ ചേർണി മുന്നോട്ടു വച്ചു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 August 2023, 13:10