തിരയുക

ജനീവയിലെ ഐക്യരാഷ്ട്രസഭാകേന്ദ്രം ജനീവയിലെ ഐക്യരാഷ്ട്രസഭാകേന്ദ്രം  (BENEDETTA BARBANTI)

മതവിദ്വേഷപ്രവർത്തനങ്ങൾക്കെതിരെ പരിശുദ്ധ സിംഹാസനം ഐക്യരാഷ്ട്രസഭയിൽ

അടുത്തിടെയായി വിവിധ രാജ്യങ്ങളിൽ അരങ്ങേറിയ, മതഗ്രന്ഥങ്ങൾ നശിപ്പിക്കുന്നത് ഉൾപ്പെടെയുള്ള മതവിദ്വേഷപ്രവർത്തനങ്ങളെ, ജനീവയിലെ ഓഫിസിൽ നടന്ന ഐക്യരാഷ്ട്രസഭാസമ്മേളനത്തിൽ വത്തിക്കാൻ താൽക്കാലിക പ്രതിനിധി അപലപിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഐക്യരാഷ്ട്രസഭയുടെ ജനീവയിലെ ഓഫീസിലേക്കുള്ള വത്തിക്കാൻ സ്ഥിരം ദൗത്യസംഘത്തിന്റെ താൽക്കാലിക പ്രതിനിധി, ജൂലൈ 11-ന് യു.എൻ. നടത്തിയ അൻപത്തിമൂന്നാമത് സാധാരണ സമ്മേളനത്തിൽ, യൂറോപ്പിലും മറ്റു പല രാജ്യങ്ങളിലും മതവിദ്വേഷപരമായി നടന്ന  പ്രവർത്തനങ്ങൾക്കെതിരെ പ്രസ്താവന നടത്തി. വത്തിക്കാൻ താൽക്കാലിക പ്രതിനിധി മോൺസിഞ്ഞോർ ഡേവിഡ് പുറ്റ്സറാണ് ചില യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ മുൻകൂട്ടി നിശ്ചയിച്ച് പരസ്യമായി മതപരമായ കാര്യങ്ങൾക്കെതിരെ നടന്നുവരുന്ന പ്രവർത്തികൾക്കെതിരെ വിളിച്ചുകൂട്ടിയ അടിയന്തിര സമ്മേളനത്തിൽ സംസാരിച്ചത്.

മതപരമായ വസ്തുക്കളോ, അടയാളങ്ങളോ, സ്ഥലങ്ങളോ നശിപ്പിക്കുന്നതിനെയും, അവയ്‌ക്കെതിരെ അപകീർത്തികരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനെയും പരിശുദ്ധ സിംഹാസനം ഏറ്റവും ശക്തമായി അപലപിക്കുന്നുവെന്ന് വത്തിക്കാൻ പ്രതിനിധി പറഞ്ഞു. ഈദ് അൽ-അദ്ഹ എന്ന ഇസ്ലാമിക തിരുനാളുമായി ബന്ധപ്പെട്ട ദിനങ്ങളിൽ ഖുർആൻ കത്തിക്കപ്പെട്ടത് തികച്ചും മോശകരമായ സംഭവമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "വിശ്വാസികൾ പവിത്രമായി കണക്കാക്കുന്ന പുസ്തകങ്ങൾ, അവരോടുള്ള ആദരവ് കണക്കിലെടുത്ത് ബഹുമാനിക്കപ്പെടണമെന്നും, സ്വാതന്ത്ര്യം മറ്റുള്ളവരെ നിന്ദിക്കാനുള്ള അനുവാദമായി കണക്കാക്കരുതെന്നും" ഈ സംഭവവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ  പ്രതികരിച്ചത് അദ്ദേഹം ഉദ്ധരിച്ചു.

സത്യത്തിനും, ജീവിതത്തിന്റെ അർത്ഥത്തിനും ലക്ഷ്യത്തിനും വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണപ്രവൃത്തിയാണ് മതവിശ്വാസം. അതുകൊണ്ടുതന്നെ മതപരമായ വിശ്വാസങ്ങളെയോ പാരമ്പര്യങ്ങളെയോ വിശുദ്ധ വസ്തുക്കളെയോ അപമാനിക്കുന്നത് ഒരു വ്യക്തിയുടെ അന്തസ്സിനു നേരെയുള്ള ആക്രമണമായി കണക്കാക്കപ്പെടേണ്ടതുണ്ട്. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർ, സമൂഹത്തിൽ വിദ്വേഷവും അസഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുകയും ധ്രുവീകരണങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നവരാണ്. എന്നാൽ യഥാർത്ഥ വിശ്വാസം കുറ്റങ്ങൾ സഹിക്കാനും ക്ഷമിക്കാനുമാണ് വിശ്വാസികളെ പ്രാപ്തരാക്കുന്നത്. മനുഷ്യാന്തസ്സും അവകാശങ്ങളും ഉയർത്തിപ്പിടിക്കുകയും, പൊതുനന്മ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ യഥാർത്ഥ വിശ്വാസികളുടെ പങ്ക് വലുതാണെന്നും മോൺസിഞ്ഞോർ പുറ്റ്സർ ഓർമ്മിപ്പിച്ചു.

ഇന്ന് ആയുധ നിർമ്മാതാക്കളെക്കാൾ സമാധാനസ്ഥാപകരെയും, കോലാഹലമുണ്ടാക്കുന്നവരേക്കാൾ സമാധാനം പടുത്തുയർത്തുന്നവരെയും, എല്ലാം കത്തിച്ചു ചാരമാക്കുന്നവരേക്കാൾ അഗ്നിശമനക്കരെയും, നാശം ഉണ്ടാക്കുന്നവരേക്കാൾ അനുരഞ്ജനത്തിന്റെ വക്താക്കളെയുമാണ് നമുക്ക് ആവശ്യമെന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ വത്തിക്കാൻ പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ ആവർത്തിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 July 2023, 16:35