തിരയുക

മുത്തശ്ശിമാരുടെ ദിനം, മുത്തച്ഛനും ചെറുമകനും കൈകോർത്ത് നിൽക്കുന്ന ചിത്രം മുത്തശ്ശിമാരുടെ ദിനം, മുത്തച്ഛനും ചെറുമകനും കൈകോർത്ത് നിൽക്കുന്ന ചിത്രം   (BAD MAN PRODUCTION)

ആഗോള തലത്തിലുള്ള പ്രായമായവരുടെ ദിനത്തിൽ ദണ്ഡവിമോചനം

അൽമായർക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ്, കർദിനാൾ കെവിൻ ജോസഫ് ഫാരെലിന്റെ അഭ്യർത്ഥന പരിഗണിച്ച് മുത്തശ്ശി- മുത്തശ്ശൻമാരുടെയും, പ്രായമായവരുടെയും മൂന്നാം ലോക ദിനത്തോടനുബന്ധിച്ച് ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച ദണ്ഡവിമോചന ദിനമായി ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

അൽമായർക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ്, കർദിനാൾ കെവിൻ ജോസഫ് ഫാരെലിന്റെ അഭ്യർത്ഥന പരിഗണിച്ച് മുത്തശ്ശി- മുത്തശ്ശൻമാരുടെയും, പ്രായമായവരുടെയും മൂന്നാം ലോക ദിനത്തോടനുബന്ധിച്ച് ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച ദണ്ഡവിമോചന ദിനമായി ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ചു.പ്രഖ്യാപനത്തെ സംബന്ധിച്ച അറിയിപ്പ് അപ്പസ്തോലിക പെനിറ്റൻഷ്യറിയാണ് പുറത്തുവിട്ടത്.

വിശ്വാസികളുടെ ഭക്തി വർദ്ധിപ്പിക്കുന്നതിനും ആത്മാക്കളുടെ രക്ഷ നേടുന്നതിനുമായിട്ടുമാണ് കത്തോലിക്കാ സഭയിൽ ദണ്ഡവിമോചനം പ്രഖ്യാപിക്കുന്നത്.മുത്തശ്ശി - മുത്തശ്ശൻമാർക്കും, പ്രായമായവർക്കും, തപസ്സിന്റെയും ജീവകാരുണ്യത്തിന്റെയും യഥാർത്ഥ ചൈതന്യത്താൽ പ്രചോദിതരായി, ദൈവീക കരുണ വീണ്ടെടുക്കുന്നതിനുള്ള വലിയ അവസരമാണ് ജൂലൈ ഇരുപത്തിമൂന്നാം തീയതി പ്രഖ്യാപിച്ചിരിക്കുന്ന ദണ്ഡവിമോചനം.

ഈ ദിവസം ആത്മീയമായി ചടങ്ങുകളിൽ പങ്കുചേരുന്നതിലൂടെ രോഗികളായവർക്കും, തുണയില്ലാത്തവർക്കും,ഗുരുതരമായ കാരണത്താൽ വീടുവിട്ടിറങ്ങാൻ കഴിയാത്തവർക്കും ദണ്ഡവിമോചനം പ്രാപിക്കാൻ സാധിക്കും. തദവസരത്തിൽ പാപമോചന ശുശ്രൂഷയ്ക്ക് വിശ്വാസികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുവാൻ, ബന്ധപ്പെട്ട പുരോഹിതർ വേണ്ട ക്രമീകരണങ്ങൾ ചെയ്തു കൊടുക്കണമെന്നും അപ്പസ്തോലിക പെനിറ്റൻഷ്യറിയുടെ കുറിപ്പിൽ പറയുന്നു.

വിശുദ്ധ കുമ്പസാരം,വിശുദ്ധ കുർബാന സ്വീകരണം,പാപ്പയുടെ നിയോഗത്തിനു വേണ്ടിയുള്ള പ്രാർത്ഥന എന്നിവയാണ് ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള നിബന്ധനകൾ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 July 2023, 21:17