തിരയുക

ആർച്ച്ബിഷപ് ഗാല്ലഗർ ആർച്ച്ബിഷപ് ഗാല്ലഗർ 

മാനവികതയെ മുറിപ്പെടുത്തുന്ന റഷ്യ-ഉക്രൈൻ യുദ്ധം: ആർച്ച്ബിഷപ് ഗാല്ലഗർ

ഉക്രൈൻ നേരിട്ടുകൊണ്ടിരിക്കുന്ന ഭീകരതയ്‌ക്കെതിരെ, ലിമെസ് മാസികയുടെ മെയ്മാസലക്കത്തിന്റെ പ്രസാധനച്ചടങ്ങിൽ ശബ്ദമുയർത്തി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

റഷ്യ-ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട ലേഖനങ്ങളുമായി ലിമെസ് (Limes) പുറത്തിറക്കിയ മെയ്മാസലക്കത്തിന്റെ പ്രസാധനച്ചടങ്ങിൽ സംബന്ധിക്കവെ, റഷ്യ-ഉക്രൈൻ യുദ്ധം മൂലം സാധാരണജനങ്ങൾ നേരിടേണ്ടിവരുന്ന പ്രതിസന്ധിയെക്കുറിച്ചും, ഇത്തരമൊരു യുദ്ധം മാനവികതയിൽ ഏൽപ്പിക്കുന്ന മുറിവിനെക്കുറിച്ചും സംസാരിച്ച് വത്തിക്കാൻ വിദേശകാര്യങ്ങൾക്കായുള്ള സ്ഥാനപതി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ.

2022 ഫെബ്രുവരി 24-ന് ആരംഭിച്ച ഈ കിരാതമായ യുദ്ധം ദുഃഖകരമായ രീതിയിൽ ഇന്നും നമ്മുടെ കണ്മുൻപിൽ വളരുകയാണെന്ന് ആർച്ച്ബിഷപ് ഗാല്ലഗർ ഓർമ്മിപ്പിച്ചു.

“ഉക്രൈൻ പാഠങ്ങൾ” എന്ന പേരിട്ട ഈ ലക്കത്തിൽ, ഉക്രൈനിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ, റഷ്യൻ കടന്നുകയറ്റവും അധികാരവും, യൂറോപ്പിന്റെ ഐക്യം തുടങ്ങിയ ഉക്രൈനെക്കുറിച്ചുള്ള പാഠങ്ങൾ; ഇത്തരമൊരു വേദനാജനകമായ അവസ്ഥയിൽ ഉക്രൈൻ ലോകത്തിന് നൽകുന്ന പാഠങ്ങൾ; ലോകത്ത് യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കണം എന്ന, ഉക്രൈനും നമുക്കെല്ലാവർക്കും കൂടിയുള്ള പാഠം എന്നിങ്ങനെ വിവിധ ആശയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയതും, മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടേറിയതുമായ ഇത്തരമൊരു യുദ്ധം, പരിശുദ്ധ പിതാവ് നമ്മെ പലവട്ടം ഓർമ്മിപ്പിച്ചതുപോലെ, ഒരു വൃത്തിഹീനമായ വ്യവസായമാണെന്നും, മാനവികതയുടെ പുരോഗതിക്കുവേണ്ടിയുള്ള വിഭവങ്ങൾ മാനവികതയുടെ നാശത്തിനായി ഉപയോഗിക്കുന്ന ഒരു പ്രവൃത്തിയാണെന്നും ആർച്ച്ബിഷപ് ഗാല്ലഗർ അനുസ്മരിച്ചു. ഇന്ന് ഉക്രൈൻ ജനതയ്ക്ക് വേണ്ടി ഞാൻ എന്താണ് ചെയ്യുന്നത്, അവർക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നോ, ഈ യുദ്ധത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്നോ തുടങ്ങി, പാപ്പാ നമ്മോട് ചോദിച്ച ചോദ്യങ്ങൾ ആനുകാലികപ്രസക്തമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

യൂറോപ്പിന്റെ സുസ്ഥിരതയ്ക്കായുള്ള പ്രവർത്തനങ്ങളിൽ, സമാധാനമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കാൻ ചൈനയുടെ ഇടപെടൽ, ഉക്രൈൻ യുദ്ധം സംബന്ധിച്ച് റഷ്യൻ യുവജനങ്ങളടക്കമുള്ള പൊതുസമൂഹത്തിന്റെ അഭിപ്രായം, റഷ്യയും യൂറോപ്പും തമ്മിലുള്ള ബന്ധം തുടങ്ങിയ ചോദ്യങ്ങൾ റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്നുണ്ട്.

ഉക്രൈൻ നേരിടുന്ന യുദ്ധഭീകരതയെക്കുറിച്ച് പാപ്പായുടെയും പരിശുദ്ധ സിംഹാസനത്തിന്റെയും നിലപാടുകളെക്കുറിച്ചും ആർച്ച്ബിഷപ് ഗാല്ലഗർ സംസാരിച്ചു. അവ അർത്ഥശൂന്യമായ സമാധാനശ്രമങ്ങളോ, വെറും ആഗ്രഹങ്ങളോ ആയി ചിത്രീകരിക്കപ്പെടരുത്. സമാധാനത്തിൽ വിശ്വസിക്കാനും, സമാധാനസ്ഥാപകരാകാനുമാണ് പാപ്പാ ഏവരെയും ആഹ്വാനം ചെയ്യുന്നത്.

നാം അതിജീവിക്കേണ്ട ഒരു സംഘർഷമാണ് റഷ്യ-ഉക്രൈൻ യുദ്ധമെന്ന് വ്യക്തമാക്കിയ വൃത്തിക്കാൻ പ്രതിനിധി, റഷ്യയുടെയും ഉക്രൈന്റെയും ഭാഗത്തുനിന്ന്, സമാധാനത്തിലേക്ക് എത്തിച്ചേരാൻ വേണ്ട ധീരാത്മാകമായ പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടതെന്ന് ഓർമ്മിപ്പിച്ചു. അതിനായി അക്രമം ഉപേക്ഷിക്കാനും, അന്താരാഷ്ട്രനിയമങ്ങൾ പാലിക്കാനും, തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും, പരസ്പരസംവാദങ്ങളിൽ ഏർപ്പെടാനും, നീതി തേടാനും യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഇരുകൂട്ടരും ശ്രമിക്കേണ്ടതുണ്ട്. ഇത്തരമൊരു ശ്രമത്തിനായി അന്താരാഷ്ട്രസമൂഹത്തിന്റെ സഹായം ആവശ്യമുണ്ടെന്നും ആർച്ച്ബിഷപ് ഗാല്ലഗർ വ്യക്തമാക്കി. എല്ലാവരിലും, പ്രത്യേകിച്ച് യുദ്ധക്കെടുതികൾ നേരിടുന്ന ഉക്രൈനിൽ, സമാധാനത്തിന്റെ ഹൃദയമിടിപ്പുകൾ തിരികെയെത്തട്ടെ എന്ന ആശംസയോടെയാണ് അദ്ദേഹം തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 July 2023, 16:27