തിരയുക

ആശയവിനിമയത്തിനായുള്ള വത്തിക്കാ൯ ഡിക്കസ്റ്ററിയുടെ തലവൻ പാവൊളൊ റുഫീനി. ആശയവിനിമയത്തിനായുള്ള വത്തിക്കാ൯ ഡിക്കസ്റ്ററിയുടെ തലവൻ പാവൊളൊ റുഫീനി.  (© Todos os Direitos Reservados)

പാവൊളൊ റുഫീനി: പാലങ്ങൾ പണിയുന്ന മതിലുകൾ തകർക്കുന്ന മാധ്യമങ്ങളാണ് നമുക്കാവശ്യം

"കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും കുറിച്ചുള്ള വൃത്താന്തം" എന്ന പ്രമേയത്തിൽ ജൂലൈ 10 മുതൽ 16 വരെ ഉഗാണ്ടയിലെ കമ്പാലയിൽ കത്തോലിക്കാ മാധ്യമ ശൃംഖലയായ സിഗ്നിസ് ആഫ്രിക്ക സംഘടിപ്പിച്ചു വരുന്ന ശിൽപശാലയിൽ പങ്കെടുക്കുന്നവർക്ക് ആശയവിനിമയത്തിനായുള്ള വത്തിക്കാ൯ ഡിക്കസ്റ്ററിയുടെ തലവൻ പാവൊളൊ റുഫീനി സിഗ്നിസ് ആഫ്രിക്കയുടെ പ്രസിഡന്റ് ഫാ. വാൾട്ടർ ഇഹെജിരികയെ അഭിസംബോധന ചെയ്തു കൊണ്ട് നൽകിയ സന്ദേശത്തിൽ വ്യക്തമാക്കി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററിയുമായി സഹകരിച്ച് സിഗ്നിസ് ആഫ്രിക്ക പ്രോത്സാഹിപ്പിക്കുന്ന ഉഗാണ്ടയിലെ ഗാബയിലെ സെന്റ് മേരീസ് സെമിനാരിയിൽ നടക്കുന്ന ശിൽപശാലയുടെ സംഘാടകർക്കും, പ്രഭാഷകർക്കും, ആഫ്രിക്കൻ, അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്നുള്ള എല്ലാ അതിഥികൾക്കും ആശയവിനിമയത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ സ്ത്രീ പുരുഷന്മാർക്കും  ആശയവിനിമയത്തിനായുള്ള വത്തിക്കാന്റെ ഡിക്കസ്റ്ററിയുടെ തലവൻ പാവൊളൊ റുഫീനി തന്റെ ആശംസകൾ അർപ്പിച്ചു.

സന്ദേശത്തിൽ റോമിന് പുറത്ത് ഇറ്റലിയിലെ ലാംപെദൂസയിലേക്കുള്ള പാപ്പായുടെ  ആദ്യ യാത്രയെ അനുസ്മരിച്ച റുഫീനി അഗാധമായ ഒരു പ്രായശ്ചിത്തത്തിലൂടെ "നമ്മുടെ നിരവധി സഹോദരീ സഹോദരന്മാരോടുള്ള നമ്മുടെ നിസ്സംഗതയ്ക്ക് മാപ്പു തരണമേ" എന്ന് പ്രാർത്ഥിച്ചതിനെ സൂചിപ്പിച്ച് കൊണ്ട് ലോക മനസ്സാക്ഷിയെ ഇളക്കിമറിക്കാനും ഹൃദയത്തിന്റെ മൂർത്തമായ മാറ്റത്തിലേക്ക് നമ്മെ നയിക്കാനും തയ്യാറായ പാപ്പായുടെ എക്കാലത്തെയും ഏറ്റവും മാതൃകാപരമായ യാത്രകളിൽ ഒന്നായിരുന്നു അത് എന്ന് ചൂണ്ടികാട്ടി. നിരാശരായ ആയിരക്കണക്കിന് പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും സംഘർഷങ്ങളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും അഭയസ്ഥാനം തേടി പലായനം ചെയ്യുമ്പോൾ പോലും മറ്റ് സഹോദരീസഹോദരങ്ങളെ സ്വാഗതം ചെയ്യാൻ ഉഗാണ്ട എപ്പോഴും അതിന്റെ വാതിലുകൾ തുറന്നിട്ടുണ്ട് എന്നും സന്ദേശത്തിൽ അദ്ദേഹം എടുത്ത് പറഞ്ഞു.

57-മത് ലോക ആശയവിനിമയ ദിനത്തിനായുള്ള സന്ദേശത്തിൽ, നമ്മുടെ തലമുറയുടെ ഉദാസീനതയിലേക്കുള്ള ചായ്‌വിനെ സമൂലമായി വെല്ലുവിളിച്ച്, ചില സമയങ്ങളിൽ സത്യത്തെ വ്യാജമാക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലും ഉപവിയിലൂടെ സത്യത്തെ ആശയവിനിമയം നടത്തുന്നതിനും "ഹൃദയം കൊണ്ട് സംസാരിക്കുന്നതിൽ" ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാൻ ഫ്രാൻസിസ് പാപ്പാ നമ്മെ ക്ഷണിക്കുന്നുവെന്നും റുഫീനി വ്യക്തമാക്കി. യാഥാർത്ഥ്യത്തെ കാണാനും മറ്റുള്ളവരെ ഹൃദയത്തിന്റെ കണ്ണുകൾകൊണ്ട് നോക്കാനും, ഹൃദയത്തിന്റെ ചെവികൊണ്ട് കേൾക്കാനും എല്ലാറ്റിനുമുപരിയായി ഹൃദയം കൊണ്ട് സംസാരിക്കാൻ സ്വയം നാം പരിശീലനം ചെയ്യുകയാണെങ്കിൽ, നാം സഹാനുഭൂതി, യഥാർത്ഥ അനുകമ്പ എന്നീ കഴിവുകളുടെ വ്യക്തികളായിരിക്കുമെന്ന് പറഞ്ഞു.

ഒരു കത്തോലിക്കാ സഭയെന്ന നിലയിൽ ഹൃദയങ്ങളെ പ്രകാശിപ്പിച്ചും പരസ്പരം മുറിവുകൾക്ക് ശ്രദ്ധ നൽകിയും കൂടുതൽ ഐക്യം നെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന സിനഡൽ പ്രക്രിയയിൽ പങ്കാളികളാകാനുള്ള  അവരുടെ ഭൂഖണ്ഡാന്തര ശ്രമങ്ങൾ വളരെയധികം ഫലം നൽകുമെന്ന് താ൯ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. റോമും പ്രാദേശിക സഭകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അവരുടെ പ്രവർത്തനത്തെ കുറിച്ചും സന്ദേശത്തിൽ പാവൊളൊ റുഫീനി പരാമർശിച്ചു. ദൈവവുമായും അയൽക്കാരനുമായും, പ്രത്യേകിച്ച് ഏറ്റവും ആവശ്യമുള്ളവരുമായും, സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുമായും നിരാകരിക്കപ്പെട്ടവരുമായും ഉള്ള ബന്ധം സ്ഥാപിക്കുന്ന ആശയവിനിമയത്തിൽ അവരുടെ കൂടുതൽ കഥകൾ പങ്കിടാൻ വത്തിക്കാൻ മാധ്യമങ്ങൾ കാത്തിരിക്കുന്നു. അദ്ദേഹം വെളിപ്പെടുത്തി.

ആശയവിനിമയത്തിനുള്ള ഡിക്കാസ്റ്ററിയുടെ പെന്തക്കോസ്താ എന്ന് സംരംഭത്തിലൂടെ, വത്തിക്കാൻ മാധ്യമങ്ങൾ ഇതിനകം തന്നെ "ദൈവത്തിന്റെ മഹത്തായ പ്രവൃത്തികളുടെ" സാക്ഷികളായി ആഫ്രിക്കയിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമുള്ള സന്യാസിനികളുമായി കഥകൾ കേൾക്കുകയും പങ്കിടുകയും ചെയ്യുന്നു. അതുപോലെ, "കുടിയേറ്റക്കാരുടെ ശബ്ദങ്ങൾ" എന്ന പ്രോജക്റ്റിനുള്ളിൽ, വിദ്യാഭ്യാസത്തിലൂടെയും തൊഴിൽ പരിശീലനത്തിലൂടെയും തൊഴിൽ ലോകത്ത് കുടിയേറ്റക്കാരെ ഉൾപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള മിഷനറിമാരുടെ ശ്രമങ്ങളിൽ പങ്കുചേരുന്നുവെന്നും പാവൊളൊ റുഫീനി പങ്കുവച്ചു. പാലങ്ങൾ പണിയുകയും മതിലുകൾ തകർക്കുകയും സാമൂഹിക ഐക്യത്തിനായി പ്രവർത്തിക്കുന്ന മാധ്യമങ്ങളാണ് നമുക്ക് വേണ്ടത് എന്ന്  സന്ദേശത്തിൽ സൂചിപ്പിച്ച പാവ്ലോ റുഫിനി ഈ ദിനങ്ങൾ കൂട്ടായ്മയുടെ സേവനത്തിൽ ആശയവിനിമയത്തിനുള്ള ഇടമാകട്ടെ എന്നാശംസിച്ച് കൊണ്ട് തന്റെ സന്ദേശം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 July 2023, 14:24