തിരയുക

പാപ്പായുടെ സമാധാന ദൂതനായി കർദ്ദിനാൾ മത്തേയൊ ത്സൂപ്പി റഷ്യയിൽ, റഷ്യൻ ഓർത്തഡോക്സ് പാത്രിയാർക്കീസ് കിറിലിനൊപ്പം പാപ്പായുടെ സമാധാന ദൂതനായി കർദ്ദിനാൾ മത്തേയൊ ത്സൂപ്പി റഷ്യയിൽ, റഷ്യൻ ഓർത്തഡോക്സ് പാത്രിയാർക്കീസ് കിറിലിനൊപ്പം  (ANSA)

കർദ്ദിനാൾ മത്തേയൊ ത്സൂപ്പിയുടെ റഷ്യ സന്ദർശനം: സമാധാനസരണി തുറക്കുക!

കർദ്ദിനൾ മത്തേയൊ മരിയ ത്സൂപ്പിയുടെ ത്രിദിന മോസ്കൊ സന്ദർശനം സമാപിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമാധാന സംസ്ഥാപനോന്മുഖ സരണികൾ തുറക്കാൻ കഴിയുന്ന മാനവികസംരംഭങ്ങൾ ആരായുക എന്നതായിരുന്നു ഫ്രാൻസീസ് പാപ്പായുടെ ശാന്തിദൂതനായി റഷ്യയിലെത്തിയ കർദ്ദിനാൾ മത്തേയൊ ത്സൂപ്പിയുടെ സന്ദർശന ലക്ഷ്യമെന്ന് പരിശുദ്ധ സിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ് വെളിപ്പെടുത്തി.

അന്നാട്ടിൽ ജൂൺ 28-30 വരെയായിരുന്നു ഇറ്റലിയിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷനായ അദ്ദേഹത്തിൻറെ സന്ദർശനം.

റഷ്യൻ ഫെഡറേഷൻറെ വിദേശ നയകാര്യവിഭാഗത്തിൻറെ ഉപാദ്ധ്യക്ഷൻ യൂറി ഉഷക്കോവ്, റഷ്യൻ ഫെഡെറേഷൻറെ പ്രസിഡൻറിൻറെ കീഴിൽ കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കമ്മീഷണർ ശ്രീമതി മരിയ വുവോവ ബവോവ എന്നിവരുമായി കർദ്ദിനാൾ ത്സൂപ്പി ഈ ത്രിദിന സന്ദർശന വേളയിൽ കൂടിക്കാഴ്ച നടത്തുകയും മാനവികമാനവും ഏറെ അഭിലഷിക്കുന്ന സമാധാനം സംജാതമാക്കേണ്ടതിൻറെ ആവശ്യകതയും ഇവരുമായുള്ള സംഭാഷണങ്ങളിൽ ഊന്നിപ്പറയുകയും ചെയ്തുവെന്നും വെള്ളിയാഴ്ച (30/06/23) പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ പ്രസ്സ് ഓഫീസ് വെളിപ്പെടുത്തി.

കർദ്ദിനാൾ ത്സൂപ്പി, മോസ്കൊയുടെയും ആകമാന റഷ്യയുടെയും പാത്രിയാർക്കീസായ റഷ്യൻ ഓർത്തോഡോക്സ് മെത്രാപ്പോലിത്ത കിറിലുമായും ഫലദായകൂടിക്കാഴ്ച നടത്തുകയും പാപ്പായുടെ ആശംസകൾ കൈമാറുകയും ശാന്തിസംദായക പരിഹാരം സുസാധ്യമാക്കിത്തീർക്കാൻ കഴിയുന്ന മാനവിക സംരംഭങ്ങളെക്കുറിച്ച് അദ്ദേഹവുമായും ചർച്ച ചെയ്യുകയും ചെയ്തു.

കൂടാതെ റഷ്യയിലെ കത്തോലിക്കമെത്രാന്മാരുമായും കൂടിക്കാഴ്ച നടത്തിയ കർദ്ദിനാൾ ത്സൂപ്പി മോസ്കൊയിലെ, ദൈവമാതാവിന് സമർപ്പിതമായ അതിരൂപതാ കത്തീദ്രലിൽ മെത്രാന്മാരും വൈദികരുമൊത്തുള്ള സാഘോഷമായ സമൂഹബലിയിൽ മുഖ്യകാർമ്മികത്വം വഹിക്കുകയും പാപ്പായുടെ സാമീപ്യവും പ്രാർത്ഥനയും പ്രാദേശിക കത്തോലിക്കാ സമൂഹത്തെ അറിയിക്കുകയും ചെയ്തു.

മാനവിക തലത്തിലും സമാധാന പാതകളുടെ അന്വേഷണതലത്തിലും ഇനിയും നടത്തേണ്ട ചുവടുവയ്പുകൾ മുന്നിൽ കണ്ടുകൊണ്ട് അദ്ദേഹം തൻറെ ഈ സന്ദർശനത്തിൻറെ ഫലങ്ങൾ മാർപ്പാപ്പായെ ധരിപ്പിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 July 2023, 13:01