തിരയുക

കർദ്ദിനാൾ പീയെത്രൊ പരോളിൻ,വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ,വത്തിക്കാൻ സംസ്ഥാന കാര്യദർശി  

കർദ്ദിനാൾ പരോളിൻ: യുദ്ധമായി പരിണമിക്കുന്ന ഭിന്നതകളും എതിർപ്പുകളും!

കർദ്ദിനാൾ പരോളിൻ ഇറ്റലിയുടെ ദേശീയ ടെലവിഷനായ റായിയുടെ (RAI) ഒന്നാം ചാനലിന് അനുവദിച്ച അഭിമുഖം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വ്യക്തികൾ തമ്മിലും സംഘങ്ങൾ തമ്മിലും രാഷ്ട്രങ്ങൾ തമ്മിലും ഭുഖണ്ഡങ്ങൾ തമ്മിലുമുള്ള ഭിന്നിപ്പുകൾക്കു മുന്നിൽ നമുക്ക് അടിയറവ് പറയാനാകില്ല എന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.

ഇറ്റലിയുടെ ദേശീയ ടെലവിഷനായ റായിയുടെ (RAI) ഒന്നാമത്തെ ചാനലിന് ആറാം തീയതി വ്യാഴാവ്ച (06/07/23) അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ശീതയുദ്ധ കാലത്തെന്നപോലെ ലോകം വീണ്ടും ഖണ്ഡങ്ങളായിത്തീരുന്ന അപകടത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചത്.

അന്താരാഷ്ട്രസമൂഹത്തിനുള്ളിൽ നിലവിലുള്ള പിളർപ്പുകളും എതിർപ്പുകളും പിരിമുറുക്കങ്ങളും അവസാനം സംഘർഷങ്ങളും യുദ്ധങ്ങളുമായി ആവിഷ്കൃതമാകുന്നു എന്ന വസ്തുതയിൽ കർദ്ദിനാൾ പരോളിൻ ആശങ്ക പ്രകടിപ്പിച്ചു.

ആണവയുദ്ധം എന്ന മഹാ വിപത്തിനെക്കുറിച്ചും സൂചിപ്പിച്ച അദ്ദേഹം ഇന്ന് അണുവായുധങ്ങൾ കൈവശമുള്ള നാടുകളുടെ സംഖ്യ 9 ആണെന്നും, ഈ ആയുധശേഖരം കുറച്ചുകൊണ്ടുവരുന്നതിനു പകരം വർദ്ധമാനമാക്കുന്ന പ്രവണതയാണ് കാണുന്നതെന്നും പറഞ്ഞു.

അണുവായുധം കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും മനുഷ്യനെയും ലോകത്തെയും നശിപ്പിക്കലാകയാൽ അത് അധാർമ്മികം ആണെന്ന സഭയുടെയും പാപ്പായുടെയും വ്യക്തമായ നിലപാട് കർദ്ദിനാൾ പരോളിൻ ആവർത്തിച്ചു.

ഉക്രൈയിനിൽ സമാധാനം സംസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇറ്റലിലെ കത്തോലിക്കാ മെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷന കർദ്ദിനാൾ മത്തേയൊ മരിയ ത്സൂപ്പി മോസ്കൊയിൽ പാപ്പായുടെ സമാധാനദൂതനായി എത്തിയതിനെക്കുറിച്ചു പരാമർശിച്ച കർദ്ദിനാൾ പരോളിൻ യുദ്ധത്തടവുകാരുടെ കൈമാറ്റം, റഷ്യയിലേക്കു കൊണ്ടുപോയിരിക്കുന്ന ഉക്രൈയിൻകാരായ കുട്ടികളെ തരിച്ചെത്തിക്കൽ തുടങ്ങിയ മാനവികകാര്യങ്ങളിലൂന്നിയതായിരുന്നു ഈ സന്ദർശനമെന്ന് വിശദീകരിച്ചു. ഉക്രൈയിൻ ജനതയ്ക്കു വേണ്ടത് നീതിപൂർവ്വകമായ സമാധാനം ആണെന്ന് അദ്ദേഹം ആവർത്തിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 July 2023, 15:52