തിരയുക

‘സ്‌പേയ്‌ സാറ്റല്ലെസ്’ ബഹിരാകാശത്തേക്ക് ‘സ്‌പേയ്‌ സാറ്റല്ലെസ്’ ബഹിരാകാശത്തേക്ക് 

പ്രത്യാശയുടെ സന്ദേശവുമായി ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു

ഫ്രാൻസിസ് പാപ്പായുടെ പ്രത്യാശാ ചിന്തകൾ ഉൾക്കൊള്ളുന്ന നാനോഗ്രന്ഥവുമായി പുതിയ ഉപഗ്രഹം ‘സ്‌പേയ്‌ സാറ്റല്ലെസ്’ ബഹിരാകാശത്തേക്ക് പറന്നുയർന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ലോകമെമ്പാടും  പ്രത്യാശയുടെ സന്ദേശം പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസിസ് പാപ്പായുടെ പ്രത്യാശാ ചിന്തകൾ ഉൾക്കൊള്ളുന്ന ഒരു നാനോഗ്രന്ഥവുമായി പുതിയ ഉപഗ്രഹം സ്‌പേയ്‌ സാറ്റല്ലെസ് കാലിഫോർണിയയിലെ വാണ്ടൻബർഗ് വിക്ഷേപണകേന്ദ്രത്തിൽ നിന്നും ബഹിരാകാശത്തേക്ക്  പറന്നുയർന്നു.  ദൗത്യം വിജയകരമായിരുന്നുവെന്ന് ശാസ്ത്രജ്ഞർ എടുത്തു പറഞ്ഞു. ഉപഗ്രഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ക്യൂബ്സാറ്റിന്റെ ഭ്രമണപഥത്തിൽ സ്ഥാപിക്കുവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

നാനോഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ആശയം; നിങ്ങൾ എന്തിനാണ് ഭയപ്പെടുന്നത്, നിങ്ങൾക്ക് ഇനിയും വിശ്വാസമില്ലേ? എന്നതാണ്. വത്തിക്കാൻ മാധ്യമവിഭാഗ ഡിക്കസ്റ്ററിയുടെ ആഭിമുഖ്യത്തിൽ ഇറ്റലിയിലെ ടൂറിൻ പോളിടെക്നിക്കിന്റെ സഹകരണത്തോടെ ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പ്രത്യാശയുടെ പ്രകടമായ അടയാളം ബഹിരാകാശത്തു സ്ഥാപിക്കുന്നതു വഴി ഭൂമിയിൽ സാഹോദര്യത്തിന്റെയും, പങ്കുവയ്ക്കലിന്റെയും കൂടുതൽ ഫലങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ദൗത്യത്തിൽ സഹകാരികളായ എല്ലാവരും.2020 മാർച്ചുമാസം ഇരുപത്തിയേഴാം തീയതി ഫ്രാൻസിസ് പാപ്പാ നടത്തിയ പ്രത്യാശയിലേക്കുള്ള ക്ഷണം ഉൾക്കൊണ്ടുകൊണ്ടാണ് ഈ ദൗത്യത്തിനായി ശാസ്ത്രലോകം മുൻപോട്ടു വന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 June 2023, 13:21