തിരയുക

ഫ്രാൻസിസ് പാപ്പായും ബ്രസീൽ പ്രസിഡന്റ് ലൂലയും ഫ്രാൻസിസ് പാപ്പായും ബ്രസീൽ പ്രസിഡന്റ് ലൂലയും  (Vatican Media)

ബ്രസീൽ പ്രസിഡന്റ് ലുല വത്തിക്കാനിൽ

ബ്രസീലിന്റെ പ്രസിഡന്റ് ലുലയെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചുവെന്നും ഇരുവരും തമ്മിൽ ഹൃദ്യപരമായ ഒരു കണ്ടുമുട്ടലാണ് നടന്നതെന്നും വത്തിക്കാൻ പ്രസ് ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ബ്രസീലിന്റെ പ്രസിഡന്റ് ലൂയിസ് ഇജ്ഞാസിയോ ലുല ദാ സിൽവയ്ക്ക് ജൂൺ 21 ബുധനാഴ്ച ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ ഒരു കൂടിക്കാഴ്ച അനുവദിച്ചുവെന്നും, ഇരുവരും തമ്മിൽ സൗഹാർദ്ദപരമായ സംഭാഷണമാണ് ഉണ്ടായതെന്നും വത്തിക്കാൻ പ്രസ് ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലെ പൊതുകാര്യവിഭാഗത്തിന്റെ തലവൻ ആർച്ച്ബിഷപ് എഡ്ഗാർ പേഞ്ഞാ പാറയുമായും പ്രസിഡന്റ് ലൂല കൂടിക്കാഴ്ച നടത്തി.

ഫ്രാൻസിസ് പാപ്പായുടെ വസതിക്ക് സമീപമുള്ള പോൾ ആറാമൻ ഹോളിനോട് ചേർന്നുള്ള ഒരു ശാലയിൽ വച്ച് നടന്ന ഈ കൂടിക്കാഴ്ചയിൽ, ബ്രസീലും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള നല്ല ബന്ധത്തിൽ ഇരുകൂട്ടരും സംതൃപ്തി രേഖപ്പെടുത്തി. ധാർമ്മിക മൂല്യങ്ങളുടെയും പൊതുനന്മയുടെയും ഉന്നമനത്തിനായി സഭയും ഭരണകൂടവും തമ്മിൽ നല്ല സഹകരണത്തോടെ മുന്നേറുന്നു എന്നത് സംഭാഷണങ്ങളിൽ വിഷയമായി.

തെക്കനമേരിക്കൻ പ്രദേശത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള ഇരുകൂട്ടരുടെയും കാഴ്ചപ്പാടുകൾ പരിശുദ്ധ സിംഹാസനവും ബ്രസീലും പങ്കുവച്ചു. സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും വളർച്ചയ്ക്കായുള്ള പ്രോത്സാഹനം, ദാരിദ്ര്യത്തിനും അസമത്വങ്ങൾക്കും എതിരായുള്ള പോരാട്ടം, തദ്ദേശീയ ജനതകളുടെ നേർക്കുള്ള പരിഗണന, പരിസ്ഥിതി സംരക്ഷം തുടങ്ങിയ പൊതുതാല്പര്യമുള്ള വിഷയങ്ങളിലും ആശയകൈമാറ്റം നടന്നുവെന്ന് ജൂൺ 21 ബുധനാഴ്ച പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് പുറത്തുവിട്ട പത്രക്കുറിപ്പ് വ്യക്തമാക്കി.

ജൂൺ 21 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.25-നാണ് ബ്രസീൽ പ്രസിഡന്റ് ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കായി എത്തിയത്. ചർച്ചകൾക്കൊടുവിൽ ഇരു കൂട്ടരും പരസ്പരം സമ്മാനങ്ങൾ കൈമാറി. വർഷങ്ങളായി പരസ്പരം അറിയുന്ന ഇരുവരും തമ്മിൽ സൗഹൃദപരമായ അന്തരീക്ഷത്തിലാണ് കൂടിക്കാഴ്ച നടന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ജൂൺ 2023, 16:27