തിരയുക

ഉപദേശകസമിതി അംഗങ്ങൾ ഫ്രാൻസിസ് പാപ്പായോടൊപ്പം ഉപദേശകസമിതി അംഗങ്ങൾ ഫ്രാൻസിസ് പാപ്പായോടൊപ്പം  

പാപ്പായുടെ ഉപദേശകസമിതിയുടെ സമ്മേളനം അവസാനിച്ചു

ജൂൺ മാസം 26 ,27 തീയതികളിൽ പാപ്പായുടെ ഉപദേശകസമിതിയിൽ അംഗങ്ങളായ ഒൻപതു കർദിനാളന്മാർ പാപ്പായുടെ സാന്നിധ്യത്തിൽ സമ്മേളിക്കുകയും, സഭയുടെ വിവിധ മാനങ്ങളിന്മേൽ ചർച്ചകൾ നടത്തുകയും ചെയ്തു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

ഫ്രാൻസിസ് പാപ്പാ നിയോഗിച്ച ഒൻപതു കർദിനാളന്മാർ ഉൾപ്പെടുന്ന ഉപദേശക സമിതിയുടെ സമ്മേളനം ഈ മാസം 26 ,27 തീയതികളിൽ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായുടെ അധ്യക്ഷതയിൽ നടന്നു. സഭയുടെ വിവിധ വിഷയങ്ങളിന്മേൽ ചർച്ചകൾ നടത്തുകയും, വേണ്ട നിർദ്ദേശങ്ങൾ ഉരുത്തിരിയുകയും ചെയ്തു. 

അപ്പസ്തോലിക പ്രമാണരേഖയായ 'പ്രെഡിക്കാത്തെ എവാൻജേലിയും' മുൻപോട്ടുവച്ച നിർദ്ദേശങ്ങൾ രൂപതാ കൂരിയാകളിൽ നടപ്പിൽ വരുത്തുവാനുള്ള ആദ്യ നടപടികളെ കർദിനാൾ ജാൻഫ്രാൻകോ ഗിർലാൻഡ വിശദീകരിച്ചു.ഭരണഘടനയുടെ ആത്മാവും, തത്വങ്ങളും, മാനദണ്ഡങ്ങളും ശരിയായ രീതിയിൽ രൂപതകളിൽ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനുള്ള മാർഗങ്ങളും സംഘം ചർച്ച ചെയ്തു.

ഒക്ടോബറിൽ നടക്കുന്ന സിനഡാലിറ്റിയെ പറ്റിയുള്ള സിനഡിനെ പരാമർശിച്ചുകൊണ്ട് കർദിനാൾ മാരിയോ ഗ്രെക്ക് സമകാലികവിവരങ്ങൾ പങ്കുവയ്ക്കുകയും, എപ്രകാരം അതിനായുള്ള ഒരുക്കങ്ങൾ നടക്കുന്നുവെന്ന് വിശദീകരിക്കുകയും ചെയ്തു.

തുടർന്ന് മെയ് മാസം നടന്ന  പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനുള്ള കമ്മീഷൻ പ്ലീനറിയെക്കുറിച്ച് കർദ്ദിനാൾ ഒമാലി വിവരങ്ങൾ പങ്കുവച്ചു. ഇതിനായി സഭയിലുടനീളമുള്ള ചട്ടങ്ങളും സമ്പ്രദായങ്ങളും പരിഷ്കരിക്കുന്നതിനുള്ള കമ്മീഷന്റെ പ്രവർത്തനവും, അങ്ങനെ എല്ലാ രൂപതകളിലും ശിശു സംരക്ഷണ സംവിധാനങ്ങൾ ഫലപ്രദമാക്കുന്നതിനുള്ള പരിശ്രമങ്ങളും കർദിനാൾ വിശദീകരിച്ചു.

ഉക്രൈനിൽ നടക്കുന്ന യുദ്ധത്തിന്റെ ഭീകരതയും,അത് സൃഷ്ടിക്കുന്ന മാനുഷിക, സാമൂഹിക, സാമ്പത്തിക തകർച്ചകളും യോഗം ചർച്ച ചെയ്തു. പാപ്പായുടെ ഉപദേശകസമിതിയുടെ അടുത്ത യോഗം ഈ വർഷം ഡിസംബറിൽ കൂടാനും തീരുമാനിക്കപ്പെട്ടു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 June 2023, 21:30