വത്തിക്കാൻ വാർത്താവിനിമയ വിഭാഗവും നവീകരണത്തിന്റെ വഴിത്തിരിവും: അനുവാചക ഹൃദയങ്ങളിലേക്ക്
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
വത്തിക്കാൻ വാർത്താവിനിമയ വിഭാഗത്തിന്റെ പുതിയ ചുവടുവയ്പുകളെ എടുത്തു കാണിക്കുന്ന "കൗൺസിലിൽനിന്നും വെബിലേക്ക്.വത്തിക്കാൻ വാർത്താവിനിമയ വിഭാഗവും നവീകരണത്തിന്റെ വഴിത്തിരിവും" എന്ന ആന്ജെലോ ഷെൽസോയുടെ ഇറ്റാലിയൻ ഭാഷയിലുള്ള പുസ്തകം ജൂൺ മാസം പതിമൂന്നാം തീയതി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. പതിറ്റാണ്ടുകളായി വത്തിക്കാൻ മാധ്യമരംഗത്ത് ഉത്കൃഷ്ടമായ സേവനം ചെയ്ത വ്യക്തിയാണ് ഗ്രന്ഥകാരൻ.
രണ്ടാം വത്തിക്കാൻ കൗൺസിൽ മുതൽ ഇന്ന് വരെ മാധ്യമലോകത്ത് വത്തിക്കാൻ നടത്തിയ പരിവർത്തനങ്ങൾ എടുത്തുകാണിക്കുന്നതാണ് ഈ പുതിയ ഗ്രന്ഥം.സാമൂഹ്യ മാധ്യമങ്ങളുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തോടൊപ്പം വത്തിക്കാൻ മാധ്യമ വിഭാഗം നടപ്പിലാക്കിയതും, നടപ്പിലാക്കികൊണ്ടിരിക്കുന്നതുമായ പരിഷ്കരണത്തിന്റെ വിശാലവും വ്യക്തവുമായ ഒരു പരിശോധനയാണ് സ്കെൽസോയുടെ പുസ്തകം അവതരിപ്പിക്കുന്നത്. വാർത്താവിനിമയ രംഗത്ത് സമീപ വർഷങ്ങളിൽ സംഭവിച്ച പരിവർത്തനവും പരിശുദ്ധ സിംഹാസനത്തിന്റെ ആശയവിനിമയ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളും അദ്ദേഹം വിവരിക്കുന്നു.
പുസ്തകത്തിന്റെ പ്രകാശനവേളയിൽ വത്തിക്കാൻ മാധ്യമവിഭാഗം ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ഡോ.പൗളോ റുഫിനി,ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് കർദിനാൾ മാരിയോ സൂപ്പി,മുൻ വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി, മറ്റു മാധ്യമനേതാക്കളും പങ്കെടുത്തു ആശംസകൾ അർപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: