തിരയുക

ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശുപത്രിവൃത്തങ്ങൾ അറിയിക്കുന്നു ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശുപത്രിവൃത്തങ്ങൾ അറിയിക്കുന്നു 

ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട രീതിയിൽ തുടരുന്നു

ജൂൺ 7-നു ഓപ്പറേഷന് വിധേയനായ ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട രീതിയിൽ തുടരുന്നുവെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

റോമിലെ ജെമെല്ലി ആശുപത്രിയിൽ ജൂൺ 7 ബുധനാഴ്ച ഓപ്പറേഷന് വിധേയനായ ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതി പൊതുവെ നല്ല രീതിയിൽ തുടരുന്നു. പാപ്പാ ബുദ്ധിമുട്ടുകളില്ലാതെ ഉറങ്ങി വിശ്രയിച്ചുവെന്നും, പരിശുദ്ധ പിതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുവെന്നും വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു. ജൂൺ 8-ന് ഉച്ചയ്ക്ക് നൽകിയ പത്രക്കുറിപ്പിലൂടെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വത്തിക്കാൻ പത്രം ഓഫീസ് മേധാവി മത്തെയോ ബ്രൂണി അറിയിച്ചത്.

ഇന്ന് നടത്തിയ പരിശോധനകളിൽ പ്രത്യേക ബുദ്ധിമുട്ടുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും, സാധാരണയായി ഓപ്പറേഷന് ശേഷമുള്ള വിശ്രമം ഇന്നും പാപ്പാ തുടരുമെന്നും പത്രക്കുറിപ്പിലൂടെ പ്രെസ് ഓഫീസ് വ്യക്തമാക്കി. യന്ത്രോപകരണങ്ങളുടെ സഹായമില്ലാതെ തനിയെ ശ്വസിക്കാൻ പപ്പയ്ക്ക് സാധിക്കുന്നുണ്ടെന്നും, അദ്ദേഹം തിരികെ ബോധാവസ്ഥയിലേക്ക് നേരത്തെ തന്നെ എത്തിയെന്നും ത്തെയോ ബ്രൂണി വിശദീകരിച്ചു.

ഫ്രാൻസിസ് പാപ്പായുടെ സൗഖ്യത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ സന്ദേശങ്ങൾ പാപ്പായെ അറിയിച്ചുവെന്നും, അവയ്ക്ക് നന്ദി പറഞ്ഞ പാപ്പാ, തനിക്കുവേണ്ടി തുടർന്നും പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടുവെന്നും പത്രക്കുറിപ്പിലൂടെ വത്തിക്കാൻ അറിയിച്ചു.

മുൻവർഷങ്ങളിൽ നടത്തിയ ഓപ്പറേഷനുകൾ അവശേഷിപ്പിച്ച പാടുകൾ മൂലം ഉണ്ടായ അസ്വസ്ഥതകൾ കാരണം ഹെർണിയ ശാസ്ത്രക്രിയയ്ക്കാണ് പരിശുദ്ധ പിതാവ് വിധേയനായതെന്ന് ജൂൺ 7-ന് നടന്ന ഓപ്പറേഷന് ശേഷം ജെമെല്ലി ആശുപത്രിയിൽനിന്ന്, ഈ ഓപ്പറേഷന് മേൽനോട്ടം വഹിച്ച പ്രൊഫസർ സെർജിയോ ആൽഫിയേരി വ്യക്തമാക്കിയിരുന്നു. ഇതിനായി നടന്ന പ്ലാസ്റ്റിക് സർജറിയിലൂടെ നിലവിലെ തകരാറുകൾ പരിഹരിച്ചതായും പരിശുദ്ധ പിതാവ് ഓപ്പറേഷനോട് നല്ല രീതിയിൽ പ്രതികരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 June 2023, 16:02