തിരയുക

കർദ്ദിനാൾ മത്തേയോ സ്സൂപ്പി കർദ്ദിനാൾ മത്തേയോ സ്സൂപ്പി 

പാപ്പായുടെ സമാധാനഹ്വാനവുമായി കർദ്ദിനാൾ സൂപ്പി മോസ്‌കോയിൽ

റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സമാധാനസ്ഥാപനത്തിനുള്ള ഫ്രാൻസിസ് പാപ്പായുടെ പരിശ്രമങ്ങളുടെ ഭാഗമായി ജൂൺ 28-29 തീയതികൾ നീളുന്ന ദ്വിദിനസന്ദർശനത്തിനായി കർദ്ദിനാൾ മത്തേയോ സൂപ്പി റഷ്യയിലെത്തി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സമാധാനഹ്വാനവുമായി പരിശുദ്ധപിതാവിന്റെ നാമത്തിൽ റഷ്യയിലെത്തിയ ബൊളോഞ്ഞ അതിരൂപതാധ്യക്ഷൻ കർദ്ദിനാൾ മത്തേയോ സൂപ്പിയുടേത്, സമാധാനസ്ഥാപനത്തിനായി സഹായിച്ചേക്കാവുന്ന എല്ലാ മാനവികപരിശ്രമങ്ങളെയും തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണെന്ന് റഷ്യയിലേക്കുള്ള അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ് ജ്യോവന്നി ഡാനിയെല്ലോ പത്രപ്രവർത്തകരോട് വ്യക്തമാക്കിയതായി വത്തിക്കാൻ പ്രെസ് ഓഫീസ് വിശദീകരിച്ചു. മോസ്കോയിലേക്കുള്ള കർദ്ദിനാൾ സൂപ്പിയുടെ ദ്വിദിന സന്ദർശനത്തെക്കുറിച്ച് ജൂൺ 29-ന് നൽകിയ പത്രക്കുറിപ്പിലൂടെയാണ്, റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പരിശുദ്ധ സിംഹാസനം നടത്തിവരുന്ന സമാധാനശ്രമങ്ങളെക്കുറിച്ച് പത്രക്കുറിപ്പിലൂടെ വത്തിക്കാൻ പ്രതിപാദിച്ചത്.

പാപ്പായുടെ ഈ പരിശ്രമങ്ങൾ ഏവരും ആഗ്രഹിക്കുന്ന സമാധാനത്തിലേക്ക് നമ്മെ നയിക്കുമെന്ന് വത്തിക്കാൻ പ്രതീക്ഷ പ്രകടിപ്പിച്ചു..

ജൂൺ 28 ബുധനാഴ്ച, റഷ്യൻ പ്രെസിഡന്റിന്റെ വിദേശകാര്യഉപദേശകനായ യൂറി ഉഷാകോവുമായി ഉണ്ടായ കൂടിക്കാഴ്ചയിൽ കർദ്ദിനാൾ സൂപ്പി സമാധാനസ്ഥാപനത്തിനുവേണ്ടിയുള്ള പാപ്പായുടെ പരിശ്രമങ്ങളെക്കുറിച്ച് സംസാരിച്ചതായി പരിശുദ്ധ സിംഹാസനം അറിയിച്ചു.

ജൂൺ 29 വ്യാഴാഴ്ച വത്തിക്കാൻ പ്രതിനിധി, കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള കമ്മീഷനർ ശ്രീമതി ബെലോവയുമായും, പരിശുദ്ധ പാത്രിയർക്കാ കിറിലുമായും സമാധാനമെന്ന ലക്‌ഷ്യം മുന്നോട്ടുവച്ച് കൂടിക്കാഴ്ച നടത്തി.

വ്യാഴാഴ്ച വൈകുന്നേരം ദൈവമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽവച്ച്, കത്തോലിക്കാ സമൂഹവുമായി കർദ്ദിനാൾ സൂപ്പി കൂടിക്കാഴ്ച നടത്തുമെന്നും, വിശുദ്ധ ബലി അർപ്പിക്കുമെന്നും വത്തിക്കാൻ പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ജനുവരി 30-ന് കർദ്ദിനാൾ സൂപ്പി റോമിലേക്ക് തിരികെയെത്തും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 June 2023, 17:54