തിരയുക

ഫ്രാൻസിസ് പാപ്പായും തവാദ്രോസ് രണ്ടാമൻ പാപ്പായും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽനിന്ന് ഫ്രാൻസിസ് പാപ്പായും തവാദ്രോസ് രണ്ടാമൻ പാപ്പായും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽനിന്ന് 

ഫ്രാൻസിസ് പാപ്പായ്ക്ക് നന്ദി പറഞ്ഞ് കോപ്റ്റിക് ഓർത്തഡോക്സ് സഭാധ്യക്ഷൻ

തങ്ങളുടെ മുൻഗാമികളുടെ പാതയിൽ ഐക്യത്തിന്റെ ഉന്നതമൂല്യങ്ങൾ വളർത്തിയെടുക്കുക എന്ന ഉദ്ദേശം മുൻനിറുത്തി പരസ്പര കൂടിക്കാഴ്ചയ്ക്കായി തന്നെ ക്ഷണിച്ചതിന് ഫ്രാൻസിസ് പാപ്പായ്ക്ക് നന്ദി പറഞ്ഞ് കോപ്റ്റിക് ഓർത്തഡോക്സ് സഭാധ്യക്ഷൻ തവാദ്രോസ് രണ്ടാമൻ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പോൾ ആറാമൻ പാപ്പായും കോപ്റ്റിക് ഓർത്തഡോക്സ് സഭാ മുൻ അധ്യക്ഷൻ ഷെനൗദ മൂന്നാമൻ പാപ്പായും തമ്മിൽ 1973-ൽ നടന്ന കണ്ടുമുട്ടലിന്റെയും, 2013-ൽ ഫ്രാൻസിസ് പാപ്പായും കോപ്റ്റിക് ഓർത്തഡോക്സ് സഭാധ്യക്ഷൻ തവാദ്രോസ് രണ്ടാമനും തമ്മിൽ നടന്ന കണ്ടുമുട്ടലിന്റെയും വാർഷികത്തിൽ, ഫ്രാൻസിസ് പാപ്പായുടെ ക്ഷണമനുസരിച്ച് വത്തിക്കാനിലെത്തിയ കോപ്റ്റിക് ഓർത്തഡോക്സ് സഭാധ്യക്ഷൻ, അപ്പസ്തോലന്മാർ സുവിശേഷപ്രഘോഷണം നടത്തിയ റോമിന്റെ മണ്ണിൽ വീണ്ടും എത്താൻ സാധിച്ചതിന് പാപ്പായ്ക്ക് നന്ദി പറഞ്ഞു. ഈജിപ്തിൽ വചനമറിയിച്ച മർക്കോസും റോമിൽ വസിച്ചിട്ടുണ്ടെന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു.

സ്നേഹം തന്നെയായ ദൈവത്തോടുള്ള ബന്ധത്തിൽ വളർന്നുവരുന്നതനുസരിച്ച് പരസ്പരബന്ധത്തിലും നാം വളരുന്നുണ്ടെന്ന് തവാദ്രോസ് രണ്ടാമൻ പാപ്പാ തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. ദൈവം കേന്ദ്രബിന്ദുവായുള്ള ഒരു ലോകത്തെയാണ് താൻ കാണുന്നതെന്ന് പറഞ്ഞ അദ്ദേഹം, ദൈവപ്രകാശത്തോട് അടുക്കുന്തോറും, നാം വ്യക്തികൾ തമ്മിലുള്ള സ്നേഹത്തിൽക്കൂടിയാണ് വളരുന്നതെന്ന് വ്യക്തമാക്കി.

ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക ലേഖനം "പ്രെദിക്കാത്തെ എവഞ്ചേലിയും", എല്ലാ മനുഷ്യരോടുമുള്ള ശ്രദ്ധയും പരിഗണനയുമാണ് എടുത്തു കാട്ടുന്നതെന്ന് അഭിപ്രായപ്പെട്ട കോപ്റ്റിക് ഓർത്തഡോക്സ് സഭാധ്യക്ഷൻ, ആ ലേഖനം എല്ലാ മനുഷ്യരോടും സ്നേഹത്തോടെയുള്ള വിശ്വാസയാത്രയുടെ അടയാളം കൂടിയാണെന്ന് ഓർമ്മിപ്പിച്ചു.

വിശ്വാസത്തിന് ജൻമം നൽകുകയും, അതിനെ പൂർത്തീകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന യേശുവിലേക്ക് കണ്ണുനട്ടുള്ള ഒരു സ്നേഹത്തിന്റെ യാത്രയാണ് ഇരുസഭകളും തമ്മിലുള്ള സംവാദങ്ങൾ എന്ന് തവാദ്രോസ് രണ്ടാമൻ പാപ്പാ എടുത്തുപറഞ്ഞു.

സഭയെ എന്നും ഉറച്ചതായി നിലനിറുത്തട്ടെയെന്ന് ഒരുമിച്ച് പ്രാർത്ഥിക്കാമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 May 2023, 15:41