തിരയുക

ഫാ. ലൂയിജി സബറേസെ ഫാ. ലൂയിജി സബറേസെ 

വത്തിക്കാൻ വികാരിയേറ്റിൽ ദുർബലവിഭാഗങ്ങളുടെ സംരക്ഷണത്തിനായി ഫാ. സബറേസെ നിയമിതനായി

തെക്കൻ ഇറ്റലിയിലെ സലേർണോ നഗരത്തിൽനിന്നുള്ള ഫാ. ലൂയിജി സബറേസെയെ വത്തിക്കാൻ വികാരിയാത്തിൽ കുട്ടികളുടെയും ദുർബലവിഭാഗങ്ങളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ റഫറൻസ് വ്യക്തിയായി കർദ്ദിനാൾ മൗറോ ഗമ്പെത്തി നിയമിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഫ്രാൻസിസ് പാപ്പാ നൽകിയ മോത്തു പ്രോപ്രിയോ, നിയമമനുസരിച്ച്, പ്രായപൂർത്തിയാകാത്തവരും ദുർബലരുമായ ആളുകളുടെ സംരക്ഷണത്തിനായി, വത്തിക്കാൻ സഭാ കോടതിയിലെ ജുഡീഷ്യൽ വികാരിയും, ഉർബാനിയൻ യൂണിവേഴ്സിറ്റിയിലെ കാനോനികനിയമവിഭാഗത്തിന്റെ ഡീനുമായ ഫാ. ലൂയിജി സബറേസെയെ, പരിശുദ്ധ പിതാവിനാൽ വത്തിക്കാനുവേണ്ടി നിയമിക്കപ്പെട്ട വികാരി ജെനറൽ കർദ്ദിനാൾ മൗറോ ഗമ്പെത്തി നിയോഗിച്ചു.

പ്രായപൂർത്തിയാകാത്തവരും ദുർബലവിഭാഗങ്ങളും അടങ്ങുന്ന സമൂഹത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ നൽകിയിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ വത്തിക്കാൻ വികാരിയാത്തിൽ നടപ്പിലാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായാണ് ഫാ. സബറേസെ നിയമിതനായിരിക്കുന്നതെന്ന് ഫെബ്രുവരി 8 ബുധനാഴ്ച വത്തിക്കാൻ വികാരിയാത്തിൽ നിന്ന് പുറത്തുവിട്ട ഒരു പ്രസ്താവന വ്യക്തമാക്കി. വത്തിക്കാൻ വികാരിയാത്തിന്റെ പരിധിക്കുള്ളിൽ, ഈ സമൂഹത്തിന്റെ അവകാശങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് ബോധവാന്മാരായിരിക്കുന്നതിനും, അവർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങളോ ചൂഷണമോ ഉണ്ടാകാതിരിക്കാനും, പ്രത്യേകിച്ച് അജപാലനരംഗത്തേക്ക് പ്രവേശിക്കുന്നവർക്ക് ശരിയായ പരിശീലനം നൽകുന്നതിനുമായാണ് ഈ നിയമനം. മാത്രവുമല്ല, ഇത്തരത്തിലുള്ള ആളുകൾ ഏതെങ്കിലും അതിക്രമങ്ങൾ നേരിടേണ്ടിവന്നാൽ അവരെ സഹായിക്കുക എന്ന ചുമതലയും ഫാ. സബറേസെക്കായിരിക്കും.

തെക്കൻ ഇറ്റലിയിലെ സലേർണോ നഗരത്തിൽ 1962 ഡിസംബർ 7-നു ജനിച്ച ഫാ. സബറേസെ 1989 ഓഗസ്റ്റ് 5-നാണ് വൈദികനായി അഭിഷിക്തനായത്.

അപ്പസ്തോലിക് സിഞ്ഞത്തൂര എന്ന സഭയുടെ ഉന്നത കോടതിയിലെ ലീഗൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 February 2023, 16:21