ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായുടെ മൃതസംസ്കാരച്ചടങ്ങുകൾ അവസാനിച്ചു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
1927 ഏപ്രിൽ 16-ന് ജർമനിയിലെ പാസൗ രൂപതയുടെ കീഴിലുള്ള മാർക്റ്റിൽ ആം ഇൻ എന്ന സ്ഥലത്ത് ജനിച്ച ജോസഫ് റാറ്റ്സിങ്ങർ, 1951 ജൂൺ 29-ന് പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. 1977 മാർച്ച് 25-ന് പോൾ ആറാമൻ പാപ്പാ അദ്ദേഹത്തെ മ്യുണിക്ക് ഫ്രയ്‌സിംഗ് അതിരൂപതാധ്യക്ഷനായി തിരഞ്ഞെടുത്തു. അതെ വർഷം മെയ് 28-നായിരുന്നു മെത്രാഭിഷേകചടങ്ങുകൾ. 1977 ജൂൺ 27-ന് പാപ്പാ മോന്തീനി അദ്ദേഹത്തെ കർദ്ദിനാൾ സ്ഥാനത്തേക്കുയർത്തി. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ മരണശേഷം 2005 ഏപ്രിൽ 19-ന് അദ്ദേഹം ബെനഡിക്ട് പതിനാറാമൻ എന്ന പേരോടെ പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു. ആഗോള കത്തോലിക്കാസഭയുടെ 265-മത്തെ പാപ്പായും വിശുദ്ധ പത്രോസിന്റെ 264-മത്തെ പിൻഗാമിയുമായ അദ്ദേഹം 2013 ഫെബ്രുവരി 28-ആം തീയതി, തന്റെ 85-ആം വയസിൽ സ്ഥാനത്യാഗം ചെയ്തതിനു ശേഷം വത്തിക്കാനിലെ “മാത്തര്‍ എക്ലേസിയേ” (Mater Ecclesiae) ഭവനത്തില്‍ താമസിച്ചുവരവെ, 2022 ഡിസംബർ 31 ശനിയാഴ്ച രാവിലെ 9.34-നാണ് ഇഹലോകവാസം വെടിഞ്ഞത്
രണ്ടാം വത്തിക്കാൻ കൗൺസിൽ പോലെ സഭയുടെ വളർച്ചയിലെ സുപ്രധാനനിമിഷങ്ങളിൽ തന്റേതായ പങ്കുവഹിക്കുവാൻ അനുഗ്രഹം ലഭിച്ച എമെരിറ്റസ് പിതാവ്, പത്രോസിന്റെ പിൻഗാമിയെന്ന സ്ഥാനത്തുനിന്ന് മാറിയത്, വ്യക്തമായ ബോധ്യങ്ങളോടെയാണ്. സഭയോടൊപ്പം, സഭയ്ക്കുവേണ്ടി ജീവിച്ച പ്രോജ്ജ്വലമായ ഈയൊരു ജീവിതത്തിനാണ് 2022-ലെ അവസാനദിനത്തിൽ തിരശീല വീണത്. ഉയർന്ന ദൈവ, തത്വശാസ്ത്ര ചിന്തകൾക്ക് ഉടമയായ ബെനഡിക്ട് പിതാവിന്റെ മരണം ലോകമെങ്ങുമുള്ള സഭാതനായർ ഏറെ വേദനയോടെയാണ് സ്വീകരിച്ചത്.
ആഴമേറിയ ചിന്തകളിലൂടെ സഭയിലും ലോകത്തിലും സുവിശേഷത്തിന്റെയും വിശ്വാസത്തിന്റെയും വെളിച്ചം പരത്തുവാൻ എന്നും പരിശ്രമിച്ച ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പിതാവ്, ആധുനിക ലോകത്തോട് ദൈവത്തെക്കുറിച്ച് പ്രഘോഷിക്കുന്നതിലൂടെ "നവയുഗത്തിന്റെ പ്രവാചകനെന്ന" സ്ഥാനത്തേക്കുയരുകയായിരുന്നു. ദൈവമനുഷ്യബന്ധത്തിൽ വിശ്വാസത്തിന്റെ വിത്ത് ആഴത്തിൽ വളരാൻ ദൈവം നൽകിയ ബെനഡിക്ട് പിതാവെന്ന അനുഗ്രഹത്തിന് നമുക്ക് നന്ദി പറയാം.
തന്റെ ജീവിതത്തിന്റെ അവസാനനിമിഷം വരെ കർത്താവിനെ സ്നേഹിച്ച്, 2022 ഡിസംബർ 31-ന് ഇഹലോകവാസം വെടിഞ്ഞ അദ്ദേഹത്തിന്റെ ഭൗതികശരീരം 2023 ജനുവരി രണ്ടാം തീയതി മുതൽ പൊതുദർശനത്തിനായി വിശുദ്ധ പത്രോസിന്റെ ബസലിക്കയിലേക്ക് കൊണ്ടുവന്നു. ദിവസം തോറും പതിനായിരക്കണക്കിന് ആളുകൾ അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. 2023 ജനുവരി അഞ്ചിന് രാവിലെ 8.50-ന് അദ്ദേഹത്തിന്റെ ഭൗതികശരീരം കബറടക്ക ശുശ്രൂഷകൾക്കായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പ്രത്യേകമായി തയ്യാറാക്കിയ ഇടത്തേക്ക് കൊണ്ടുവന്നു. തുടർച്ചയായ കരഘോഷത്തോടെയാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം എത്തിയപ്പോൾ വിശ്വാസികൾ വരവേറ്റത്. ചത്വരത്തിലുണ്ടായിരുന്ന വിശ്വാസസമൂഹം ജപമാലപ്രാർത്ഥന ചൊല്ലി പിതാവിനുവേണ്ടി പ്രാർത്ഥിച്ചു. രാവിലെ തന്നെ വിശ്വാസികളെയും സന്ദർശകരെയും കൊണ്ട് വത്തിക്കാൻ ചത്വരം നിറഞ്ഞിരുന്നു. ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘങ്ങൾ, എക്യൂമെനിക്കൽ പ്രതിനിധി സംഘം എന്നിവക്ക് പുറമെ, നിരവധി രാജ്യങ്ങളിൽനിന്നും രാഷ്ട്രാധികാരികളും, വിവിധ സഭാ പ്രതിനിധികളും ഉൾപ്പെടെ പ്രമുഖവ്യക്തികൾ ചടങ്ങുകളിൽ പങ്കെടുത്തു. നൂറുകണക്കിന് കർദ്ദിനാൾമാരുടെയും മെത്രാന്മാരുടെയും സാന്നിധ്യത്തിൽ നടന്ന ഭക്തിസാന്ദ്രമായ ചടങ്ങുകൾ ഫ്രാൻസിസ് പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിലാണ് നടന്നത്. അൾത്താരയിൽ ബലിയർപ്പണത്തിന് നേതൃത്വം നൽകിയത് കർദ്ദിനാൾ തിരുസംഘത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ ജ്യോവന്നി ബാത്തിസ്ത്ത റേയാണ്. ഇന്ത്യയിൽനിന്ന് സീറോ മലബാർ സഭാമേലധ്യക്ഷൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭാമേലധ്യക്ഷൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ, കർദ്ദിനാൾമാരായ ഓസ്വാൾഡ് ഗ്രേഷ്യസ്, ഫിലിപ് നേരി ഫെറാവോ, ആന്റണി പൂല, ഭാരതകത്തോലിക്കാ മെത്രാൻസംഘത്തിന്റെ പ്രസിഡന്റ് ആർച്ച്ബിഷപ് ആൻഡ്രൂസ് താഴത്ത്, മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വ മാർ ഇഗ്നാത്തിയോസ് എന്നിവരും ചടങ്ങുകളിൽ സംബന്ധിച്ചിരുന്നു.
ഇറ്റാലിയൻ സമയം രാവിലെ 9.30-നാണ് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണി) മൃതസംസ്കാരച്ചടങ്ങിന്റെ ഭാഗമായി അർപ്പിക്കപ്പെട്ട വിശുദ്ധ ബലി ആരംഭിച്ചത്. ലത്തീൻ ഭാഷയിൽ അർപ്പിക്കപ്പെട്ട ബലിമധ്യേ നൽകിയ സുവിശേഷപ്രഘോഷണത്തിൽ ഫ്രാൻസിസ് പാപ്പാ ക്രിസ്തു പിതാവിന്റെ ഹിതം നിറവേറ്റി, ജീവിതബലി പൂർത്തിയാക്കിയതിനെ ആസ്പദമാക്കിയാണ് സംസാരിച്ചത്. ഇതുമായി ബന്ധപ്പെട്ട്, ബെനഡിക്ട് പിതാവിന്റെ ജീവിതം എപ്രകാരമുള്ള ഒരു സമർപ്പണമായിരുന്നു എന്നതിലേക്കുകൂടിയാണ് ഫ്രാൻസിസ് പാപ്പാ വിരൽ ചൂണ്ടിയത്.
ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണം
"പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു" (ലൂക്ക 23,46). കർത്താവ് കുരിശിൽ കിടന്നുകൊണ് ഉച്ചരിച്ച അവസാനവാക്കുകളാണിവ; പിതാവിന്റെ കരങ്ങളിലേക്ക് സ്വയം നിരന്തരം സമർപ്പിച്ചിരുന്ന അവന്റെ ജീവിതം എന്തായിരുന്നു എന്ന് പൂർണ്ണമായി വെളിപ്പെടുത്താൻ കഴിവുള്ള, അവന്റെ അവസാന നിശ്വാസമായിരുന്നു ആ വാക്കുകളെന്ന് നമുക്ക് പറയാം. ക്രിസ്തുവിന്റേത് ക്ഷമയുടെയും അനുകമ്പയുടെയും, രോഗശാന്തിയുടെയും കരുണയുടെയും കരങ്ങളായിരുന്നു. അഭിഷേകത്തിന്റെയും അനുഗ്രഹത്തിന്റെയും കരങ്ങളായിരുന്ന അവ, തന്റെ സഹോദരങ്ങളുടെ കരങ്ങളിൽ തന്നെത്തന്നെ വിട്ടുകൊടുക്കാൻ അവനെ അനുവദിച്ചു. തന്റെ യാത്രയിൽ താൻ കണ്ടുമുട്ടിയ വ്യക്തികളുടെ ജീവചരിത്രങ്ങളിലേക്ക് തുറന്ന മനോഭാവമുണ്ടായിരുന്ന അവിടുന്ന്, ദൈവഹിതത്താൽ തന്നെത്തന്നെ രൂപപ്പെടുവാൻ വിട്ടുകൊടുത്തു. സ്നേഹം മൂലം തന്റെ കരങ്ങൾ മുറിവേൽപ്പിക്കപ്പെടുവോളം, സുവിശേഷത്തിന്റെ ബുദ്ധിമുട്ടുകളും അനന്തരഫലങ്ങളും അവൻ തന്റെ തോളിന്മേൽ വഹിച്ചു. വിശുദ്ധ തോമസിനോടും നാമോരോരുത്തരോടും അവൻ പറയുന്നുണ്ട്: "എന്റെ കൈകൾ കാണുക" (യോഹ. 20,27). നമ്മോടുള്ള ദൈവത്തിന്റെ സ്നേഹം നാം അറിയുവാനും, നാം അതിൽ വിശ്വസിക്കുന്നതിനും വേണ്ടി, ആ കൈകൾ നമ്മുടെ നേരെ അവൻ നീട്ടുന്നു. അവയൊരിക്കലും അവൻ പിന്നോട്ടെടുക്കുന്നില്ല (1 യോഹന്നാൻ 4:16) - (Cfr Benedict XVI, Enc. Deus caritas est, 1.).
സ്വീകാര്യമായ സമർപ്പണം
"പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു" എന്നത്, ഒരു കുശവനെപ്പോലെ (ഏശയ്യാ 29, 16) യേശുക്രിസ്തുവിന്റെ അതേ വികാരങ്ങളോടെ മിടിക്കുന്നതാക്കി ഇടയന്റെ ഹൃദയത്തെ, ഒരുക്കിയെടുക്കുവാൻ ആഗ്രഹിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു ജീവിതപദ്ധതിയും ക്ഷണവുമാണ് (ഫിലി. 2,5). കർത്താവിനും, അവന്റെ ജനത്തിനുമായുള്ള സ്വീകാര്യമായ ഈ സമർപ്പണം, സൗജന്യമായ ഒരു ദാനം (ദൈവത്തിൽനിന്നും) സ്വീകരിച്ചതിൽനിന്നും ജന്മമെടുക്കുന്നതാണ്: “നീ എന്റേതാണ്...നീ അവരുടേതാണ്”, എന്ന് കർത്താവ് മന്ത്രിക്കുന്നു; “നീ എന്റെ കരങ്ങളുടെ സംരക്ഷണത്തിന് കീഴിലാണ്, എന്റെ ഹൃദയത്തിന്റെ സംരക്ഷണത്തിന് കീഴിലാണ്. എന്റെ കരങ്ങളിൽ ആയിരിക്കുക, നിന്റെ കരങ്ങൾ എനിക്ക് നൽകുക" (Cf. BENEDICT XVI, Homily for the Chrism Mass, 13 April 2006). തന്റെ ജനത്തിന് ഭക്ഷണമാകാൻ വേണ്ടി, തന്റെ ശിഷ്യന്മാരുടെ ദുർബലങ്ങളായ കരങ്ങളിൽ സ്വയം സമർപ്പിച്ച്, അവരോടൊപ്പം, "എടുത്ത് ഭക്ഷിക്കുക, എടുത്ത് കുടിക്കുക, ഇത് നിങ്ങൾക്കായി സമർപ്പിക്കപ്പെടുന്ന എന്റെ ശരീരമാണ് (ലൂക്ക 22,19) എന്ന് പറയുന്ന ദൈവത്തിന്റെ സമ്മതവും, അവന്റെ സാമീപ്യവുമാണിത്.
പ്രാർത്ഥനയോടെയുള്ള സമർപ്പണം
തന്റെ ജീവിതാവഴികളിൽ ഒരു ഇടയൻ നേരിടേണ്ടിവരുന്ന പരീക്ഷണങ്ങൾക്കിടയിൽ (cf 1 Pt 1,6-7) രൂപപ്പെടുന്നതും ശുദ്ധീകരിക്കപ്പെടുന്നതുമായ പ്രാർത്ഥനാനിർഭരമായ സമർപ്പണവും, അജഗണത്തെ മേയ്ക്കാനുള്ള വിശ്വാസപൂർണ്ണമായ ക്ഷണവും ഉണ്ട് (cf Gv 21,17). തന്റെ നാഥനെപ്പോലെ, ജനത്തിനുവേണ്ടിയുള്ള മാധ്യസ്ഥ്യത്തിന്റെയും അഭിഷേകത്തിന്റെയും ബുദ്ധിമുട്ടുകൾ അവൻ ചുമലിൽ വഹിക്കുന്നു, പ്രത്യേകിച്ച് നന്മ നിലനിൽപ്പിനായി പോരാടുകയും, സഹോദരങ്ങൾ തങ്ങളുടെ അന്തസ്സിന് ഭീഷണി നേരിടുകയും ചെയ്യുന്നയിടങ്ങളിൽ ഇടയൻ ഭാരം വഹിക്കേണ്ടിവരുന്നു (cf Heb. 5,7-9). എന്നാൽ ഈ മാധ്യസ്ഥ്യത്തിന്റെ ഇടത്തിൽ ഇത് ഉയർത്തിയേക്കാവുന്ന തെറ്റിദ്ധാരണകൾക്കും അപ്പുറം, മനസിലാക്കാനും, അംഗീകരിക്കാനും, പ്രതീക്ഷിക്കാനും, ഉത്തരവാദിത്വം ഏറ്റെടുക്കാനും കഴിവുള്ള സൗമ്യത കർത്താവ് ഉളവാക്കുന്നു. ആരിലാണ് താൻ വിശ്വാസമർപ്പിച്ചിരിക്കുന്നത് എന്ന അറിവിൽനിന്ന് ഉണ്ടാകുന്നതാണ് അദൃശ്യവും അവ്യക്തവുമായ ഈ ഫലപ്രാപ്തി (cf 2 Tim 1,12). ഇടയന്റെ പ്രവൃത്തികളെ വ്യാഖ്യാനിക്കാനും, അവന്റെ ഹൃദയത്തെയും തീരുമാനങ്ങളെയും ദൈവത്തിന്റെ സമയവുമായി പൊരുത്തപ്പെടുത്തുവാനും സാധിക്കുന്ന പ്രാർത്ഥനാനിർഭരവും ആരാധനാത്മകവുമായ ഒരു വിശ്വാസമാണത് (cf. Jn 21:18): "അജഗണങ്ങളെ മേയ്ക്കുക എന്നാൽ സ്നേഹിക്കുക എന്നാണർത്ഥം, സ്നേഹിക്കുക എന്നാൽ സഹിക്കാനും തയ്യാറാവുക എന്നാണർത്ഥം. സ്നേഹിക്കുക എന്നാൽ, ആടുകൾക്ക് ശരിയായ നന്മ, ദൈവത്തിന്റെ സത്യത്തിന്റെ, ദൈവവചനത്തിന്റെ, അവന്റെ സാന്നിധ്യത്തിന്റെ പോഷണം, നൽകുക എന്നാണർത്ഥം" (Cf. BENEDICT XVI, Homily for the Beginning of the Pontificate, 24 April 2005).
പരിശുദ്ധാത്മാവ് താങ്ങുന്ന സമർപ്പണം
സമർപ്പണം ഇടയനിയോഗത്തിന് മുൻപേ സഞ്ചരിക്കുന്ന പരിശുദ്ധാത്മാവ് നൽകുന്ന ആശ്വാസത്താൽ ശക്തിപ്പെടുന്നതാണ്. കർത്താവ് നമ്മുടെ പിതാക്കന്മാരോടും അവരുടെ സന്തതികളോടും എന്നന്നേക്കുമായി ചെയ്ത തന്റെ വാഗ്ദാനം പൂർത്തിയാക്കുമെന്ന ഉറപ്പിൽ (cf. Lk 1:54-55), വേദനാജനകമായ എന്നാൽ അതിക്രമിക്കുകയോ അടിമപ്പെടുത്തുകയോ ചെയ്യാത്ത, അവൻ നൽകുന്ന ശക്തമായ സമാധാനത്തിൽ, ഉറപ്പും എന്നാൽ ക്ഷമയുമുള്ള പ്രത്യാശയോടെ, മറിയത്തിനെപ്പോലെ, വിവിധ രീതികളിൽ കുരിശിന്റെ ചുവട്ടിൽ നിൽക്കുന്ന ആളുകളുടെ ഫലവത്തായ സാക്ഷ്യങ്ങളിലൂടെ സുവിശേഷത്തിന്റെ സൗന്ദര്യത്തെ (cf. Gaudete et Exsultate, 57) മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്നതിനുവേണ്ടിയുള്ള തീക്ഷണതയോടെയാണ് പരിശുദ്ധാത്മാവ് സഞ്ചരിക്കുന്നത്.
സമർപ്പണവും സ്നേഹവും
നാമും, സഭാസമൂഹമെന്ന നിലയിൽ, കർത്താവിന്റെ അന്ത്യവചനങ്ങളോടും, അവന്റെ ജീവിതം നൽകുന്ന സാക്ഷ്യത്തോടും ശക്തമായി ചേർന്നുനിന്നുകൊണ്ട്, അവന്റെ കാൽപ്പാടുകൾ പിന്തുടരാനും, നമ്മുടെ സഹോദരൻ ബെനഡിക്ട് പിതാവിനെ ദൈവപിതാവിന്റെ കരങ്ങളിൽ സമർപ്പിക്കാനും ആഗ്രഹിക്കുന്നു. കരുണയുടെ ഈ കരങ്ങൾ, അദ്ദേഹം തന്റെ ജീവിതകാലത്ത് പകരുകയും, സാക്ഷ്യം നൽകുകയും ചെയ്ത സുവിശേഷത്തിന്റെ എണ്ണയാൽ തെളിക്കപ്പെട്ട വിളക്ക് അദ്ദേഹത്തിന് കണ്ടെത്താനാകട്ടെ (cf. Mt 25:6-7).
മഹാനായ വിശുദ്ധ ഗ്രിഗറി, അജപാലനനിയമം എഴുതിയതിന് ശേഷം തനിക്ക് ആത്മീയസാന്നിധ്യം നൽകുവാൻ തന്റെ ഒരു സുഹൃത്തിനെ ക്ഷണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു: "എന്റെ ജീവിതത്തിലെ കൊടുങ്കാറ്റുകൾക്കിടയിൽ ഞാൻ മുങ്ങിപ്പോകാതെ, നിന്റെ പ്രാർത്ഥനകളാകുന്ന പലകമേൽ, നീ കാത്തുകൊള്ളുമെന്നും, എന്റെ പാപഭാരങ്ങൾ എന്നെ താഴ്ത്തുകയോ അപമാനപ്പെടുത്തുകയോ ചെയ്‌താൽ, എന്നെ ഉയർത്തുവാനായി നിന്റെ യോഗ്യതകളുടെ സഹായം നീയെനിക്ക് നൽകുമെന്നും ഉള്ള വിശ്വാസം എനിക്ക് ആശ്വാസം നൽകുന്നു". യഥാർത്ഥത്തിൽ ഒരിക്കലും താങ്ങാൻ കഴിയാത്ത ഒരു ഭാരം, തനിക്ക് ഒറ്റയ്ക്ക് കൊണ്ടുനടക്കാൻ സാധിക്കില്ലെന്ന് അറിഞ്ഞ്, തന്നെ ഭരമേല്പിച്ചിരിക്കുന്ന ജനത്തിന്റെ പ്രാർത്ഥനകൾക്കും സംരക്ഷണത്തിനും തന്നെത്തന്നെ വിട്ടുകൊടുക്കുന്ന ഒരു ഇടയന്റെ ബോധ്യമാണിത് (Cf. Ibid). ഇവിടെ ഒരുമിച്ച് കൂടിയിരിക്കുന്ന ഈ ദൈവജനം, തങ്ങളുടെ ഇടയനായിരുന്ന ആളുടെ ജീവിതം ദൈവത്തിന് സമർപ്പിക്കുന്നു. തിരുക്കല്ലറയിലെത്തുന്ന സുവിശേഷത്തിലെ സ്ത്രീകളെപ്പോലെ, നാമും ഇവിടെ നന്ദിയുടെ സുഗന്ധവും, പ്രത്യാശയുടെ തൈലവുമായി, അവനോട് ഒരിക്കൽക്കൂടി, അവസാനിക്കാത്ത സ്നേഹം പ്രകടിപ്പിക്കാനായി ഇവിടെ വന്നിരിക്കുകയാണ്. വളരെയേറെക്കാലം അദ്ദേഹം നമുക്ക് നൽകിയ അതെ അഭിഷേകത്താലും, ജ്ഞാനത്താലും, മൃദുലതയോടെയും, സമർപ്പണബോധത്തോടെയും അത് അവനു നേരെ പ്രകടിപ്പിക്കാൻ നാം ആഗ്രഹിക്കുന്നു. നമുക്ക് ഇങ്ങനെ പറയാം: പിതാവേ നിന്റെ കരങ്ങളിൽ അദ്ദേഹത്തിന്റെ ആത്മാവിനെ ഞങ്ങൾ സമർപ്പിക്കുന്നു".
ബെനഡിക്ട് പിതാവേ, മണവാളന്റെ വിശ്വസ്തസുഹൃത്തെ, നിശ്ചയമായും എല്ലായ്‌പോഴും അവന്റെ സ്വരം കേൾക്കുന്നതിലൂടെ അങ്ങയുടെ സന്തോഷം പൂർണ്ണമാകട്ടെ.
വിശുദ്ധ ബലിയർപ്പണവും കബറടക്കവും
പ്രഭാഷണത്തെത്തുടർന്ന് എമെരിറ്റസ് പാപ്പാ ബെനഡിക്ട് പതിനാറാമന്റെ ആത്മാവിനെ ദൈവപിതാവിന്റെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിച്ചുകൊണ്ടുള്ള വിശുദ്ധ ബലി ഭക്‌തസാന്ദ്രമായി തുടർന്നു.
വിശുദ്ധബലിയർപ്പണത്തിന് ശേഷം ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായുടെ ഭൗതികശരീരം പേറുന്ന പേടകം തിരികെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലേക്ക് എടുക്കപ്പെട്ടു. തദവസരത്തിൽ, "സാന്തോ സുബിത്തോ" "അദ്ദേഹത്തെ ഉടൻ വിശുദ്ധനായി പ്രഖ്യാപിക്കുക" എന്ന് വത്തിക്കാൻ ചത്വരത്തിൽനിന്ന് ആളുകളുടെ ഘോഷമുയർന്നു. കരഘോഷങ്ങളുടെ നടുവിലാണ് അദ്ദേഹത്തിന്റെ ശരീരം തിരികെ ബസലിക്കയിലേക്ക് കൊണ്ടുപോയത്.
ബസലിക്കയിലൂടെ വത്തിക്കാൻ ഗ്രോട്ടോയിലെത്തിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരമടങ്ങുന്ന പേടകത്തിനുമേൽ മൂന്ന് സീലുകൾ വയ്ക്കപ്പെട്ടു. തുടർന്ന് ഈ പേടകം സിങ്ക് കൊണ്ടുള്ള മറ്റൊരു പേടകത്തിൽ അടക്കപ്പെട്ടു. ഇത് തടിയിലുള്ള മറ്റൊരു പേടകത്തിൽ അടക്കം ചെയ്ത ശേഷമാണ് കല്ലറയിൽ അടയ്ക്കപ്പെട്ടത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായെ അടക്കം ചെയ്തിരുന്ന കല്ലറയിലാണ് ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായെയും അടക്കിയിരിക്കുന്നത്.
കത്തോലിക്കാസഭയെ ഏറെനാൾ പത്രോസിന്റെ പിൻഗാമിയായി നയിച്ച ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായുടെ വേർപാട് നൽകുന്ന ദുഃഖത്തിന്റെ വികാരങ്ങൾ ഉള്ളിൽ നിറയുമ്പോഴും, സഭയ്ക്ക് അദ്ദേഹത്തിലൂടെ നൽകിയ അനുഗ്രഹങ്ങളെ ഓർത്ത് നന്ദി നിറഞ്ഞ ഹൃദയങ്ങളോടെയാണ് പതിനായിരക്കണക്കിന് ആളുകൾ തങ്ങളുടെ രാജ്യങ്ങളിലേക്കും, നാടുകളിലേക്കും സ്വഭവനങ്ങളിലേക്കും തിരികെപ്പോയത്. ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പാ സഭയിൽ അവശേഷിപ്പിച്ച ബൗദ്ധിക, ആധ്യാത്മിക പൈതൃകത്തിന്റെ വെളിച്ചം സഭയ്ക്ക് കൂട്ടായിരിക്കട്ടെ.
പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായ്ക്കും, മറ്റു വിവിധ സഭാമേലധ്യക്ഷന്മാർക്കും കീഴിൽ സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള കത്തോലിക്കാസഭയുടെ തീർത്ഥാടനം തുടരുവാൻ ദൈവാനുഗ്രഹങ്ങൾ പ്രാർത്ഥിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: