ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ഭൗതികദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
സ്ഥാനത്യാഗം ചെയ്തതിനുശേഷം പ്രാർത്ഥനയ്ക്കായും,വിശ്രമത്തിനായും ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ തിരഞ്ഞെടുത്ത മാത്തർ എക്ലേസിയെ ആശ്രമത്തിൽ വച്ചാണ് 2022 ഡിസംബർ മാസം 31 ആം തീയതി രാവിലെ 09.34 ന് നിത്യപിതാവിന്റെ സന്നിധിയിലേക്ക് യാത്രയായത്. ആ നിമിഷം മുതൽ ലോകത്തിന്റെ പലകോണുകളിൽനിന്നും ലക്ഷക്കണക്കിന് ആളുകളാണ് ആദരാഞ്ജലികളർപ്പിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങൾ വഴി സന്ദേശങ്ങൾ അയക്കുന്നത്. എത്രമാത്രം ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ ലോകം ഹൃദയത്തിൽ സ്നേഹത്തോടെ സ്മരിച്ചിരുന്നുവെന്നതിനു തെളിവാണ് ഈ ആദരപൂർവ്വമായ ചലനങ്ങൾ.
അവസാനമായി ഒരുനോക്കുകാണുവാനും,പ്രാർത്ഥിക്കുവാനും ജീവിതത്തിന്റെ നാനാതുറകളിൽനിന്നും പതിനായിരക്കണക്കിന് ആളുകളാണ് വത്തിക്കാനിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. മൂന്നുദിവസം നീണ്ടു നിൽക്കുന്ന അന്തിമോപചാര കർമ്മങ്ങൾക്കായി ജനുവരി രണ്ടാം തീയതി രാവിലെ ഏഴുമണിക്ക് ലളിതമായ രീതിയിൽ പ്രദക്ഷിണമായി ഭൗതികശരീരം വത്തിക്കാനിലെ പത്രോസിന്റെ ബസിലിക്കക്കുള്ളിലേക്ക് കൊണ്ട് വന്നു. തുടർന്ന് ബസിലിക്കയുടെ അധിപൻ കർദിനാൾ മൗറോ ഗംബെത്തി ഹ്രസ്വമായ ഒരു പ്രാർത്ഥന നടത്തി. എല്ലാവിധമായ ഒരുക്കങ്ങൾക്ക് ശേഷം ഏകദേശം ഒൻപതു മണിയോടെ പൊതുദർശനം ആരംഭിച്ചു.
തിങ്കളാഴ്ച്ച രാവിലെ ആറു മാണി മുതലേ വത്തിക്കാൻ ചത്വരത്തിൽ അന്തിമോപചാരം അർപ്പിക്കുന്നതിനായുള്ള വിശ്വാസികളുടെ നീണ്ട നിര കാണാമായിരുന്നു.ജനുവരി 2, 3, 4 തീയതികളിലാണ് പൊതുദർശനം. രാവിലെ 7 മണിമുതൽ വൈകുന്നേരം 7 മണി വരെയാണ് പൊതുദർശനത്തിനായുള്ള സമയക്രമം. തുടർന്ന് ജനുവരി അഞ്ചാം തീയതി വ്യാഴാഴ്ച പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പായുടെ കാർമ്മികത്വത്തിൽ കബറടക്ക ശുശ്രൂഷകൾ നടക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: